തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ?; മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ 12 ന് കേരളത്തിലേക്ക്

കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ / ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST
Edited by :migrator

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ഈ മാസം 12 ന് കേരളത്തില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തിലെത്തുന്നത്. സംസ്ഥാന സര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുന്ന കേന്ദ്രസംഘം തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. 

ഫെബ്രുവരി 9,10 തീയതികളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ തമിഴ്‌നാട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. കേരളത്തിന് പുറമെ, നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. 

കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ മധ്യത്തിന് മുമ്പ് വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം മൂന്നാം വാരത്തില്‍ തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്. 

പുതുച്ചേരിയില്‍ ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയ്ക്ക് പുറമെ, പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങളിലുമാണ് ഉടന്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now