കേരളത്തിന്റെ മതനിരപേക്ഷതയെ പുകഴ്ത്തിയ ഫാറൂഖ് അബ്ദുള്ള കേരളത്തില്‍ എല്ലാ മതസ്ഥര്‍ക്കും ഒരേപോലെ ജീവിക്കാന്‍ കഴിയുന്നെന്നും എല്ലാവരെയും ഒരേ പോലെ കാണുന്നെന്നും അദ്ദേഹം പറഞ്ഞു

Farooq Abdullah hugs Chief Minister Pinarayi Vijayan in an emotional moment at the Vision 2031 venue
വേദിയില്‍ വച്ച് മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കുന്ന ഫാറൂഖ് അബ്ദുള്ള
Last Updated :17 February 2026, 2:17 pm IST

News Now

തിരുവനന്തപുരം: വിഷന്‍ 2031 വേദിയില്‍ വികാരാധീനനായി കണ്ണീരണിഞ്ഞ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള. കേരളം മതനിരപേക്ഷതയുടെ നാടാണെന്നും കശ്മീരില്‍ തങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്നറിയാമോയെന്നും ഫാറൂഖ് അബ്ദുളള ചോദിച്ചു. മതനിരപേക്ഷത, ജനാധിപത്യം, സംവേദാനാത്മക സര്‍ക്കാര്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ അടിച്ചമര്‍ത്തുന്നവരും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരും തോറ്റുപോകുമെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ച ഫാറുഖ് അബ്ദുള്ള വേദിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ചു. കേരളത്തിന്റെ മതനിരപേക്ഷതയെ പുകഴ്ത്തിയ ഫാറൂഖ് അബ്ദുള്ള കേരളത്തില്‍ എല്ലാ മതസ്ഥര്‍ക്കും ഒരേപോലെ ജീവിക്കാന്‍ കഴിയുന്നെന്നും എല്ലാവരെയും ഒരേ പോലെ കാണുന്നെന്നും പറഞ്ഞു. ജമ്മുവിലെ കുട്ടികള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് അറിയാമോയെന്ന് ചോദിച്ചായിരുന്നു ഫാറൂഖ് വികാരാധീനനായത്.

കേന്ദ്രം പലതരത്തിലും പ്രത്യേകിച്ച് സാമ്പത്തികമായി ഞെരുക്കാന്‍ ശ്രമിച്ചെങ്കിലും അതിനെ അതിജീവിക്കാന്‍ കേരളത്തിന് കഴിയുന്നു. വികസന നേട്ടങ്ങളില്‍ തനതായ മാര്‍ഗങ്ങളില്‍ കേരളം മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസ്റ്റ് ശക്തികൾ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ വേണ്ടി മാത്രം ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലായിടത്തും ഒരൊറ്റ ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ നാനാത്വം തകർന്നാൽ അത് രാജ്യത്തിന്റെ തന്നെ അന്ത്യമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുകയാണെന്നും, തന്റെ സ്വന്തം സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയെന്നും അദ്ദേഹം വേദനയോടെ പറഞ്ഞു.

ലഫ്റ്റനന്റ് ഗവർണർ ഭരിക്കുന്ന കശ്മീരിലെ ജനങ്ങൾ അതിഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ തീവ്രവാദം അവസാനിച്ചെന്ന വാദം തെറ്റാണെന്ന് പഹൽഗാമിലെയും പുൽവാമയിലെയും സംഭവങ്ങൾ തെളിയിക്കുന്നു. വേദിയിൽ വികാരാധീനനായി സംസാരിച്ച അദ്ദേഹം, കശ്മീരിലെ കുട്ടികൾ വലിയ ബുദ്ധിമുട്ടിലൂടെയാണ് വിദ്യാഭ്യാസം നേടുന്നതെന്ന് വെളിപ്പെടുത്തി. എങ്കിലും, ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരും ജനങ്ങളെ അടിച്ചമർത്തുന്നവരും ഒടുവിൽ പരാജയപ്പെടുമെന്നും, നമ്മൾ ജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു.

Summary

Farooq Abdullah hugs Chief Minister Pinarayi Vijayan in an emotional moment at the Vision 2031 venue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates