സിദ്ധിഖ് കടവത്ത് എഴുതിയ കഥ

Malayalam story
representational image created by Ai image generatorSource by : Ai image generator
Last Updated :16 October 2026, 11:46 am IST

News Now

സെയ്ദാമ്മദ് ഹോജായുടെ ഏഴാം കാലാന്തരത്തിലെ അവകാശിയും എഴുപതിനായിരം ജിന്നുകള്‍ക്ക് ഉസ്താദുമായ അവറാനുപ്പാപ്പ, ജീവിതത്തില്‍ രണ്ടാമതും കരഞ്ഞത് ഇന്നാണ്. മാര്‍ത്താണ്ടിക്കാരന്‍ ചേക്കുട്ടിയുടെ വിധവ ഇത്തല്‍മുവിന്റെ മരണമാണ് ഇത്തവണ അയാളെ കരയിച്ചതെങ്കില്‍, അതീവ സുന്ദരിയായ അവളെ പ്രായപൂര്‍ത്തിയാവോളം കൊതിയോടെയും പ്രാര്‍ത്ഥനയോടെയും കാത്തിരുന്നിട്ടും ബാപ്പ അബുല്‍ ബഷര്‍, അവളെ മറ്റൊരാള്‍ക്ക് നിക്കാഹ് ചെയ്തു കൊടുക്കുന്നു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനോ സഹിക്കാനോ കഴിയാഞ്ഞത് കൊണ്ടായിരുന്നു മുന്‍പ് കരഞ്ഞത്.

നാട്ടിലെ മുഴുവന്‍ റൂഹാനികളെയും ശൈത്താന്‍മാരെയും ചേട്ടകളെയും കെട്ടിലിടുന്ന തന്നേക്കാള്‍ എന്ത് യോഗ്യതയാണ്, വരത്തനും ചെറു തോടുകളില്‍ മുളവരമ്പ് കൊണ്ട് പൊന കെട്ടിവെച്ച് മീന്‍ പിടിക്കുകയും ചെയ്യുന്ന ചേക്കുട്ടിക്കുള്ളതെന്ന് എത്ര ആലോചിച്ചിട്ടും അവറാനുപ്പാപ്പാക്ക് അന്നും ഇന്നും പിടികിട്ടിയിട്ടില്ല.

വിവാഹ വാര്‍ത്ത അറിഞ്ഞയുടനെ അയാള്‍ പള്ളിച്ചരുവിലെ തന്റെ മുറിയിലേക്ക് ചേക്കുട്ടിയെ വിളിച്ചു വരുത്തി.

'ശൈഖുമാരുടെയെല്ലാം ശൈഖായ ഹോജാ അവര്‍കളുടെ, ഏഴാം കാലാന്തരത്തിലെ അവകാശിയായ അവറാനുപ്പാപ്പ എന്ന എന്നോട് ഇന്നലെ പകലുറക്കത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേള്‍ക്കണോ പുത്യാപ്ലെ ഇങ്ങക്ക്?'

ഊദ് പുകയുന്ന ഇടുങ്ങിയ മുറിയില്‍ ഇരിക്കാനൊരു കസേരയോ പലകയോ തേടുകയായിരുന്നു അന്നേരം അബുല്‍ ബഷര്‍. മന്ത്രിച്ച തകിട് നിറച്ച കുപ്പികള്‍ ഉപ്പാപ്പയുടെ കളിപ്പാട്ടങ്ങള്‍ പോലെ മുറിയുടെ നാലു കോണുകളിലും തൂങ്ങിയാടുന്നുണ്ടായിരുന്നു.

'ശൈത്താനിളക്കമുള്ള ഇത്തല്‍മുവിനെ ഒരു വരത്തന് കെട്ടിച്ചു കൊടുക്കരുത്, അവര്‍കള്‍ക്ക് ഇഷ്ട്ടമില്ലാത്തതിനാല്‍ ഈ നിക്കാഹ് ഒരിക്കലും നടന്നു കൂടാ പുത്യാപ്ലെ'

ഉപ്പാപ്പയുടെ മുറിയിലെ മരത്തട്ടുകളില്‍ ചിതലു തിന്നു തീരാറായ കിതാബുകള്‍ നോക്കി അബുല്‍ ബഷര്‍ ഒന്നും മിണ്ടാതെ നിന്നു. അവറാനുപ്പാപ്പ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ അബുല്‍ ബഷര്‍ ആ വാക്കുകളൊന്നും കേട്ടില്ല. ഒരേ നില്‍പ്പ് നിന്ന് കാല്‍ കഴച്ചതിനാല്‍ അബുല്‍ ബഷര്‍ അവിടെ നിന്നും ഇറങ്ങി നടന്നു. അയാള്‍ തീരുമാനിച്ച മകളുടെ നിക്കാഹ് മാറ്റമില്ലാതെ നടത്തുക തന്നെ ചെയ്തു.

'ഹോജായുടെ വാക്ക് ധിക്കരിച്ച അബുല്‍ ബഷറിനും മോള്‍ക്കും ദുരന്തങ്ങള്‍ പലതും വരാനുണ്ടെന്ന് കാണുന്നുണ്ടല്ലോ മക്കളേ' ഉറുക്കും നൂലും മന്ത്രിക്കാനും ശൈത്താന്‍ ബാധ ഒഴിപ്പിക്കാനും വരുന്നവരോടെല്ലാം ഉപ്പാപ്പ പറഞ്ഞു കൊണ്ടിരുന്നു.

ആയിടക്കാണ്, ഇടവപ്പാതി തിമര്‍ത്തു പെയ്യുന്ന നട്ടപ്പാതിരക്ക്, മീന്‍ തിന്നുന്ന കൈനായകള്‍ ആവിത്തോട്ടിലെ തന്റെ പൊനയില്‍ കയറിയെന്ന അശരീരി കേട്ട് ചേക്കുട്ടി ഉറക്കത്തില്‍ നിന്നും പിടഞ്ഞെഴുന്നേറ്റ് ഓടിയത്.

ഹോജായെന്ന വല്യുപ്പാപ്പയുടെ കോപത്തിന് താന്‍ ഇരയാകുമോയെന്ന ഉള്‍ഭയം അയാളെ വേട്ടയാടി.

ചെറുപ്പത്തിലേ നാടുവിട്ട് വര്‍ഷങ്ങളോളം എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞ് തിരിച്ചെത്തിയ അബുല്‍ ബഷറാണ് ശൈത്താനിളക്കത്തെ ചുഴലിരോഗമെന്നു പറഞ്ഞ് മകളെ കോഴിക്കോട്ടെ വലിയ ആശുപത്രിയിലേക്ക് ചികിത്സിക്കാന്‍ കൊണ്ടുപോയത്.

'എന്നിട്ടെന്തായി, ഇത്തല്‍മുവിന്റെ ഇളക്കത്തിനു കുറവുണ്ടായോ? അവളെ ഒരു വരത്തന് കെട്ടിച്ചു കൊടുത്ത് ആഴ്ചയൊന്നു തികയുന്നതിനു മുന്‍പ് പോയതല്ലേ, ആ ഊര് തെണ്ടി. പിന്നെന്തേ ഇതുവരെ വന്നീല?'

അവറാനുപ്പാപ്പയുടെ മുരീദന്മാരുടെ ആ ചോദ്യത്തിന് നാട്ടില്‍ ആര്‍ക്കുണ്ട് ഉത്തരം!

ഇളക്കത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ശൈത്താനെ പിടിച്ചു കെട്ടാന്‍ തന്റെയടുക്കലേക്ക് എത്തിക്കപ്പെടുന്നവര്‍ ഈ അടച്ചിട്ട മുറിയില്‍ മയങ്ങിത്തളര്‍ന്ന് നിലത്തു വീഴുമ്പോളാണ് കേവല വികാരങ്ങള്‍ക്കടിപ്പെട്ട വെറുമൊരു മനുഷ്യന്‍ മാത്രമാണ് താനെന്ന യാഥാര്‍ഥ്യത്തിലേക്ക് അയാളെത്തുക. എന്നാല്‍ അവരിലെ അലീമയും പാത്തുട്ടിയും നസിയത്തുമടക്കം ആരുടേതുമല്ല, ഇത്തല്‍മുവിന്റെ ഗന്ധം മാത്രമാണ് അയാളുടെ ഓര്‍മ്മയില്‍ നിറഞ്ഞു നിന്നത്. മറ്റാരില്‍ നിന്നും കിട്ടാത്ത എന്തോ ഒന്ന് അവളിലുണ്ടായിരുന്നു. അതെന്താണെന്ന് പേരിട്ടു വിളിക്കാന്‍ അയാള്‍ ഒരിക്കലും ശ്രമിച്ചില്ല. എന്നാല്‍ തന്റെ മുരീദുകളില്‍ പ്രധാനിയും അന്ധനുമായ കോയക്കുട്ടി ഉസ്താദിനോട് മാത്രം അവളെക്കുറിച്ച് പറഞ്ഞു നിര്‍വൃതി കൊണ്ടു അയാള്‍.

ഒടുവില്‍ മുടിയെല്ലാം നരച്ച്, ദേഹമാകെ കരുവാളിച്ച് ഇത്തല്‍മു ഒരു എലുമ്പിച്ച വൃദ്ധയെപ്പോലെ ആയതില്‍പ്പിന്നെയാണ്, കുറ്റബോധം അവറാനുപ്പാപ്പയെപിടികൂടിയത്.

ഹോജായെന്ന വല്യുപ്പാപ്പയുടെ കോപത്തിന് താന്‍ ഇരയാകുമോയെന്ന ഉള്‍ഭയം അയാളെ വേട്ടയാടി.

ചേക്കുട്ടിയെപ്പോലെ വലിയൊരു മനുഷ്യനായി ഇന്ന് അയാളുടെ മകന്‍ വളര്‍ന്നിരിക്കുന്നു. ഇളക്കത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലോ മറ്റോ ഇത്തല്‍മു അവനോട് സത്യങ്ങള്‍ പറഞ്ഞിട്ടുണ്ടായിരിക്കുമോ, തന്നെയൊരു യത്തീമാക്കിയല്ലേയെന്നു പറഞ്ഞ് അവനിവിടെ വന്നേക്കുമോ? ഭീതിത ചിന്തകള്‍ പലതും അയാളുടെ ദിനങ്ങളെ അസ്വസ്ഥമാക്കി.

എന്നാല്‍, ഇഫ്രീത്ത് രാജനടക്കം എഴുപതിനായിരം ജിന്നുകള്‍ കാവല്‍ നില്‍ക്കുന്നുവെന്ന് എല്ലാവരും വിശ്വസിക്കുന്ന പള്ളിക്കെട്ടിലെ തന്റെ നാലു ചുവരുകള്‍ക്കകത്തേക്ക്, അവന്‍ കടന്നുവരില്ലെന്ന് ഉപ്പാപ്പ ആശ്വസിച്ചു. എങ്കിലും, രാവും പകലും ജിന്നുകളുടെ നടുവിലാണെന്ന കള്ളക്കഥയുമായി അവറാനേ, നീ എന്റെയടുത്തേക്ക് വന്നേക്കരുതെന്നു പറഞ്ഞ അബുല്‍ ബഷറിനെപ്പോലെ ഇത്തല്‍മുവിന്റെ മകനും?...

ചിന്തകള്‍ കാടുകയറിയപ്പോള്‍ ശക്തിയെല്ലാം ചോര്‍ന്നു പോകുന്നപോലെ അയാള്‍ക്ക് തോന്നി.

'പെരുപെരുത്ത ഒരു ഇരുപത്തിനാലുകാരന്‍ നെഞ്ചില്‍ ചവിട്ടുന്നതും വലിച്ചിഴച്ച് ഉമ്മറാജിയുടെ കുളത്തിലേക്ക് തള്ളിയിടുന്നതും എന്നും രാത്രി സ്വപ്നങ്ങളില്‍ നിറയുന്നതെന്താണ്?'

ബദരീങ്കളുടെ ആണ്ടു ദിനത്തില്‍ യാസീന്‍ ഓതിക്കൊണ്ടിരിക്കുകയായിരുന്ന കോയക്കുട്ടി ഉസ്താദിനോട് ഉപ്പാപ്പ ചോദിച്ചു.

ഓത്ത് നിര്‍ത്തി കോയക്കുട്ടി ഉസ്താദ് വെളിച്ചം കയറാത്ത തന്റെ കണ്ണുകള്‍ തുറന്ന് വട്ടം കറക്കി ആലോചനയിലാണ്ടു. ഈരേഴു പതിനാലു ലോകങ്ങളെ അറിയുന്നവനും മനുഷ്യ മനസുകളെ കണ്ണുകൊണ്ട് കാണുന്നവനുമായ അവറാനുപ്പാപ്പ കിതക്കുന്നതും വിയര്‍പ്പില്‍ കുളിക്കുന്നതും കോയക്കുട്ടി ഉസ്താദിന്റെ അകക്കണ്ണുകളില്‍ അന്നേരം തെളിഞ്ഞു കണ്ടു. ഉള്ളിലെ ചിരി തന്റെ ചുണ്ടുകളില്‍ തെളിയുമോയെന്ന് ആ അന്ധന്‍ ഭയപ്പെട്ടു. അയാള്‍ 'യാസീനി'ലേക്ക് തന്നെ തിരിഞ്ഞു.

***** ****** ****** ******

കുളവാഴ പൂത്തുലഞ്ഞു നില്‍ക്കുന്ന ആവിത്തോടിന്റെ കരയിലൂടെ കുട്ട്യസന്‍ നടന്നു. ജിന്നുകളുടെയും ചേട്ടകളുടെയും മാത്രം രാപ്രയാണങ്ങള്‍ക്കെന്ന പോലെ പണിതിട്ട പഴയ ഓവുപാലത്തിന് അടുത്തെത്തിയപ്പോള്‍ നെഞ്ചില്‍ മിടിപ്പുയര്‍ന്നു. ദ്രവിച്ചു വീഴാറായ അതിന്റെ കൈവരികളില്‍ പിടിച്ച്, ചവിട്ടു പടിയിലേക്ക് അയാള്‍ വിറയലോടെ കാലെടുത്തു വെച്ചു.

കാട്ടു പൊന്തകള്‍ വരിഞ്ഞു പറ്റി, പായല്‍ മൂടിയ ഒരു കറുത്ത വെള്ളക്കെട്ട് പോലെ ഉമ്മറാജിന്റെ കുളം പാലത്തിനു മുകളില്‍ നിന്ന് കണ്ടപ്പോള്‍ ഒരു നിമിഷം നിന്നു. പാലമിറങ്ങി അയാള്‍ സ്വപ്നത്തിലെന്ന പോലെ അവിടേക്ക് നടന്നെത്തി.

ഒരുപാട് കുളങ്ങള്‍ വാര്‍ത്ത് മീന്‍ പിടിച്ചിട്ടുണ്ട്, പക്ഷെ ഒരിക്കലും ഇതിലേക്ക് വന്നിട്ടേയില്ല, വരാന്‍ തോന്നിയിട്ടില്ല

കുളത്തിന് നടുവിലായി പണ്ടെങ്ങോ മുറിഞ്ഞു വീണ മരത്തിന്റെ ഉണങ്ങിയ ഒരു കൊമ്പില്‍ ആഴങ്ങളിലേക്ക് കണ്ണുകള്‍ ചൂഴ്ന്ന് നില്‍ക്കുന്ന പൊന്മയെപ്പോലെ കുട്ട്യസനും കുളത്തിലേക്ക് നോക്കി നിന്നു.

ഒരുപാട് കുളങ്ങള്‍ വാര്‍ത്ത് മീന്‍ പിടിച്ചിട്ടുണ്ട്, പക്ഷെ ഒരിക്കലും ഇതിലേക്ക് വന്നിട്ടേയില്ല, വരാന്‍ തോന്നിയിട്ടില്ല.

പള്ളിക്കാടും വിട്ട് എത്രയോ അകലെ ബാങ്ക് വിളി കേള്‍ക്കാത്ത ഈ കുളത്തിലാണ്, ഒറ്റപ്പെടുന്ന മനുഷ്യരെയും മോക്ഷം തേടുന്ന ആത്മാക്കളെയും പേടിപ്പിക്കുന്ന, റൂഹാനികള്‍ക്കൊപ്പം മാസങ്ങളോളം തന്റെ ബാപ്പയുടെ ശരീരം കിടന്നത്.

'അവറാനുപ്പാപ്പാ, ജിന്നുകള്‍ക്കും അവരിലെ ഇഫ്രീത്തിനും ഉസ്താദായവരെ, കുപ്പിക്കുള്ളിലെ വസ്തുവിനെയെന്നപോലെ മനുഷ്യമ്മാരുടെ മനസ് കാണാന്‍ കഴിയുന്ന ഒരാളായിരുന്നിട്ടും, ബാപ്പാനെ ഇതില് മുക്കിത്താഴ്ത്തിയത് ആരെന്ന് പറയാന്‍ നിങ്ങള്‍ക്ക് കഴിയാത്തതെന്താണ്?' അവറാനുപ്പാപ്പയെ അദ്ദേഹം കേള്‍ക്കാതെ പോലും കുറ്റം പറയുന്നതും അവിടുത്തെ കഴിവുകളില്‍ സംശയിക്കുന്നതുമെല്ലാം മഹാ പാപം. എന്നിട്ടും, ഇങ്ങനെ ചോദിക്കാന്‍ തനിക്കിത്രയും ശബ്ദവും ധൈര്യവും കിട്ടിയത് എവിടെ നിന്നാണെന്ന് കുട്ട്യസന്‍ അത്ഭുതപ്പെട്ടു!

