പാലാരിവട്ടം മേല്‍പ്പാലം നാളെ പൂര്‍ത്തിയാകും; തുറന്നു കൊടുക്കേണ്ടത് സര്‍ക്കാര്‍ : ഇ ശ്രീധരന്‍

പാലം പൊതുജനങ്ങള്‍ക്ക് എന്നു തുറന്നുകൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് കേരള സര്‍ക്കാരാണെന്ന് ഇ ശ്രീധരന്‍

ഇ ശ്രീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:41 am IST
Edited by :migrator

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം പുനര്‍ നിര്‍മ്മാണ ജോലി നാളെ പൂര്‍ത്തിയാകുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. നാളെയോ മറ്റന്നാളോ പാലം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് ഔദ്യോഗികമായി കൈമാറും. പാലം പൊതുജനങ്ങള്‍ക്ക് എന്നു തുറന്നുകൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് കേരള സര്‍ക്കാരാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

പാലം പണി വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാനായതില്‍ വളരെ സന്തോഷമുണ്ട്. ഡിഎംആര്‍സി പുനര്‍നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തപ്പോള്‍ 9 മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാമെന്നാണ് സര്‍ക്കാരിന് വാക്കു കൊടുത്തിരുന്നത്. എന്നാല്‍ ഊരാളുങ്കലിന് പണിയുടെ കോണ്‍ട്രാക്റ്റ് നല്‍കിയത് എട്ടുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയിലാണ്. അഞ്ചുമാസം കൊണ്ട് അവര്‍ പണി പൂര്‍ത്തിയാക്കി. 

പണി ഇത്രവേഗം പൂര്‍ത്തിയാക്കിയതിന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നന്ദി പറയുന്നു. നാട്ടുകാര്‍ക്ക് ഈ പാലം എത്രയും വേഗം പണി പൂര്‍ത്തീകരിച്ച് ഉപയോഗപ്രദമാക്കണം എന്ന ഉറ്റ ഉദ്ദേശം മൂലമാണ് ഡിഎംആര്‍സി പാലം പുനര്‍ നിര്‍മ്മാണം ഏറ്റെടുത്തത്. അല്ലാതെ പണം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെയല്ല എന്നും ഇ ശ്രീധരന്‍ പറഞ്ഞു. 

നാട്ടുകാരില്‍ നിന്നും പൊലീസില്‍ നിന്നും മികച്ച സഹകരണം ഉണ്ടായി. അതും വളരെ പെട്ടെന്ന് പാലം പണി പൂര്‍ത്തീകരിക്കാന്‍ സഹായമായി എന്നും ശ്രീധരന്‍ പറഞ്ഞു. പാലാരിവട്ടം പാലത്തിലെ ഭരപരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതേത്തുടര്‍ന്ന് പാലം പരിശോധിക്കാനെത്തിയതായിരുന്നു ഇ ശ്രീധരന്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now