വില്ലനായി എല്‍നിനോ, ജൂലൈ മാസത്തിലും മഴ കുറയും; പ്രവചനവുമായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ജൂലൈ മാസത്തിലും സാധാരണയേക്കാള്‍ കുറവ് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

 El Nino Effect
El Nino EffectAI image
Edited by :Dhanoj AM
Last Updated :30 ജൂൺ 2026, 7:22 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തിലും സാധാരണയേക്കാള്‍ കുറവ് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്‍നിനോ സാഹചര്യം തുടരുന്നതാണ് ഇതിന് കാരണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ജൂണ്‍ മാസത്തില്‍ സംസ്ഥാനത്തിന് പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. മാസവസാനമാണ് മഴ അല്‍പ്പമെങ്കിലും ശക്തിപ്രാപിച്ചത്.

തുടര്‍ന്നുള്ള കാലവര്‍ഷ മാസങ്ങളില്‍ എല്‍നിനോ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (Indian Ocean Dipole - IOD) ഇപ്പോള്‍ ന്യൂട്രല്‍ (Neutral) സ്ഥിതിയിലാണ് തുടരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉള്‍പ്പെടെയുള്ള ആഗോള കാലാവസ്ഥാ മോഡലുകളുടെ പ്രവചനപ്രകാരം, ന്യൂട്രല്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ സ്ഥിതി മുഴുവന്‍ കാലവര്‍ഷ സീസണിലും തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അഞ്ച് ദിവസം ശക്തമായ മഴ

അതിനിടെ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നു നാളെയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

News Now

Summary

El Nino: rains will decrease in July as well; Meteorological Department predicts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates