ഗോവിന്ദച്ചാമിയുടെ തയ്യാറെടുപ്പുകള്‍ കണ്ടെത്താനായില്ല, ജയില്‍ ചാട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച: ജ. സിഎന്‍ രാമചന്ദ്രന്‍ നായര്‍

ജയിലിലെ സുരക്ഷ സംബന്ധിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധകള്‍ക്ക് ശേഷമാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുടെ പ്രതികരണം

Justice CN Ramachandran Nair
Govindachamy s prison break Justice CN Ramachandran Nair
Edited by :Anoop N P
Last Updated :20 ഓഗസ്റ്റ് 2025, 3:26 pm IST

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് അന്വേഷണ സംഘം. ജയില്‍ ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതിയിലെ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ആണ് ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടിയത്. ജയില്‍ ചാട്ടത്തിനായി ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് ഗോവിന്ദച്ചാമി നടത്തിയത് ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് കണ്ടെത്താനായില്ല. സെല്ലിന്റെ കമ്പി മുറിക്കാന്‍ ഉപയോഗിച്ച ആയുധം എതാണെന്നതില്‍ അവ്യക്ത നിലനില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സെല്ലിന്റെ കമ്പികള്‍ മുറിക്കാന്‍ ഉപയോഗിച്ചെന്ന് പറയുന്ന പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് കമ്പി മുറിക്കുക എളുപ്പമല്ല. കാലപഴക്കം ചെന്ന സെല്ലുകള്‍ ജയില്‍ സുരക്ഷയ്ക്ക് ഭീഷണിയാണ്. പലയിടങ്ങളിലും ജയില്‍ ചുറ്റുമതില്‍ തകര്‍ച്ച ഭീഷണിയിലാണ്. ഇത്തരം വിഷയങ്ങള്‍ ഒന്നും ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലായെന്നത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.

ജയിലിലെ സുരക്ഷ സംബന്ധിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധകള്‍ക്ക് ശേഷമാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുടെ പ്രതികരണം. മുന്‍ ഡിജിപി ജേക്കബ് പുന്നൂസും പരിശോധന നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളും സന്ദര്‍ശിച്ച് അന്വേഷണ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം നടന്ന ജയില്‍ സുരക്ഷാ അവലോകന യോഗത്തിലാണ് അന്വേഷണത്തിനായി രണ്ടംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

News Now

Summary

Govindachamy's prison break Justice CN Ramachandran Nair reaction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates