സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെ, അനുമതി ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും/ ഫയല്‍ ചിത്രം
Last Updated :20 January 2024, 8:59 am IST

News Now

തിരുവനന്തപുരം:  സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെ, അനുമതി ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കം. പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അനുമതി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പിണറായി വിജയന്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, സില്‍വര്‍ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി സജി ചെറിയാനും തമ്മിലുള്ള പോര് മുറുകുകയാണ്. വീട് സംരക്ഷിക്കാന്‍ മന്ത്രി അലൈന്‍മെന്റില്‍ മാറ്റം വരുത്തി എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിന് വില കുറഞ്ഞ അഭിപ്രായം പറയരുതെന്ന് മന്ത്രി സജി ചെറിയാന്‍ മറുപടി നല്‍കി. സില്‍വര്‍ലൈന്റെ അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ല. അലൈന്‍മെന്റില്‍ ഇതുവരെ അന്തിമ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ നേരത്തെ ഒരു അലൈന്‍മെന്റ് ഉണ്ടായിരുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും സജി ചെറിയാന്‍ ചോദിച്ചു.

'സില്‍വര്‍ലൈന്റെ അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ല'

താന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ആളാണ് തിരുവഞ്ചൂര്‍. ഇത്രയും കാര്യങ്ങള്‍ അറിയുന്ന ആള്‍ വില കുറഞ്ഞ അഭിപ്രായം പറയരുത്. സാറ്റലൈറ്റ് വഴിയാണ് അലൈന്‍മെന്റ് തയ്യാറാക്കുന്നത്. അല്ലാതെ താനല്ല അലൈന്‍മെന്റ് തീരുമാനിക്കുന്നത്. കൂടാതെ അലൈന്‍മെന്റില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. സാമൂഹികാഘാത പഠനം അടക്കം വിവിധ നടപടികള്‍ പൂര്‍ത്തിയായ ശേഷം അലൈന്‍മെന്റ് അന്തിമമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

തന്റെ വീടിന് മുന്നിലൂടെ അലൈന്‍മെന്റ് കൊണ്ടുവരാന്‍ തിരുവഞ്ചൂര്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി പരിഹസിച്ചു. തന്റെ വീടിരിക്കുന്ന സ്ഥലത്തിന് കോടികളുടെ വിലയുണ്ട്. ഒരു പൈസയും വേണ്ട. കെ റെയിലിനായി സൗജന്യമായി വീട് നല്‍കാന്‍ തയ്യാര്‍. തിരുവഞ്ചൂര്‍ മുന്‍കൈയെടുത്ത് പണം പാലിയേറ്റീവ് സൊസൈറ്റിക്ക് നല്‍കിയാല്‍ മതി. തന്റെ വീട് പാലിയേറ്റീവ് സൊസൈറ്റിക്ക് എഴുതിവച്ചിരിക്കുന്ന കാര്യവും മന്ത്രി അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാകൂറില്‍ യുഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. സില്‍വര്‍ലൈന്‍ സമരത്തിലൂടെ പിടിച്ചുകയറാന്‍ ശ്രമിക്കുകയാണ് യുഡിഎഫ്. അതിനായി ഇവിടത്തെ നേതാവ് എന്ന നിലയില്‍ തന്നെ വേട്ടയാടുകയാണ്. അതിന് ശേഷം ഓരോരുത്തരെയായി കൈകാര്യം ചെയ്യാനാണ് അവരുടെ പദ്ധതിയെന്നും സജി ചെറിയാന്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates