കോവിഡ് പ്രതിസന്ധി; തിരുവനന്തപുരത്ത് ഹോട്ടലുടമ ആത്മഹത്യ ചെയ്തു

കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ കടബാധ്യത മൂലം തിരുവനന്തപുരത്ത് ഹോട്ടലുടമ ജീവനൊടുക്കി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:56 am IST


തിരുവനന്തപുരം: ‌കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ കടബാധ്യത മൂലം തിരുവനന്തപുരത്ത് ഹോട്ടലുടമ ജീവനൊടുക്കി. പന്തുവിള പുത്തൻവീറ്റിൽ വിജയകുമാറാണ് (52) ആത്മഹത്യ ചെയ്തത്. ഹോട്ടലിനു പുറത്തെ ചായ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച കടബാധ്യത മൂലം തിങ്കളാഴ്ച മാത്രം തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെയാളാണ് വിജയകുമാർ. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടുവാപ്പള്ളിയിൽ ന്യൂലാൻഡ് എന്ന പേരിൽ ഹോട്ടൽ നടത്തുകയായിരുന്നു. മിക്ക ദിവസവും രാത്രി ഇദ്ദേഹം ഹോട്ടലിലാണ് കിടന്നുറങ്ങാറുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഞായറാഴ്ച രാത്രി വീട്ടിൽ വരാത്തതിനാൽ വീട്ടുകാർക്ക് സംശയമൊന്നും തോന്നിയില്ല. 

തിങ്കളാഴ്ച രാവിലെ ഹോട്ടൽ അടഞ്ഞുകിടന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോവിഡിനെ തുടർന്ന് വളരെക്കാലം ഹോട്ടൽ അടഞ്ഞുകിടന്നത് സാമ്പത്തികമായി തളർത്തിയിരുന്നു. ഇദ്ദേഹത്തിന് കടബാധ്യതകളും ഉണ്ടായിരുന്നു.

News Now