താമരശ്ശേരി ചുരം കയറണ്ട, ഗതാഗതക്കുരുക്ക് ഒഴിവാക്കാം, ബദല്‍ റോഡുകള്‍ ഇതാ..

ചുരം റോഡില്‍ നീണ്ട ഗതാഗതക്കുരുക്കുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍

Thamarasseri churam
Thamarasseri churamFile
Edited by :Amal Joy
Last Updated :23 ഓഗസ്റ്റ് 2026, 3:38 pm IST

കല്‍പ്പറ്റ: ഓണം സീസണിലെ അനുകൂല കാലാവസ്ഥ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഓണം അവധിക്ക് വയനാടന്‍ കാഴ്ചകള്‍ കാണാന്‍ വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടുന്നതോടെ താമരശ്ശേരി ചുരം റോഡില്‍ കുരുക്കുകള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും ഉണ്ട്. തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും മറ്റും ചുരം ഇറങ്ങിയെത്തുന്ന വാഹനങ്ങള്‍ കൂടിയാകുന്നതോടെ കുരുക്കു വീണ്ടും മുറുകും.

വാഹനത്തിരക്കു മുന്‍കൂട്ടി കണ്ട് പൊലീസ് പ്രത്യേക നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ചുരം റോഡില്‍ നീണ്ട ഗതാഗതക്കുരുക്കുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വയനാട്ടിലേക്കും തിരിച്ചും ചുരം കടക്കാതെ എത്താവുന്ന ചില ബദല്‍ റോഡുകള്‍ ഏതൊക്കെയെന്നറിയാം.

കോഴിക്കോട് നിന്ന് വയനാട്ടിലെത്തുന്നവര്‍

കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോകുന്നവര്‍ക്ക് നാടുകാണി ചുരം വഴി പോകാം. ദേശീയ പാതയിലുടെ കുന്നമംഗലത്ത് എത്തി മുക്കം അരീക്കോട് നിലമ്പൂര്‍ റോഡ് വഴി അതുമല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് എടവണ്ണപ്പാറ അരീക്കോട് നിലമ്പൂര്‍ റോഡ് വഴിയും പോകാം.

മാനന്തവാടിയിലേക്ക് പോകുന്നവര്‍ക്ക് പേരാമ്പ്ര കുറ്റ്യാടി തൊട്ടില്‍പാലം നിരവില്‍പ്പുഴ റോഡിലൂടെ പോകുന്നതാണ് നല്ല തീരുമാനം. ഇടുങ്ങിയ റോഡ് ആയതിനാല്‍ വലിയ വാഹനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും ഈ പാത അത്ര മെച്ചമാകില്ല. മലയോര പാതയുടെ പണികള്‍ നടക്കുന്നതും വാഹനങ്ങള്‍ക്ക് ഈ പാതയില്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും.

കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്ക്

പേര്യ, പാല്‍ചുരം റോഡുകള്‍, മാഹിതൊട്ടില്‍പാലം റോഡുകളാണ് ഇവിടെ ഉപകാരപ്പെടുക. കണ്ണൂരില്‍ നിന്ന് കൂത്തുപറമ്പ്, പെരിയ വഴി മാനന്തവാടിയില്‍ എത്താം. കണ്ണൂര്‍ കൊട്ടിയൂര്‍ ഇരിട്ടി പേരാവൂര്‍ ബോയ്‌സ് ടൗണ്‍ വഴി മാനന്തവാടിയിലേക്ക് പാല്‍ചുരം റോഡ് വഴി എത്താം. കനത്ത മഴയും മറ്റും പെയ്യുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി ഈ പാതയില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടാകാറുണ്ട് എന്നതാണ് ഒരു പ്രതിസന്ധി. ഈ പാത അത്ര പരിചയം ഇല്ലാത്തവര്‍ക്ക് പകല്‍സമയ യാത്രയ്ക്കാകും ഈ വഴി ഉപകാരപ്പെടുക. കണ്ണൂര്‍-തലശ്ശേരി-മാഹി-തൊട്ടില്‍പാലം വഴിയും മാനന്തവാടിയില്‍ എത്താം.

തെക്കന്‍ ജില്ലകളില്‍നിന്ന്

തെക്കന്‍ ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് പോകുന്നവര്‍ക്ക് നിലമ്പൂര്‍ വഴി ആകും ഉചിതം. മലപ്പുറംകാര്‍ക്കും കോഴിക്കോട് തൊടാതെ പോകാന്‍ ആകുന്ന വഴിയാണിത്. നിലമ്പൂര്‍- വഴിക്കടവ് -നാടുകാണി-ചേരമ്പാടി-വടുവഞ്ചാല്‍ വഴിയാണ് പോകേണ്ടത്. വഴിക്കടവിലെത്തിയാല്‍ ഊട്ടിയിലേക്ക് പോകേണ്ടവര്‍ വലതുവഴി പോകണം. വയനാട്ടിലേക്ക് പോകേണ്ടവര്‍ക്ക് ഇടതു റോഡിലേക്ക് തിരിയാം. ഇതിലൂടെ വടുവഞ്ചാലില്‍ എത്തി ബത്തേരിയിലേക്ക് പോകേണ്ടവര്‍ അവിടെ നിന്ന് വലത്തേക്കു തിരിഞ്ഞും വൈത്തിരി, കല്‍പറ്റ എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ തുടര്‍ന്ന് അവിടെ നിന്ന് കോഴിക്കോട്ടേക്കുള്ള റൂട്ട് ചോദിച്ച് പോകാം.

News Now

Summary

Heading to Wayanad for Onam? Don't cross the Thamarassery pass, avoid traffic jams, know alternative roads

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates