അക്കൗണ്ടില്‍ പണമെത്തിയാല്‍ എംഡിഎംഎ കൈപ്പറ്റാന്‍ ലൊക്കേഷന്‍ കിട്ടും !; അധ്യാപികമാര്‍ 'ഓപ്പറേഷന്‍ തൂഫാനില്‍' കുടുങ്ങി, അറസ്റ്റ്

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കീര്‍ത്തനയെ ജോലിയില്‍ നിന്നും ബിആര്‍സി അധികൃതര്‍ പിരിച്ചു വിട്ടു

kavya
കാവ്യ
Edited by :Jayakumar
Last Updated :26 ജൂലൈ 2026, 11:33 am IST

കോഴിക്കോട്: ലഹരിമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റില്‍. കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കാവ്യ (29)യാണ് ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങിയത്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയാണ് ഇവര്‍.

ഈ മാസം 11 ന് കാവ്യയുടെ സുഹൃത്തും പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികയുമായ മരുതോങ്കര സ്വദേശിനി കീര്‍ത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കീര്‍ത്തനയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാവ്യയിലേക്കെത്തിയത്.

അന്വേഷണത്തില്‍ ഇവര്‍ ലഹരി ഇടപാടിലെ കണ്ണികളാണെന്ന് പൊലീസിന് വ്യക്തമായി. എംഡിഎംഎ ആവശ്യമുള്ളവര്‍ കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പണം ലഭിച്ചാല്‍ ഫോണില്‍ ലൊക്കേഷന്‍ നല്‍കും. ഇവിടെ മറ്റൊരാള്‍ എത്തി എംഡിഎംഎ കൈമാറുകയാണ് പതിവ്.

എംഡിഎംഎ വില്‍പ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് കീര്‍ത്തന പ്രവര്‍ത്തിച്ചിരുന്നത്. കീര്‍ത്തനയുടെ അക്കൗണ്ടിലെത്തുന്ന പണം കാവ്യയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നത്. എംഡിഎംഎ വിതരണക്കാരുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം.

വടകര സ്വദേശിയായ യുവാവിനെ എംഡിഎംഎ സഹിതം പിടികൂടിയ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് കീര്‍ത്തനയെ സ്‌പെഷലിസ്റ്റ് അധ്യാപികയുടെ ജോലിയില്‍ നിന്നും ബിആര്‍സി അധികൃതര്‍ പിരിച്ചു വിട്ടു. കരാര്‍ അടിസ്ഥാനത്തിലാണ് കീര്‍ത്തന ജോലി ചെയ്തിരുന്നത്.

News Now

Summary

Female teachers caught in 'Operation Toofan'; arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates