'കാന്തപുരത്തിന്റേത് സമൂഹത്തിന്റെ മുന്നേറ്റം ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന; ആരായാലും സിപിഎം അംഗീകരിക്കില്ല'

ലോകം തന്നെ ശ്രദ്ധിക്കുന്ന സ്ത്രീ മുന്നേറ്റത്തിന് രൂപം നല്‍കിയ നാടാണ് കേരളം.

MV Govindan
MV Govindan
Edited by :Sujith
Last Updated :7 സെപ്റ്റംബർ 2026, 11:24 am IST

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്ത്രീ പുരുഷ സമത്വം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. ഇത് വലിയ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്ന് എംവി ഗോവിന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

'സമൂഹത്തിന്റെ പൊതുമുന്നേറ്റത്തിന്റെ പ്രസ്താവന് ആര് നടത്തിയാലും അതിനോട് യോജിക്കുന്നതല്ല സിപിഎമ്മിന്റെ നിലപാട്. സ്ത്രീ പുരുഷ സമത്വം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. ഇത് വലിയ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്. ലോകം തന്നെ ശ്രദ്ധിക്കുന്ന സ്ത്രീ മുന്നേറ്റത്തിന് രൂപം നല്‍കിയ നാടാണ് കേരളം. എല്‍ഡിഎഫ് ആണ് കുടുംബശ്രീക്ക് രൂപം നല്‍കിയത്. കേരളത്തിലെ പകുതിയോളം വരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ അതിന്റെ ഭരണസാരഥ്യത്തില്‍ സ്ത്രീകളാണ്. മതത്തിന്റെ ഭാഗമായി അവര്‍ക്ക് പറയാനുള്ള അവകാശങ്ങള്‍ ഉണ്ട്. അതിനെതിരെ ശക്തിയായ പറയാനുള്ള അവകാശം പൊതുസമൂഹത്തിനുമുണ്ട്' എംവി ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കും ആര്‍എസ്എസിനും വേണ്ടി, വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നരനായാട്ടാണ് നടത്തിയതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വന്ദേമാതരം പൂര്‍ണമായി ചൊല്ലി സര്‍വകലാശാലയില്‍ പരിപാടി നടത്തുന്നതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയാണ് പൊലീസ് ചെയ്തത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് കണ്ണിനുള്‍പ്പെടെ പരിക്കേല്‍ക്കുന്നത് പോലെ ആക്രമിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നെഞ്ചിലാണ് ലാത്തി കൊണ്ട് അടിച്ചത്. ഇതിനെയൊക്കെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ന്യായീകരിക്കുകയാണ്. ഗവര്‍ണര്‍ക്കും ആര്‍എസ്എസിനും വേണ്ടി യുഡിഎഫ് സര്‍ക്കാര്‍ എന്തു ചെയ്യുമെന്നതിന്റെ തെളിവാണിതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വന്ദേമാതരം പൂര്‍ണതോതില്‍ പാടുന്നതിനെ എതിര്‍ക്കുന്നവരെ തല്ലിയൊതുക്കാം എന്നത് വ്യാമോഹമാണ്. പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ ഉപ്പെടുത്തി വധശ്രമത്തിന് പോലും കേസെടുക്കുന്നു. ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. വിദ്യാര്‍ഥികളെ ഭയപ്പെടുത്തി മുന്നോട്ടുപോകാം എന്നാണ് കരുതുന്നതെങ്കില്‍ ചരിത്രം പഠിക്കുന്നത് നന്നായിരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

News Now

Summary

CPM Disagrees with Kanthapuram AP Aboobacker Musliyar's Anti-Women Statement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates