നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

എറണാകുളത്ത് എന്‍ഐഎയ്ക്ക് രണ്ട് കോടതികള്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചു

Chief Minister VD Satheesan
Chief Minister VD Satheesanഫയൽ
Edited by :Jayakumar
Last Updated :16 സെപ്റ്റംബർ 2026, 12:00 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നിക്ഷേപങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം കൊടുത്തതായി മുഖ്യമന്ത്രി വിഡി സതീശന്‍. സരള്‍ കേരളം എന്നാണ് ഇതിന് പേര്. സിംപ്ലിഫൈഡ് ആന്റ് ആക്‌സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവല്‍ ആന്‍ ലൈസന്‍സസ് എന്നതാണ് സരള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദ്ധതി പ്രകാരം നിലവിലുള്ള 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

25 കോടി മുതല്‍ 50 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ജില്ലാ തലത്തിലുള്ള ബോഡിയും, 50 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന തലത്തിലുള്ള ബോഡിയുമാണ് അപ്രൂവല്‍ നല്‍കുക. ഒരു പ്രൊപ്പോസല്‍ വന്നാല്‍ എത്ര ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കി തിരിച്ചയക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. ഒരു വകുപ്പുകളുടെയും അധികാരം കവരുന്നില്ല. വകുപ്പുകള്‍ നിശ്ച സമയത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം. കെഎസ്‌ഐഡിസിയെയാണ് ഏകോപനത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഏതെങ്കിലും വകുപ്പിന് അവരുടെ നിബന്ധനകള്‍ക്ക് വിധേയമല്ല പദ്ധതിയെന്ന് പരാതി പറഞ്ഞാല്‍ അപ്പീല്‍ പരിഹാരം കൂടി പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിക്ഷേപങ്ങളുമായി വരുന്നവര്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ, നടപടികള്‍ ലളിതവല്‍ക്കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് കേരളത്തിന്റെ നിക്ഷേപരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിക്കും. നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള വിപ്ലവകരമായ ചുവടുവെയ്പാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളത്ത് എക്‌സ്‌ക്ലൂസിവായി എന്‍ഐഎയ്ക്ക് രണ്ട് കോടതികള്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. സംസ്ഥാനം അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ് -2വില്‍ 18 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. പല ആശുപത്രികളിലും റേഡിയോഗ്രാഫര്‍മാരുടെ കുറവ് രോഗികളെ ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു.

News Now

Summary

Government launches 'Saral Keralam' scheme to expedite investment approvals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates