ചെങ്ങന്നൂര്‍- പമ്പ പാത ഉപേക്ഷിച്ചതായി റെയില്‍വേ മന്ത്രാലയം; ചോദ്യവുമായി ബന്ധമില്ലാത്ത വിവരങ്ങളെന്ന് ബ്രിട്ടാസ്

പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികള്‍ക്കും വഴിതിരിച്ചുവിടലുകള്‍ക്കും ഇടയില്‍ നടത്തിയ ഈ വെളിപ്പെടുത്തല്‍

Centre withdraws Chengannur–Pamba Railway project as “Not Feasible”
ജോണ്‍ ബ്രിട്ടാസ്ഫെയ്‌സ്ബുക്ക്
Edited by :അമല്‍ ജോയ്
Last Updated :6 ഫെബ്രുവരി 2026, 8:10 pm IST

ന്യൂഡല്‍ഹി : നിര്‍ദിഷ്ട ചെങ്ങന്നൂര്‍- പമ്പ റെയില്‍വേ പാത പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചതായി റെയില്‍വേ മന്ത്രാലയം. പദ്ധതിയുമായി മുന്നോട്ടുപോകുന്നതായുളള ഡോ. ഇ. ശ്രീധരന്‍ അവകാശവദങ്ങള്‍ക്കിടെയാണ് പാര്‍ലമെന്റില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക മറുപടി. ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയത്തിന്റെ പ്രതികരണം.

പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികള്‍ക്കും വഴിതിരിച്ചുവിടലുകള്‍ക്കും ഇടയില്‍ നടത്തിയ ഈ വെളിപ്പെടുത്തല്‍, പദ്ധതിയുടെ ഭാവി സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിടുന്നതായി ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. മന്ത്രാലയത്തിന്റെ മറുപടി ഈ ഒളിച്ചുകളി വ്യക്തമാക്കുന്നതാണ്. ചെങ്ങന്നൂര്‍-പമ്പ പാതയെക്കുറിച്ചുള്ള കൃത്യമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം അങ്കമാലി-ശബരി പാത, ബജറ്റ് വിഹിതം, പൂര്‍ത്തിയായ പദ്ധതികള്‍, സര്‍വ്വേകള്‍, ഭൂമി ഏറ്റെടുക്കല്‍ സ്ഥിതിവിവരക്കണക്കുകള്‍ തുടങ്ങി ചോദ്യവുമായി ബന്ധമില്ലാത്ത വിവരങ്ങളാണ് മറുപടിയില്‍ നിരത്തിയത്.

ഈ വഴിതിരിച്ചുവിടലുകള്‍ക്കൊന്നും ചെങ്ങന്നൂര്‍-പമ്പ പാത ഉപേക്ഷിക്കപ്പെട്ടു എന്ന യാഥാര്‍ഥ്യത്തെ മറയ്ക്കാനാവില്ല.അങ്കമാലി-ശബരി പദ്ധതിയുടെ കാലതാമസം കേരള സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമവും മറുപടിയിലുണ്ട്. പുതുക്കിയ പദ്ധതിച്ചെലവിന്റെ 50 ശതമാനം വഹിക്കാമെന്ന് കേരളം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനായി കിഫ്ബി വഴി എടുക്കുന്ന കടം സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ നിന്നൊഴിവാക്കണം എന്ന ആവശ്യം മാത്രമാണ് കേരളം മുന്നോട്ടുവെച്ചത്. ഈ കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിക്കുന്നതിന് മുന്‍പുതന്നെ, സ്വന്തം ഫണ്ട് ഉപയോഗിച്ച് കേരളം ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് പദ്ധതിയിലുള്ള സംസ്ഥാനത്തിന്റെ ആത്മാര്‍ത്ഥത വ്യക്തമാക്കുന്നതാണ്. ഈ വസ്തുത പാര്‍ലമെന്റിലെ മറുപടിയില്‍ മനപ്പൂര്‍വം ഒഴിവാക്കിതയായും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

ബജറ്റ് വിഹിതത്തെക്കുറിച്ചും കേരളത്തിലെ പാത ഇരട്ടിപ്പിക്കല്‍ ജോലികളെക്കുറിച്ചും നിരത്തുന്ന കണക്കുകള്‍ ഒന്നും ശബരിമലയിലേക്കുള്ള പ്രത്യേക റെയില്‍ പാത എന്ന പദ്ധതി നിരാകരിച്ചതിനുള്ള മറുപടിയല്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ ഇടനാഴികളില്‍ നിന്ന് കേരളം ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടെന്ന വിശദീകരണവും ഇതിലില്ല. വിവരങ്ങള്‍ തെരഞ്ഞുപിടിച്ച് മാത്രം നല്‍കുന്ന റെയില്‍വേ മന്ത്രാലയത്തിന്റെ രീതിയും ആശങ്കാജനകമാണ്. ആകെ തുകകള്‍ വ്യക്തമാക്കുമ്പോഴും കഴിഞ്ഞ പത്തുവര്‍ഷത്തെ പദ്ധതി തിരിച്ചുള്ള കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്താന്‍ മന്ത്രാലയം തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി പിങ്ക് ബുക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയതോടെ, പദ്ധതി വിഹിതം, അവയുടെ വിനിയോഗം എന്നിവ സ്വതന്ത്രമായി വിലയിരുത്താന്‍ സാധിക്കുന്ന വിശ്വസനീയമായ രേഖകളൊന്നും ഇപ്പോള്‍ ലഭ്യമല്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

News Now

Summary

Centre withdraws Chengannur–Pamba Railway project as “Not Feasible”

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates