പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

മൂന്ന് മന്ത്രിമാര്‍ കുറ്റാരോപിതര്‍ ആണ്. അന്വേഷണം ആരംഭിച്ചാല്‍ മന്ത്രിമാരെ ആ സ്ഥാനത്തു നിന്ന് മാറ്റേണ്ടി വരും എന്ന ഭയം വി ഡി സതീശനുണ്ട്

SHONE GEORGE
SHON GEORGE
Last Updated :9 October 2026, 4:39 pm IST
Author :SANAL DEV B

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ജോര്‍ജ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പൊലീസിന് കൊടുത്തിട്ടുള്ള വിശദാംശങ്ങള്‍ പഠിച്ച കോടതി പിണറായി വിജയന്‍ കുറ്റാക്കാരന്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ വിധി. പ്രതിപക്ഷ നേതാവായി ഒരു നിമിഷം തുടരാന്‍ പിണറായി വിജയന് യോഗ്യതയില്ല. രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ കര്‍ത്തയുടെ ലിസ്റ്റില്‍ പേരുള്ളവരാണ്. അതുകൊണ്ട് വി ഡി സതീശന്‍ അഡ്ജസ്റ്റുമെന്റ് രാഷ്ട്രീയം കളിക്കുന്നു. ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പിണറായി ഈ കേസില്‍ ജയിലില്‍ പോയിരിക്കും എന്നും ഷോണ്‍ ജോര്‍ജ്ജ് സമകാലിക മലയാളത്തോട് പറഞ്ഞു.

Q

ഈ കേസില്‍ മുന്നില്‍ നിന്ന ആളാണ് ഷോണ്‍. ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നോ...?

തീര്‍ച്ചയായും... ഇത് ആധികാരികമായ ഒരു വിധി ആണ്. സര്‍ക്കാര്‍ പ്രാഥമികമായ അന്വേഷണം മാത്രം പ്രഖ്യാപിച്ച കേസില്‍ ഇത്തരത്തിലൊരു വിധി പറയണമെങ്കില്‍ അതിന്റെ അടിത്തറ എന്ന് പറയുന്നത് എന്‍ഫോഴ്‌സ്‌മെന്റ് കൊടുത്തിട്ടുള്ള കത്തും അതിന്റെ ഉള്ളടക്കവും കോടതി വിശദമായി പഠിച്ചു എന്നതാണ്.

പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടുണ്ട്, കുറ്റക്കാരന്‍ ആണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. അതുകൊണ്ട് ഒരു നിമിഷം പോലും പ്രതിപക്ഷനേതാവായി തുടരാന്‍ അദ്ദേഹത്തിന് യോഗ്യത ഇല്ല. എത്രയും പെട്ടെന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാരും തയ്യാറാകണം.

Q

പ്രതിപക്ഷനേതൃസ്ഥാനം ഒഴിയുമെന്ന് തോന്നുന്നുണ്ടോ..?

രാജിവെക്കണം.... പ്രതിപക്ഷ നേതാവിന്റെ പ്രധാന കടമ എന്നത് സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക എന്നുള്ളതാണ്. കേരള പൊലീസ് അന്വേഷിക്കുന്ന കേസിലെ പ്രതി എങ്ങിനെയാണ് പ്രതിപക്ഷനേതാവായി തുടരുക...? പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം എങ്ങിനെ നിറവേറ്റാന്‍ സാധിക്കും അദ്ദേഹത്തിന്. അതുകൊണ്ട് എത്രയും പെട്ടെന്ന് രാജിവെച്ച് ആ സ്ഥാനത്ത് നിന്ന് ഒഴിയണം. ഇല്ലെങ്കില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വലിയ ജനകീയപ്രക്ഷോഭം ഉണ്ടാകും.

Q

സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയാണോ ഈ വിധി...?

സര്‍ക്കാര്‍ എടുത്ത നിലപാടിനുള്ള തിരിച്ചടിയാണ്. സര്‍ക്കാരിന് നല്ല ഉദ്ദേശമുണ്ടെങ്കില്‍ എഫ്‌ഐറിട്ട് അന്വേഷണം ആരംഭിക്കണം. പിണറായി വിജയനെതിരെ കേസെടുക്കാന്‍ യാതൊരു തടസവുമില്ല. സര്‍ക്കാര്‍ അപ്പീല്‍ പോകുന്നുണ്ടെങ്കില്‍ ഭയമുണ്ടെന്നാണ് അര്‍ത്ഥം. മൂന്ന് മന്ത്രിമാര്‍ ഇതേ കേസില്‍ കുറ്റാരോപിതര്‍ ആണ്. വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിക്കുമ്പോള്‍ മന്ത്രി സ്ഥാനത്ത് നിന്ന് ഇവരെ മാറ്റേണ്ടി വരും... ഈ ഒരു ഭയം വി ഡി സതീശനുണ്ട്. പക്ഷേ, അഡ്ജസ്റ്റുമെന്റ് രാഷ്ട്രീയം കളിക്കുന്നു എന്ന് തോന്നിയാല്‍ ബിജെപി കടുത്ത നടപടികളിലേക്ക് കടക്കും.

Q

പിണറായി വിജയനും കുടുംബവും ശിക്ഷിക്കപ്പെടുമെന്നാണോ....?

പിണറായി വിജയന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ഈ കേസില്‍ ശിക്ഷിക്കപ്പെടും. ജയിലില്‍ പോയിരിക്കും. മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഒന്നും ഒളിക്കാന്‍ ഇല്ല, മടിയില്‍ കനമില്ല എന്നൊക്കെ പറഞ്ഞ മുഹമ്മദ് റിയാസിന്റെ മുഖത്തേക്ക് നിങ്ങള്‍ ഇപ്പോഴൊന്ന് നോക്കൂ.. ഇപ്പോള്‍ ആ കോണ്‍ഫിഡന്‍സുണ്ടോ റിയാസിന്റെ മുഖത്ത്...?

Q

10 വര്‍ഷം ഭരിച്ച പിണറായി വിജയന് മേല്‍ കേവലം 3.28 കോടി രൂപയുടെ ആരോപണം മാത്രമാണ് ഉള്ളത് എന്ന വിശദീകരണങ്ങളും വരുന്നുണ്ട്....

3.28 കോടി രൂപയൊക്കെ സിപിഎമ്മുകാര്‍ക്ക് എപ്പോഴാണ് ചെറിയ തുകയായത്...? ഒരു ഗതിക്ക് പരഗതി ഇല്ലാത്ത കാലത്ത് 100 രൂപക്ക് പോലും വിലയുണ്ടായിരുന്നു... ഇപ്പോള്‍ 3.28 കോടി രൂപ എന്ന് പറയുമ്പോള്‍ സഖാവ് പിണറായി വിജയന് പുച്ഛം അല്ലേ...? ഈ കേസില്‍ 224 കോടിരൂപയുടെ തിരിമറി നടന്നിട്ടുണ്ട്. അതില്‍ ഏറ്റവും ചുരുങ്ങിയത് 50 കോടിക്ക് മുകളില്‍ പിണറായിക്ക് കിട്ടിയിട്ടുണ്ട്. യുഎഇയിലേക്ക് പണം എത്തിച്ചു. അവിടെ നിന്ന് അമേരിക്കയിലേക്ക് കടത്തി.

Q

വീണയ്ക്ക് ഇതില്‍ കീ റോള്‍ ഉണ്ടോ...?

വീണയല്ല, പിണറായി വിജയന്‍ തന്നെയാണ് പണം സമാഹരിച്ചത്... മകള്‍ ആയതുകൊണ്ട്, ബിനാമി എന്ന് ഞാന്‍ പറയുന്നില്ല... പക്ഷേ, ഒരു ബിനാമിയുടെ റോള്‍ മാത്രമാണ് വീണക്ക് ഉള്ളത്. അഴിമതി നടത്തിയതും പണം സമ്പാദിച്ചതും പിണറായി വിജയന്‍ തന്നെയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വീണയുള്‍പ്പെടെ എല്ലാവരും ഉടന്‍തന്നെ അഴിയെണ്ണും... ഉറപ്പാ...

News Now

Summary

Pinarayi Vijayan and his family will be punished in the CMRL-Exalogic case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates