പ്രതിനിധികള്‍ തമ്മില്‍ ചേരി തിരിഞ്ഞ് വാക്കുതര്‍ക്കം; സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ സമ്മേളനം നിര്‍ത്തിവെച്ചു

മന്ത്രി സജി ചെറിയാനെയും പിപി ചിത്തരഞ്ജന്‍ എംഎല്‍എയെയും അനുകൂലിക്കുന്നവര്‍ തമ്മിലായിരുന്നു തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത്

സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ സമ്മേളനം/ വീഡിയോ ചിത്രം
Last Updated :20 January 2024, 8:52 am IST
Edited by :migrator

ആലപ്പുഴ: സമ്മേളനപ്രതിനിധികള്‍ ചേരിതിരിഞ്ഞ് വാക്കുതര്‍ക്കത്തിൽ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ സമ്മേളനം നിര്‍ത്തിവെച്ചു. മന്ത്രി സജി ചെറിയാനെയും പിപി ചിത്തരഞ്ജന്‍ എംഎല്‍എയെയും അനുകൂലിക്കുന്നവര്‍ തമ്മിലായിരുന്നു തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത്. 

ചിത്തരഞ്ജനെ എതിര്‍പക്ഷത്തുള്ളവര്‍ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചതോടെയാണ് തര്‍ക്കം മുറുകിയതെന്നാണ് റിപ്പോര്‍ട്ട്. ചിത്തരഞ്ജനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ സംസാരമുയര്‍ന്നു. ഇതേത്തുടര്‍ന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഇടപെട്ട് ഇത്തരം സമീപനം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി.

ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ചിത്തരഞ്ജനെതിരെ വിമര്‍ശനമുയര്‍ന്നു. ഇതേത്തുടര്‍ന്നാണ് ഏരിയാ സമ്മേളനം നിര്‍ത്തിവെക്കുന്നതായി ജില്ലാ സെക്രട്ടറി അറിയിച്ചത്. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം നടന്നേക്കുമെന്നാണ് സൂചന. 

ആലപ്പുഴയിലെ വിഭാഗീയതയുടെ ഭാഗമായി എംഎല്‍എയുടെ മണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശങ്ങളിലെ പാര്‍ട്ടി പരിപാടികളില്‍ പിപി ചിത്തരഞ്ജന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. 

തുമ്പോളി, കൊമ്മാടി,ആശ്രമം ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള പരിപാടികളില്‍ സ്ഥലം എംഎല്‍എയായ പി.പി.ചിത്തരഞ്ജന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതാണ് ആരോപണം ഉയര്‍ന്നത്. ആലപ്പുഴ നഗരസഭ ശുചിത്വപദവി പ്രഖ്യാപന ചടങ്ങുകളിലും ചിത്തരഞ്ജനെ പങ്കെടുപ്പിച്ചിരുന്നില്ലെന്നാണ് ആക്ഷേപം.

ആലപ്പുഴ മണ്ഡലത്തിന്റെ ഭാഗമായ പവര്‍ ഹൗസ് വാര്‍ഡില്‍ എംഎല്‍എയെ ഒഴിവാക്കി  മുന്‍മന്ത്രി ജി സുധാകരനാണ് സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചില്ല എന്നാരോപിച്ച് ജി സുധാകരനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now