നിരന്തരം വിവാഹാഭ്യര്‍ത്ഥന, വിസമ്മതിച്ചപ്പോള്‍ ഭീഷണി; ശൈശവ വിവാഹത്തില്‍ അച്ഛന്റെ മൊഴി പുറത്ത്; നാലുപേര്‍ക്കെതിരെ കൂടി കേസ്

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അല്‍ അമീര്‍, മൊബൈല്‍ ഫോണ്‍ നല്‍കി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST
Edited by :migrator

തിരുവനന്തപുരം: നെടുമങ്ങാട് പീഡനത്തിന് ഇരയായ പതിനാറുകാരിയെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കൂടി പൊലീസ് കേസെടുത്തു. കേസിലെ മുഖ്യപ്രതി പനവൂര്‍ സ്വദേശി അല്‍ അമീറിന്റെ സഹോദരനും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് കേസെടുത്തത്. ശൈശവ വിവാഹത്തില്‍ പങ്കെടുത്തവരേയും പ്രതി ചേര്‍ത്തു. 

നെടുമങ്ങാട് പനവൂരില്‍ ഡിസംബര്‍ 18 നായിരുന്നു ശൈശവ വിവാഹം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ ആയിരുന്ന അല്‍ അമീര്‍, കേസ് ഒഴിവാക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് പീഡിപ്പിച്ച കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു. കേസില്‍ അല്‍ അമീര്‍, വിവാഹം നടത്തിക്കൊടുത്ത ഉസ്താദ് അന്‍വര്‍ സാദത്ത്, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ നാലു മാസം മുന്‍പ് അല്‍ അമീര്‍, മൊബൈല്‍ ഫോണ്‍ നല്‍കി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. അതിനിടെ ശൈശവ വിവാഹക്കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി പുറത്തു വന്നു. നാലു മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷം നിരന്തരം വിവാഹാഭ്യാര്‍ത്ഥന നടത്തി.

വിസമ്മതിച്ചപ്പോള്‍ വാക്കേറ്റവും വഴക്കും സ്ഥിരമായി. സഹികെട്ടും ഭീഷണിയില്‍ ഭയന്നുമാണ് മകളുടെ വിവാഹം നടത്തിയതെന്നും പിതാവ് പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തിരക്കിയപ്പോഴാണ് സമീപവാസികളില്‍ നിന്നും വിവാഹക്കാര്യം അറിയുന്നത്. അല്‍  അമീര്‍ രണ്ട് പീഡന കേസിലും അടിപിടി കേസിലും പ്രതിയാണ്. അമ്മ മരിച്ചുപോയ പെണ്‍കുട്ടിയ പൊലീസ് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now