
ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍; ഉത്രാടം മുതല്‍ ചതയം വരെ സ്പെഷ്യല്‍ ദര്‍ശനം; തിരുവോണത്തിന് പതിനായിരം പേര്‍ക്ക് വിശേഷാല്‍ പ്രസാദ ഊട്ട്
ഓണനാളുകളില്‍ ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കും.

ഗുരുവായൂര്‍: തിരുവോണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍. തിരുവോണാഘോഷത്തിന്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം, വിശേഷാല്‍ കാഴ്ചശീവേലി ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകള്‍ക്കായി ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓണപ്പുടവ സമര്‍പ്പണം
തിരുവോണ നാളില്‍ (ഓഗസ്റ്റ് 26, ബുധനാഴ്ച ) പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ കാഴ്ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമര്‍പ്പിക്കും. ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമര്‍പ്പിക്കാം.
തിരുവോണത്തിന് പതിനായിരം പേര്‍ക്ക് വിശേഷാല്‍ പ്രസാദ ഊട്ട്
തിരുവോണത്തിന് പതിനായിരം പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. 2 മണി മുതല്‍ ബുഫേ തുടങ്ങും. കാളന്, ഓലന്‍, എരിശ്ശേരി, അവിയല്‍,പഴം പ്രഥമന്‍, മോര്, കായവറവ് ,പപ്പടം,അച്ചാര്‍, ഉള്‍പ്പെടെയുളള വിഭവങ്ങള്‍ ഉണ്ടാകും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.
വിശേഷാല്‍ കാഴ്ച ശീവേലി
തിരുവോണ ദിവസംരാവിലെ കാഴ്ചശീവേലിക്ക് ഗജവീരന് ബല്‍റാം, ബാലകൃഷ്ണന്, ജൂനിയര്‍ വിഷ്ണു, ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്ര സെന്‍, വിനായകന്, ചെന്താമരാക്ഷന്, രാത്രി ശീവേലിക്ക് രാജശേഖരന്, ഗോപാലകൃഷ്ണന്, ശങ്കരനാരായണന് എന്നീ ദേവസ്വം കൊമ്പന്മാര് കോലമേറ്റും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും സംഘവും ഉച്ച കഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂര്‍ ശശിമാരാരും സംഘവും മേളം ഒരുക്കും.
തിരുവോണാഘോഷത്തിന് 19.10 ലക്ഷം
2026 വര്‍ഷത്തെ തിരുവോണാഘോഷത്തിനായി 19, 10,000 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നല്കി.
ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം
ഉത്രാട ദിനത്തില്‍ (ഓഗസ്റ്റ് 25, ചൊവ്വാഴ്ച) രാവിലെ ശീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമര്പണം. സ്വര്‍ണക്കൊടിമരച്ചുവട്ടിലാണ് ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി ആദ്യം കാഴ്ചക്കുല സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണ സമിതി അംഗങ്ങളും കൊടിമര ചുവട്ടില്‍ കാഴ്ചക്കുല സമര്‍പ്പിക്കും. കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേ നട തിടപ്പള്ളി വാതില്‍ സമീപത്ത്കൂടി (ക്രൂവളത്തിന് സമീപം) വരിനില്‍ക്കാനും ഇരിക്കാനും സൗകര്യം ഒരുക്കും.
ദര്‍ശന നിയന്ത്രണം
ഓണനാളുകളില്‍ ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കും. പൊതുവരി നില്ക്കുന്ന ഭക്തര്‍ക്കാണ് ദര്‍ശനത്തിന് മുന്‍ഗണന. ഭക്തരുടെ സൗകര്യാര്‍ത്ഥം പൊതു അവധി ദിനങ്ങളായ ഉത്രാടം തുടങ്ങി ചതയം ദിനം വരെ (ഓഗസ്റ്റ് 25 മുതല്‍ ഓഗസ്റ്റ് 28 വരെ) രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ സ്പെഷ്യല്‍ ദര്‍ശനം നിയന്ത്രിക്കും. ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Guruvayur is getting ready for the Thiruvonam celebrations
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


