സുധാകരനെ 'പട്ടിയുടെ വാലിനോട് ഉപമിച്ചു'; എം വി ജയരാജനെതിരെ പരാതി

നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്ന് വി ഡി സതീശൻ ചോദിച്ചു

എം വി ജയരാജന്‍/ഫയല്‍ ചിത്രം
Last Updated :20 January 2024, 9:01 am IST
Edited by :migrator

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നായ പ്രയോഗ വിവാദം കത്തിനില്‍ക്കെ, സിപിഎം നേതാവിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനതിരെയാണ്  യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയത്. 

കെ സുധാകരനെ പട്ടിയുടെ വാലിനോട് ഉപമിച്ചുവെന്നാണ് പരാതി. ജയരാജന്റെ പ്രസ്താവന കലാപമുണ്ടാകണമെന്ന ദുഷ്ടലാക്കോടെയെന്നും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാകില്ലെന്നായിരുന്നു എം വി ജയരാജന്റെ പ്രസ്താവന.

മുഖ്യമന്ത്രിക്കെതിരായ 'ചങ്ങല പൊട്ടിച്ച നായ' പരാമർശത്തിനോട് പ്രതികരിക്കവെയുള്ള ജയരാജന്‍റെ പ്രയോഗമാണ് യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും  രമേശ് ചെന്നിത്തലയും രം​ഗത്തെത്തി. 

ഇപ്പോൾ വിമർശിക്കുന്നവർ ആളുകളെ ഏതൊക്ക ഭാഷയിൽ ആണ് സംസാരിച്ചിട്ടുള്ളതെന്ന് എല്ലാവർക്കും അറിയാം. അധികാരം ഉപയോഗിച്ച് അടിച്ചമർത്താമെന്ന തെറ്റായ ധാരണ ആർക്കും വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്ന് വി ഡി സതീശൻ ചോദിച്ചു. സുധാകരനെതിരെ കേസ് എടുത്തതിനെ അർഹിക്കുന്ന അവജ്ഞയോടെ യു ഡി എഫ് തള്ളിക്കളയുന്നുവെന്നും സതീശൻ പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

News Now