തുടർച്ചയായ അച്ചടക്ക ലംഘനം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം.

Renjitha, Pavithran
Renjitha, Pavithran
Last Updated :14 June 2025, 9:35 am IST

News Now

കാസർകോട്: അഹമ്മദാബാദ് വിമാനാപകടത്തില്‍ (Ahmedabad Air India Plane Crash) മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ പിരിച്ചുവിടാൻ ശുപാർശ. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറായ എ പവിത്രനെയാണ് (Pavithran) പിരിച്ചുവിടാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ശുപാർശ നൽകിയത്. ശുപാര്‍ശ കത്ത് റവന്യു വകുപ്പിന് കൈമാറി.

തുടർച്ചയായ അച്ചടക്ക ലംഘനം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. ഇതിനു മുമ്പ് നിരവധി മുന്നറിയിപ്പുകളും താക്കീതുകളും ഇയാൾക്ക് നല്‍കിയിട്ടുണ്ട്. നിരവധി നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാലാണ് പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണം എന്ന ശുപാർശ ജില്ലാ കലക്ടർ സർക്കാരിന് നൽകിയ കത്തിൽ ഉൾപ്പെടുത്തിയത്.

ഹീനമായ നടപടിയെന്ന് മന്ത്രി കെ രാജനും മനുഷ്യത്വരഹിത നടപടി എന്ന് മന്ത്രി വീണാ ജോര്‍ജും വിഷയത്തിൽ പ്രതികരിച്ചിരുന്നു. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates