ഇന്ധനനികുതി; കുറയ്ക്കില്ലെന്ന് സർക്കാർ, കോൺ​ഗ്രസിന്റെ ചക്രസ്തംഭന സമരം നാളെ

രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:51 am IST

തിരുവനന്തപുരം; കേരളത്തില്‍ ഇന്ധനനികുതി കുറയ്ക്കാത്ത സംസ്ഥാനസര്‍ക്കാര്‍ നടപടിക്കെതിരെ കോൺ​ഗ്രസിന്റെ പ്രതിഷേധ സമരം നാളെ. ചക്രസ്തംഭന സമരം നടത്തിയാകും പ്രതിഷേധം. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. സമരത്തെ തുടർന്ന് ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിൽ വീഴേണ്ട എന്ന നിലയിലാണ് സർക്കാർ.

പ്രതിവര്‍ഷം 2000 കോടി രൂപയുടെ അധിക വരുമാനമാണ് നികുതി വര്‍ധനവിലൂടെ  സര്‍ക്കാര്‍ വാങ്ങിയത്. നാളിതുവരെ 18,000 കോടി രൂപ ഇന്ധനത്തിന്റെ നികുതി വരുമാനമായി സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. ധനമന്ത്രിയുടെ വൈദഗ്ധ്യമോ തത്വശാസ്ത്രമോ അല്ല ജനങ്ങള്‍ക്ക് ആവശ്യം. പ്രായോഗിതതലത്തില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ഇടതുസര്‍ക്കാരിന് താല്‍പ്പര്യമുണ്ടോ ഇല്ലയോ എന്നതാണെന്ന് കെ സുധാകരന്‍ പറഞ്ഞു. 

കേന്ദ്രം സെസ് കുറച്ചതിന് ആനുപാതികമായി കേരളത്തിലും നികുതി കുറച്ചു. കേന്ദ്രം ഇനിയും കുറച്ചാൽ കേരളത്തിലും ആനുപാതികമായി കുറയും. അതിനാൽ ഇനിയും നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ ആഹ്വാനമനുസരിച്ച് നികുതികുറച്ചത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ബി.ജെ.പി.യുടെ മുഖം രക്ഷിക്കാനാണിത്. ആ രാഷ്ട്രീയ തീരുമാനത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന സമീപനമാണ് എൽ.ഡി.എഫ്. സർക്കാരിന്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now