ആലിക്കാന്റെ ആറാം വീടര് മറിയം ആടിനെ കെട്ടിയിടാന്‍ പോയ ഒരു ഉച്ച നേരത്താണ്, ആറേഴു മാസങ്ങള്‍ക്കു മുന്‍പ് കാണാതായ മാര്‍ത്താണ്ടിക്കാരന്‍ ചേക്കുട്ടിയുടെ മയ്യത്ത്, ചെറുതോണിക്കാരുടെ രണ്ടാം നമ്പര്‍ വലയില്‍ കുഴ മറിഞ്ഞ നിലയില്‍ ഉമ്മറാജിന്റെ കുളത്തില്‍ കണ്ടത്. അതിന്റെ തലേന്ന് രാത്രിയിലാണ് പ്രസവ വേദനയെടുത്ത അയാളുടെ ഭാര്യ ഇത്തല്‍മുവിനെ അയല്‍ക്കാരെല്ലാം ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിറ്റേദിവസം ഏതാണ്ട് പ്രസവമടുത്ത നേരം അവിടെയെത്തിയ ആലിക്കാന്റെ വീടര് മറിയം വേദനകൊണ്ട് പുളയുകയായിരുന്ന ഇത്തല്‍മുവിനോട് ചേക്കുട്ടിയുടെ മയ്യിത്ത് കണ്ടെത്തിയ കാര്യം പറഞ്ഞു. പ്രസവ വേദനയോടൊപ്പം ഇതുകൂടി സഹിക്ക വയ്യാതെ ഇത്തല്‍മു അലമുറയിട്ടു. അവള്‍ക്കൊപ്പം സിസ്റ്റര്‍ ശാന്തയും അവിടെക്കൂടിയ മറ്റു പെണ്ണുങ്ങളും വാവിട്ടു കരയുന്നതിനിടയില്‍ അവള്‍ പ്രസവിച്ചു. എല്ലാവരും കരച്ചില്‍ നിര്‍ത്തി, ഇതിനോടകം ബാപ്പയില്ലാതായിത്തീര്‍ന്ന ആ കുഞ്ഞിനെ പെണ്ണുങ്ങളിലാരോ വാരിയെടുത്ത് ചെവിയില്‍ ബാങ്ക് വിളിച്ചു. വേറെ ആരോ അവന് സെയ്ദമ്മദ് ഹോജായുടെ മുരീദായിരുന്ന കുട്ട്യസന്‍ മുസ്ല്യാരുടെ പേരും നല്‍കി.

കുട്ട്യസന്‍ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ തോറ്റപ്പോള്‍ ബാപ്പയുടെ ജോലിയിലേക്കു തന്നെ ഇത്തല്‍മു മകനു വഴികാട്ടിക്കൊടുത്തു.

ഹോജായുടെ ജാറത്തില്‍ ഒരു പെട്ടി ചന്തനത്തിരി കത്തിച്ചു വെച്ച് അന്നു തുടങ്ങിയതാണ് കുട്ട്യസന്റെ ജീവിത യാത്ര. കുട്ട്യസന്‍ പൊനവെച്ചു മീന്‍ പിടിക്കാത്ത തോടുകളും അതിന്റെ കൈവഴികളുമില്ല. അയാള്‍ കയറാത്ത തോണികളും വാര്‍ക്കാത്ത കുളങ്ങളുമില്ല. ഇതിനിടയില്‍ വല്ലാതെ അടുപ്പമുള്ളവരൊഴിച്ച് മറ്റാരോടും ലോഹ്യം പറയാനോ ചിരിക്കാനോ പോലും അയാള്‍ ഒട്ടും താല്പര്യപ്പെട്ടുമില്ല.

'ഉമ്മാ'

ബാപ്പയുടെ ഓരോ ആണ്ടിനും കോയക്കുട്ടി ഉസ്താദിനെക്കൊണ്ട് ദുആ ചെയ്യിപ്പിച്ച് വരുന്ന കുട്ട്യസന്‍ ഉമ്മയുടെ മടിയില്‍ തല വെച്ച് കിടക്കും.

'പൊനയില് കൈനായ കേറിയ വിവരം ആരാണുമ്മാ രാത്രി ബാപ്പാനോട് വന്ന് പറഞ്ഞത്?'

'അതൊരു ജിന്നെയ്‌ന്-അല്ല, ജിന്നിനും മേലേള്ള ഒരു ആളേയ്‌ന് മോനെ'

ഇത്തല്‍മു പതിവ് പോലെ അവനോട് പറയും.

'ഉമ്മ കണ്ട?'

'ങും... നല്ലോണം കണ്ട്'

'ആ ആള് പിന്നെപ്പോളെങ്കിലും വന്നാ?'

ആ ഒറ്റച്ചോദ്യം കേട്ടാല്‍ മതി, ഇത്തല്‍മുവിന്റെ നാവു കുഴയുകയും തൊണ്ട വരളുകയും ചെയ്യും. അവള്‍ മറ്റെന്തെങ്കിലും പറഞ്ഞ് വിഷയം മാറ്റും. ജിന്നിനും മേലെയുള്ള ആ ആളിന്റെ ഗന്ധവും കിതപ്പും വിയര്‍പ്പും കാത്തിരുന്ന എത്രയോ രാത്രികള്‍ പിന്നീടുണ്ടായെന്ന് ഒരു മകനോട് പറയുന്നതെങ്ങനെ!

അവളുടെ കണ്ണുകളില്‍ നിന്നും ചുടുനീരൊഴുകി കുട്ട്യസന്റെ നെറ്റിയിലിറ്റുമ്പോള്‍ ഒന്നും പിടിയില്ലാതെ അവന്‍ ഉമ്മയെ നോക്കും.

'മ്മാന്റുട്ടി വലുതായാല് ഉമ്മ ഒരു കാര്യം പറയേണ്ട്'

കരച്ചില്‍ നിന്നാല്‍ അവള്‍ മകനോട് പറയും. എന്നാല്‍ അവന്‍ വലുതാകുന്നതിനനുസരിച്ച് അവനോട് അത് പറയാനുള്ള അവധികളും നീണ്ടു.

അടുത്ത നോമ്പ്, പെരുന്നാള്, കൊണ്ടേമ്പാട്ട് ഉത്സവം...

അങ്ങനെയങ്ങനെ നീണ്ടു പോകവേ, ഒരവധി എത്തുക തന്നെ ചെയ്തു. കൊല്ലത്തില്‍ വരാറുള്ള അവളുടെ ശൈത്താനിളക്കത്തിന്റെ ദിവസമായിരുന്നു അത്.

അസുഖം മൂര്‍ച്ഛിച്ച് ഇളകിയിളകി നിലത്തു വീണ ഇത്തല്‍മു മകന്റെ മടിയില്‍ തലവെച്ച് തളര്‍ന്നു കിടന്നു.

അവറാനുപ്പാപ്പയുടെ അടച്ചിട്ട ഇരുട്ട് മുറിയിലെ ഭയത്തിന്റെ മണം അന്നേരം അവളെ പൊതിഞ്ഞു.

'അവറാനുപ്പാപ്പയും ഒരു വെറും മനുസന്‍. മുഹബ്ബത്തും പൂതീം അയ്‌നെക്കാളും മേലെ പകയും പ്രതികാരോമുള്ള ഒരു വെടക്ക് മനുസന്‍'

അയാളുടെ ഭാരിച്ച ശരീരം തന്റെ മേല്‍ പതിക്കുമ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയ നിലവിളിയെ, അത് ശൈത്താന്‍ കൂക്കാണെന്ന് പുറത്ത് കാത്തു നില്‍ക്കുന്നവരോട് അയാള്‍ വിളിച്ചു പറഞ്ഞതും വേദന താങ്ങാനാവാതെ ശരീരം സ്വയം അടങ്ങുമ്പോള്‍ ജിന്ന് വിട്ടുപോയി എന്ന് പറഞ്ഞ് അയാള്‍ പുറത്തേക്ക് ഇറങ്ങാറുള്ളതും ഭീകര സ്വപ്നം പോലെ അപ്പോഴും അവളെ വേട്ടയാടി. തന്റെ ശരീരത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്നൊന്നും ആരും ചോദിച്ചില്ല, അവള്‍ പറഞ്ഞതുമില്ല.

വിവാഹ ശേഷം ഇടവപ്പാതിയിലെ അശരീരിക്കൊപ്പം ഇറങ്ങിയോടിയ ചേക്കുട്ടി ഇനിയൊരിക്കലും വരില്ലെന്നുറപ്പായപ്പോള്‍ ദിനവും തന്റെ വാതിലില്‍ അമരുന്ന അവറാനുപ്പാപ്പയുടെ വിരലുകളുടെ മര്‍മ്മരവും ഊദിന്റ ഗന്ധവും ഇപ്പോള്‍ അവളുടെ ദേഹം പൊള്ളിച്ചു. നെഞ്ചിലുയര്‍ന്ന താളം അവളുടെ ഹൃദയത്തിന്റെ ഭിത്തികളില്‍ പെരുമ്പറ കൊട്ടി.

'മ്മാന്റുട്ട്യേ... ഇതൊന്നു കേട്ടോളീം പൊന്നേ'

'എന്താണുമ്മാ'

കുഴഞ്ഞ നാവോടെയും എന്നാല്‍ ഉറച്ച ശബ്ദത്തോടെയും അവള്‍ മകനോട് പറഞ്ഞു:

'മോനേ, സൈദമ്മദ് ഹോജായും ഹോജാക്ക് ജാറം കെട്ടിയ അയ്യപ്പനും ഇയ്യും ഞാനും ബാപ്പ ചേക്കുട്ടിയും അന്റെ ചങ്ങായി കുഞ്ഞിക്കോലനും...എല്ലാരും മനുസമ്മാര്. വെറും മണ്ണോണ്ട്, അതായത് ചെലമ്പിക്ക്ണ കളിമണ്ണോണ്ട് റബ്ബ് പടച്ച ആദമിന്റെ മക്കള്'

പിന്നെ അവള്‍ കുറച്ചു നേരം തളര്‍ന്നു കിടന്നു. ഒന്നും പിടിയില്ലാതെ കുട്ട്യസന്‍ അന്തം വിട്ടിരുന്നു. അവള്‍ വീണ്ടും കണ്ണുകള്‍ തുറന്നു. ആ കണ്ണുകളില്‍

കുട്ട്യസന്‍ കത്തുന്ന ഒരു കനല്‍ കണ്ടു

'അവറാനുപ്പാപ്പയും ഒരു വെറും മനുസന്‍. മുഹബ്ബത്തും പൂതീം അയ്‌നെക്കാളും മേലെ പകയും പ്രതികാരോമുള്ള ഒരു വെടക്ക് മനുസന്‍'

പിന്നെ ഇത്തല്‍മു മിണ്ടിയതേയില്ല. കനലെരിഞ്ഞു തീരും മുന്‍പേ അവളുടെ കണ്ണുകളടഞ്ഞു.

**** ******* *****

'ബാപ്പ മരിച്ചത് എങ്ങനേന്ന് കുട്ട്യസനറിയണം, നല്ലതാ'

തസ്ബീഹ് മാലയുടെ മുത്തുകള്‍ മറിച്ചു കൊണ്ടു കോയക്കുട്ടി ഉസ്താദ് പറഞ്ഞു. നിരന്തരം തുറന്നടഞ്ഞു കൊണ്ടിരിക്കുന്ന അയാളുടെ കണ്ണുകളിലേക്ക് നോക്കി കുട്ട്യസന്‍ ഇരുന്നു.

'പടച്ചവനാല്‍ നേരിട്ട് ദുനിയാവിലെ ആത്മീയമായ കൈകാര്യ കര്‍തൃത്തം ഏല്‍പ്പിക്കപ്പെട്ടവര്‍ എന്ന നിലയില്‍ അവറാനുപ്പാപ്പാക്കും മുരീദുകളായ ഞങ്ങള്‍ക്കും തെറ്റ് സംഭവിക്കൂല. ആക്കാര്യം കുട്ട്യസനും ഈ നാട്ടുകാരും ആദ്യം മനസ്സിലാക്കണം.'

ഉസ്താദ് കുറച്ചു നേരം ചിന്തയിലാണ്ടു. പിന്നെ തസ്ബീഹ് മാല പായയുടെ മൂലയിലേക്കെറിഞ്ഞു. എന്നിട്ട് പതുക്കെ പറഞ്ഞു:

'അതായത് കുട്ട്യസാ, ആശകൊണ്ട് അവറാനുപ്പാപ്പാക്ക് അവകാശപ്പെട്ട ഒരു മുതലേയ്‌ന് അന്റുമ്മ ഇത്തല്‍മു. അങ്ങനെ നോക്കുമ്പോള്‍ അന്റെ ബാപ്പ ചേക്കുട്ടീന്റെ കാര്യത്തില് അവറാനുപ്പാപ്പാക്ക് പറ്റിയത് ഒരു തെറ്റല്ല'

ഉസ്താദിന്റെ വാക്കുകള്‍ കേട്ട് കുട്ട്യസന്‍ ചാടിയെഴുന്നേറ്റു. അയാള്‍ കോപം കൊണ്ട് വിറച്ചു. ശരീരം വിയര്‍പ്പില്‍ കുളിച്ചു. ഇരുപത്തിനാലു കൊല്ലം മുന്‍പത്തെ ഒരു ഇടവപ്പാതിയില്‍ ഇടിയും വെട്ടി തിമര്‍ത്തു പെയ്ത മഴയിലാണ് താനിപ്പോള്‍ ഉള്ളതെന്ന് കുട്ട്യസനു തോന്നി. ബാപ്പയുടെ കൊലയാളി അവറാനുപ്പാപ്പയാണെന്ന് പൂര്‍ണ്ണമായും ബോധ്യപ്പെട്ടതോടെ, തന്റെ മാതാവിനെ പ്രാപിക്കാന്‍ ബാപ്പയെ ചതിച്ചു കൊന്ന അയാളെ അതേ കുളത്തില്‍ ചവിട്ടിത്താഴ്ത്താന്‍ കുട്ട്യസന്റെ മനസ് തുടിച്ചു.

പാതിര, മൂന്നാം യാമം. ഇത് ശൈത്താന്‍മാരുടെയും റൂഹാനികളുടെയും പോക്കു വരവിന്റെ നേരം. അവരുടെ രാപ്രയാണങ്ങള്‍ക്ക് ഇടത്താവളമാക്കുന്ന, പള്ളിക്കാട്ടിലെ

കബറുകളോടു ചേര്‍ന്നുള്ള അവറാനുപ്പാപ്പയുടെ ചെറിയ മുറി ലക്ഷ്യമാക്കി കുട്ട്യസന്‍ വേഗം നടന്നു.

മുറിയുടെ അല്പം തുറന്ന വാതിലിലൂടെ അയാള്‍ അകത്തേക്ക് നോക്കി. ഊദും കുന്തിരിക്കവും പുകച്ച് അമാനുഷരായ കൂട്ടുകാരെ കാത്തിരിക്കുന്നഅവറാനുപ്പാപ്പയുടെ അവ്യക്ത രൂപം കണ്ടപ്പോള്‍ കുട്ട്യസന്റെ ഉള്ളൊന്നു പിടച്ചു. എങ്കിലും ഉള്ള ധൈര്യം കൈവിടാതെ വാതിലിനരികിലേക്ക് നീങ്ങി നിന്നു.

'അവറാനുപ്പാപ്പാ..'

ഉറച്ച ശബ്ദത്തോടെ അയാള്‍ വിളിച്ചു:

കുന്തിരിക്കപ്പുകയുടെ അടര്‍ന്നുയരാത്ത പാളികളിലൂടെ ഉപ്പാപ്പയുടെ കത്തുന്ന രണ്ടു കണ്ണുകള്‍ വാതിലും കടന്ന് കുട്ട്യസനില്‍ തറച്ചു.

'ആരാണ്ട്രാ'...

'ഞാനാണ്.. കുട്ട്യസന്‍'

'ഏത് കുട്ട്യസന്‍'

ഉപ്പാപ്പയുടെ ശബ്ദമുയര്‍ന്നു.

'മാര്‍ത്താണ്ടിക്കാരന്‍ ചേക്കുട്ടിയുടെ'...

'ഭ്ഹ... ബലാലെ.. ഇജെന്താണ്ട്രാ വെടക്ക് ജിന്നേളെ ചേല്ക്ക് സലാം ചൊല്ലാതെ പമ്മിപ്പമ്മി ബന്ന്ക്ക്ണ്'

'ഉപ്പാപ്പാ... എന്തിനാണ്ങ്ങള് ഇന്റെ ബാപ്പാനെ ചതിച്ച് കൊന്നത് '

കുട്ട്യസന്‍ കോപം കൊണ്ട് വിറച്ചു.

'അത് കബറീല് കെട്ക്കണ അന്റുമ്മാനോട് പോയി ചോയിച്ചോക്കടാ'

അവറാനുപ്പാപ്പ ചാടിയെണീറ്റു.

'മേലാല് ഇതും ചോയ്ച്ചിബടെ ബന്നാല് അറത്താളും ബലാലെ '

ഉപ്പാപ്പ കുട്ട്യസനെ പിടിച്ചു പുറത്തേക്ക് തള്ളി. മൂച്ചിപ്പലക കൊണ്ട് തീര്‍ത്ത പഴയ വാതില്‍പ്പൊളികള്‍ കൊട്ടിയടക്കപ്പെടുന്നതിനു മുന്‍പ് കുട്ട്യസന്‍ അവറാനുപ്പാപ്പയെ കടന്നു പിടിച്ചു. കള്ള വാക്കുകള്‍ കൊണ്ട് പണിതുയര്‍ത്തിയ ആത്മീയതയുടെ ശക്തിഗോപുരം തീക്ഷ്ണ യൗവനത്തിന്റെ ബലിഷ്ഠ കരങ്ങള്‍ക്കിടയിലമര്‍ന്നു. എവിടെ, ഉപ്പാപ്പയുടെ കാവലിനായി സ്മശാനത്തിലെ മീസാന്‍ കല്ലുകളില്‍ ചാരിയിരുന്ന് കുശലം പറയാറുള്ള റൂഹാനികളും അവരുടെ ഉറക്കെയുറക്കെയുള്ള

പൊട്ടിച്ചിരികളും?

നെച്ചിക്കാടുകളില്‍ തീ കുടഞ്ഞു പറന്നു പോകുന്ന ഇഫ്രീത്തും കൂട്ടാളികളുമെവിടെ?

രക്ഷിക്കാന്‍ ആരാരുമില്ലാതെ ജീവനുവേണ്ടി പിടയുന്ന അവറാനുപ്പാപ്പയെ പുച്ഛത്തോടെ ഒരു നിമിഷം കുട്ട്യസന്‍ നോക്കിനിന്നു. പിന്നെ ഇടുങ്ങിയ മുറിയിലെ തുറക്കാത്ത ജനാലയുടെ മര അഴികളില്‍ അയാളെ കെട്ടിയിട്ട് കുട്ട്യസന്‍ പുറത്തിറങ്ങി.

മഴക്കോളു കൊണ്ട ആകാശത്ത് അന്നേരം വെള്ളിനൂലുകള്‍ പാഞ്ഞു. ബന്ധിതനായ ഉപ്പാപ്പയുടെ അസ്വസ്ഥജനകമായ നിലവിളി അകത്തുനിന്നും ഉയര്‍ന്നപ്പോള്‍

ഉമ്മയുടെ വാക്കുകള്‍ കുട്ട്യസന്റെ കാതുകളില്‍ മുഴങ്ങി.

'അവറാനുപ്പാപ്പയും ഒരു വെറും മനുസന്‍'....

Summary

Malayalam short story written by Siddique Kadavath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates