വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം, ശരീരത്തിൽ സ്പർശിക്കാൻ ശ്രമം; കാലിക്കറ്റ് സർവകലാശാല ഇം​ഗ്ലീഷ് പ്രൊഫസറെ പുറത്താക്കി

2021 ജൂലൈയിലാണ് ഗവേഷണ വിദ്യാർത്ഥിനി അധ്യാപകനെതിരെ പരാതി നൽകിയത്. ആഭ്യന്തര പ്രശ്‌ന പരിഹാര സെൽ ഈ പരാതി പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:59 am IST
Edited by :migrator

കോഴിക്കോട്: ഗവേഷണ വിദ്യാർത്ഥിനിയുടെ പീഡന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകനെ പുറത്താക്കി. യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഹാരിസ് കോടമ്പുഴയെയാണ് സർവീസിൽ നിന്ന് നീക്കിയത്. ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. 

2021 ജൂലൈയിലാണ് ഗവേഷണ വിദ്യാർത്ഥിനി അധ്യാപകനെതിരെ പരാതി നൽകിയത്. ആഭ്യന്തര പ്രശ്‌ന പരിഹാര സെൽ ഈ പരാതി പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

2020 ഒക്ടോബർ മുതലുള്ള വിവിധ സംഭവങ്ങളാണ് അധ്യാപകനെതിരെ വിദ്യാർത്ഥിനി നൽകിയ പരാതിയുടെ ആധാരം. നേരിട്ടും ഫോണിലും വാട്‌സ്ആപ്പ് മുഖേനെയും ലൈംഗിക ചുവയോടെ സംസാരിച്ചതായും വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നുണ്ട്. ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നുണ്ട്. 

പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടർന്നു. തുടർന്നാണ് പരാതിയുമായി വിദ്യാർത്ഥിനി മുന്നോട്ടു വന്നത്. ഇയാൾക്കെതിരെ മറ്റ് പെൺകുട്ടികളും പരാതിയുമായി രം​ഗത്തെത്തിയിരുന്നു. 

സംഭവത്തിൽ പൊലീസ് നേരത്തെതന്നെ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ജാമ്യത്തിലാണ്. 2021 ജനുവരിയിലാണ് ഇയാൾ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്.

News Now