കാര്യങ്ങളെല്ലാം ഈ 'മഹാന്‍' അറിയിക്കുകയാണ്, അതിന് നല്‍കിയ ഓ കെയാണ് ഇപ്പറയുന്ന രേഖ : മുഖ്യമന്ത്രി

ഗൂഢാലോചനയുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു എന്നാണ് കാണേണ്ടത്

പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം
Last Updated :20 January 2024, 8:42 am IST

തിരുവനന്തപുരം : ആഴക്കടല്‍ മല്‍സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിനെ കളങ്കപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുെട ഓഫിസുമായി കെഎസ്‌ഐഎന്‍സി എംഡി എന്‍ പ്രശാന്ത് ബന്ധപ്പെട്ടതില്‍ ദുരുദ്ദേശ്യമുണ്ട്. തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇക്കാര്യങ്ങള്‍ അറിയാന്‍ സാധ്യതയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ അപാകതയില്ല. പക്ഷെ ആ ബന്ധപ്പെട്ടത് ദുരുദ്ദേശത്തോടെയാണ്. ഈ പറയുന്ന കാര്യങ്ങള്‍ പിആര്‍ഡിയെക്കൊണ്ട് ചെയ്യിക്കുന്നതിന് അയാള്‍ അത്രമാത്രം മെനക്കെട്ടിട്ടുണ്ടെന്ന് നോക്കണം. അത് അന്വേഷണത്തിന്റെ ഭാഗമായി തെളിയേണ്ട കാര്യങ്ങളാണ്. തെളിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. സ്വാഭാവികമായും കാര്യങ്ങളെല്ലാം പുറത്തുവരും. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇക്കാര്യങ്ങളൊന്നും അറിയാന്‍ സാധ്യതയില്ല. ഇക്കാര്യങ്ങളെല്ലാം ഈ മഹാന്‍ അറിയിക്കുകയാണ്. ഇന്നതാണ് കാര്യങ്ങളെന്നൊക്കെ. അപ്പോള്‍ സ്വാഭാവികമായി ഒരു മെസ്സേജ് കിട്ടിയാല്‍ നല്‍കുന്ന ഒ കെ യാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അയച്ചത്. 

ഇതാണ് ഈ പറയുന്ന രേഖ എന്നു പറയുന്നത്. അതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കിതമാക്കാനാവില്ല. എന്നാല്‍ ഗൂഢാലോചനയുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു എന്നാണ് കാണേണ്ടത്. അതിന്റെ പരിസമാപ്തിയാണ് ആഴക്കടലില്‍ ഇറങ്ങാനും ട്രോളറുകള്‍ നിര്‍മ്മിക്കാനും ഇറങ്ങി പുറപ്പെട്ടിട്ട് ഇപ്പോള്‍ കോണ്‍ഗ്രസുകാരുടെ നാമനിര്‍ദേശത്തോടുകൂടി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ മല്‍സരിക്കാന്‍ തയ്യാറായിട്ടുള്ള ഈ കമ്പനിയുടെ ഉടമ എന്നതും കാണേണ്ടതായിട്ടുണ്ട്. എല്ലാം കൂടിയുള്ള ഗൂഢാലോചനയാണിത്. അതെല്ലാം പുറത്തുവരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

എന്‍എസ്എസ് എപ്പോഴും ഒരു നിലപാട് പ്രഖ്യാപിച്ചുപോകാറുണ്ടല്ലോ. സമദൂരമാണ് അവര്‍ പറയാറുള്ളത്. ചിലപ്പോള്‍ ശരിദൂരവും പറഞ്ഞിട്ടുണ്ട്.  അതിന്റെ ഭാഗമായി അവര്‍ ചില പ്രത്യേക നിലപാട് സ്വീകരിക്കാറുണ്ട്. എന്നാല്‍ തങ്ങളും എന്‍എസ്എസും ശത്രുപക്ഷത്തു നില്‍ക്കുന്നവരാണെന്ന് വരുത്താനുള്ള ബോധപൂര്‍വമായ ശ്രമം ചില കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നുണ്ട്. അത്തരത്തില്‍ ശത്രുപക്ഷത്തു നില്‍ക്കുന്നവരാണ് തങ്ങളെന്ന് തനിക്ക് തോന്നുന്നില്ല. 

എന്താണ് എന്‍എസ്എസിന്റെ പ്രകോപനം, എന്തിനാണ് എന്‍എസ്എസ് തുടര്‍ച്ചയായി വിമര്‍ശിക്കുന്നത് എന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരണമായി താന്‍ പറഞ്ഞു. ഇത് ചില മാധ്യമങ്ങള്‍ എന്‍എസ്എസിനോട് കടുപ്പിച്ച് പിണറായി എന്ന മട്ടിലാണ് നല്‍കിയത്. അതേത്തുടര്‍ന്ന് എന്‍എസ്എസ് പ്രതിനിധിയും ഇതിനെതിരെ രംഗത്തുവന്നു. ആ പ്രതികരണം സ്വാഭാവികമാണ്. അതില്‍ തെറ്റുകാണുന്നില്ല. മന്നം ജയന്തി അവധിയാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിരുന്നു. കൂടുതല്‍ ദിവസം അവധി നല്‍കുന്നതിനുള്ള നിയമതടസ്സം മാറ്റിക്കിട്ടാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 

News Now