'ഇനിയും 25 പേര്‍ മരിച്ചാലേ വീണ്ടും പരിശോധന നടത്തൂ'; വിമര്‍ശനവുമായി എംവി ഗോവിന്ദന്‍

ആളുകള്‍ മരിക്കുമ്പോള്‍ മാത്രമാണ് ബോട്ടുകളില്‍ പരിശോധന നടക്കുന്നത്‌ 

എംവി ഗോവിന്ദന്‍/ ഫയല്‍
Last Updated :20 January 2024, 9:20 am IST

കണ്ണൂര്‍: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വീഴ്ചയില്‍ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആളുകള്‍ മരിക്കുമ്പോള്‍ മാത്രമാണ് ബോട്ടുകളില്‍  പരിശോധന നടത്തുന്നത്. അല്ലാത്തപ്പോള്‍ പരിശോധ നടക്കാറില്ല. ഇനിയും 25 പേര്‍ മരിച്ചാലേ വീണ്ടും പരിശോധന നടത്തൂവെന്നും  എംവി ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് കല്യാശേരി നിയോജകമണ്ഡലം റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇവിടെ ഇപ്പോഴാണെങ്കില്‍ ഒരുപാട് ബോട്ടുണ്ട്. എല്ലാത്തിനും ലൈസന്‍സുണ്ടോയെന്നൊന്നും പറയാനാവില്ല. കാരണം ഇങ്ങനെയുള്ള സംഭവങ്ങള്‍ വരുമ്പോള്‍ മാത്രമാണ് നോക്കാന്‍ പുറപ്പെടുക. ഇല്ലെങ്കില്‍ നോക്കൂല. ഇനി ഇപ്പം ഒരു പത്തിരുപത്തിയഞ്ച് ആള്‍ മരിക്കുന്ന ഒരു സംഭവം വരുമ്പോള്‍ ആദ്യം വീണ്ടും നോക്കാന്‍ തുടങ്ങും. അതുവരെ ഒരുനോട്ടവും ഉണ്ടാകില്ല'- എംവി ഗോവിന്ദന്‍ പറഞ്ഞു. 

അതേസമയം, താനൂരിലെ ബോട്ടപകടത്തില്‍ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയും ബോട്ടുടമയുമായ നാസറിനെ രക്ഷപെടാന്‍ സഹായിച്ചവരാണ് അറസ്റ്റിലായത്. നേരത്തെബോട്ട് ഉടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബോട്ടിലെ സ്രാങ്ക്, സഹായി എന്നിവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. ഉടന്‍ തന്നെ ഇവരെ പിടികൂടുമെന്നും എസ്പി വ്യക്തമാക്കി.

ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെയും മലപ്പുറത്തെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചു.അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂര്‍ പോര്‍ട്ട് പരിധിയില്‍ വരുന്ന ബോട്ട് സര്‍വീസ് നിര്‍ത്തിവെക്കാനാണ് ഉത്തരവ്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം സര്‍വീസ് നടത്താന്‍ അനുമദി നല്‍കും.

താനൂരിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഡിജിപി രൂപീകരിച്ചിട്ടുണ്ട്. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എസ്പി കൊണ്ടോട്ടി, താനൂര്‍ ഇന്‍സ്പെക്ടര്‍, ഡാന്‍സാഫ് ടീം തുടങ്ങിയവര്‍ സംഘത്തിലുണ്ടാകുമെന്ന് എസ്പി സുജിത് ദാസ് പറഞ്ഞു.

അപകടത്തില്‍പ്പെട്ട ബോട്ടില്‍ വിദഗ്ധ പരിശോധന നടത്തും. ഇതിനായി കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അടുത്തു തന്നെ പരിശോധിക്കും. മത്സ്യബന്ധന ബോട്ടിന് രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷിക്കും. ബോട്ടിന് പെര്‍മിറ്റ്, അനുമതി തുടങ്ങിയവ ലഭിച്ചതിനെപ്പറ്റിയും അന്വേഷിക്കുമെന്ന് എസ്പി സുജിത് ദാസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now