അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചെന്ന് അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം

H Salam
എച്ച് സലാം
Last Updated :12 March 2026, 3:06 pm IST

News Now

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചെന്ന് അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം. വളരെ കാലമായി ആലോചിച്ച് പ്ലാന്‍ ചെയ്ത് തീരുമാനിച്ച കാര്യമാണ് നടക്കുന്നത്. പാര്‍ട്ടിയില്‍ ആര്‍ക്കും ലഭിക്കാത്ത പരിഗണനയാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും എച്ച് സലാം മാധ്യമങ്ങളോട് പറഞ്ഞു.

'അരങ്ങേറുന്ന നാടകത്തിന്റെ ഒരു രംഗം മാത്രമാണ് കണ്ടത്. രണ്ടു രംഗം കൂടി വരാനുണ്ട്. ഒന്ന് യുഡിഎഫിന്റേതാണ്. മറ്റൊന്ന് ബിജെപിയുടേതാണ്. ഇത് ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട കാര്യമല്ല. വളരെ കാലമായി ആലോചിച്ച് പ്ലാന്‍ ചെയ്ത് തീരുമാനിച്ച കാര്യമാണ് നടക്കുന്നത്. സംഭവിക്കുന്ന കാര്യങ്ങള്‍ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാകും. പാര്‍ട്ടിയില്‍ ആര്‍ക്കും ലഭിക്കാത്ത പരിഗണനയാണ് അദ്ദേഹത്തിന് ലഭിച്ചത്. 2021 വരെ സ്ഥാനമാനങ്ങള്‍ വഹിച്ച ആള്‍. വിഎസ് പോലും ഇത്രയും മത്സരിച്ച് കാണില്ല. അത്രയും പരിഗണന ലഭിച്ച ആളാണ് ജി സുധാകരന്‍. ഇതുപോലെയുള്ള ഒരാളാണ് പാര്‍ട്ടിയെ ചതിച്ചത്. ഇത്തരത്തിലുള്ള ഒരു നിലപാട് ആരെങ്കിലും സ്വീകരിച്ചാല്‍ എങ്ങനെയാണ് പാര്‍ട്ടി അതുപോലെയുള്ള ആളുകളെ നേരിടേണ്ടത് എന്ന് അദ്ദേഹം മുന്‍കാലങ്ങളില്‍ തങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അണനിരത്തി പാര്‍ട്ടി ഇതിനെ നേരിടും'- എച്ച് സലാം പറഞ്ഞു.

'അമ്പലപ്പുഴയില്‍ 15 ആളുകള്‍ പോലും പാര്‍ട്ടിയില്‍ നിന്ന് പോകില്ല. 33 ആളുകള്‍ മാറിയ കൂട്ടത്തിലാണ് അന്ന് അദ്ദേഹവും മാറിയത്. പാര്‍ട്ടിയുടെ അടുത്ത് പോയി സ്ഥാനാര്‍ഥിയാക്കണമെന്ന് പറഞ്ഞിട്ടല്ല എന്നെ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 33 സീറ്റുകളില്‍ പുതിയ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അമ്പലപ്പുഴയില്‍ അദ്ദേഹം മത്സരിക്കുന്നില്ല എന്ന് പാര്‍ട്ടി നിശ്ചയിപ്പോള്‍ പകരം എന്റെ പേരാണ് നിശ്ചയിച്ചത്. എനിക്ക് അന്ന് ഉണ്ടായ അനുഭവത്തില്‍ മനഃസാക്ഷിക്ക് അനുസരിച്ച് ഞാന്‍ പൂര്‍ണമായി പറഞ്ഞിട്ടില്ല. എനിക്ക് എതിരെ ചെയ്ത കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന് എനിക്ക് അറിയാം. തെളിവുകള്‍ ഇപ്പോഴും കൈവശമുണ്ട്. എന്നിട്ടും ഞാന്‍ മൊഴി കൊടുത്തിട്ടില്ല. അത് എന്റെ മാന്യതയാണ്'- എച്ച് സലാം കൂട്ടിച്ചേര്‍ത്തു.

Summary

G Sudhakaran has betrayed the party, not even 15 people in Ambalappuzha will leave the party; H Salam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates