അഷ്ടമി രോഹിണി: ഗുരുവായരൂരില്‍ സ്പെഷ്യല്‍ ദര്‍ശനത്തിന് നിയന്ത്രണം; ശയനപ്രദക്ഷിണമില്ല; വിശേഷാല്‍ പ്രസാദം ഊട്ട്
രസകാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, പച്ചടി, മെഴുക്കുപുരട്ടി, ശര്‍ക്കരവരട്ടി, കായ വറവ്, അച്ചാര്‍, പുളി ഇഞ്ചി,പപ്പടം,മോര്, പാല്പായസം എന്നിവ ഉള്‍പ്പെടുന്ന വിഭവങ്ങള്‍ ഭക്തര്‍ക്ക് ധന്യതയേകും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കെല്ലാം സുഖ ദര്‍ശനമൊരുക്കാന്‍ ദേവസ്വം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അന്നേ ദിവസം വി.ഐ.പി / സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു
അഷ്ടമിരോഹിണി ആഘോഷം: 36.82 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്
ഭഗവാന്റെ പിറന്നാള്‍ ദിനത്തില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും വിശേഷാല്‍ പ്രസാദ ഊട്ട് നല്‍കും.പ്രസാദ ഊട്ടിനു മാത്രമായി 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയ്യാറാക്കി നല്‍കാനും അനുമതി നല്കി. അഷ്ടമിരോഹിണി ആഘോഷ നടത്തിപ്പിനായി 36,82,000 രൂപയുടെ എസ്റ്റിമേറ്റിനും ദേവസ്വം അനുമതി നല്‍കിയിട്ടുണ്ട്.
വിശേഷാല്‍ കാഴ്ചശീവേലി
അഷ്ടമിരോഹിണി ദിനത്തില്‍ രാവിലെയും ഉച്ചയ്യ്ക്കും രാത്രിയിലുമുള്ള വിശേഷാല്‍ എഴുന്നെള്ളിപ്പിന് ദേവസ്വം ഗജവീരന് ഇന്ദ്ര സെന്‍ സ്വര്‍ണ്ണക്കോലമേറ്റും. ഗോപാലകൃഷ്ണന്, വിനായകന് എന്നീ ദേവസ്വം കൊമ്പന്മാര് പറ്റാനകളാകും. രാവിലെയുള്ള കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണന് ,ഗുരുവായൂര്‍ സന്തോഷ് മാരാര്‍ & പാര്‍ടി മേളം ഒരുക്കും. ഉച്ചയ്ക്കും രാത്രി വിളക്കിനും പഞ്ചവാദ്യത്തിന് തിമിലയില്‍ ചോറ്റാനിക്കര നന്ദപ്പന് മാരാരും സംഘവും. മദ്ദളം - കലാമണ്ഡലം കുട്ടി നാരായണന് & പാര്‍ട്ടി, ഇടയ്ക്ക - പല്ലശ്ശന സുധാകരന് & പാര്‍ട്ടി, കൊമ്പ്- പേരാമംഗലം വിജയന് & പാര്‍ട്ടി, ഇലത്താളം - പാഞ്ഞാള്‍ വേലുക്കുട്ടി & പാര്‍ട്ടി എന്നീ കലാകാരന്മാര് അണിനിരക്കും. ഗുരുവായൂര്‍ ശശി മാരാരും സംഘവും സന്ധ്യാതായമ്പക ഒരുക്കും. രാത്രി വിളക്കിന് വിശേഷാല്‍ ഇടയ്ക്ക - ഗുരുവായൂര്‍ ശശി മാരാര്‍, നാദസ്വരപ്രദക്ഷിണം - നെന്മാറ കണ്ണന്
വിശേഷാല്‍ പ്രസാദം ഊട്ട്
ഗുരുവായൂരപ്പന് നേദിച്ച പാല്‍പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ പ്രസാദം ഊട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, പച്ചടി, മെഴുക്കുപുരട്ടി, ശര്‍ക്കരവരട്ടി, കായ വറവ്, അച്ചാര്‍, പുളി ഇഞ്ചി,പപ്പടം,മോര്, പാല്പായസം എന്നിവ ഉള്‍പ്പെടുന്ന വിഭവങ്ങള്‍ ഭക്തര്‍ക്ക് ധന്യതയേകും.
പ്രസാദ ഊട്ട് 9 മണിക്ക് തുടങ്ങും
അഷ്ടമി രോഹിണി നാളിലെ വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നില്‍പ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പന് ഓഡിറ്റോറിയത്തിലും അതിന് സമീപമൊരുക്കുന്ന പന്തലിലും പ്രസാദംഊട്ട് നല്‍കും. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തു ഒരുക്കും.തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പന് ആഡിറ്റോറിയത്തിലേക്കുളള ക്യൂ പട്ടര്കുളത്തിന് വടക്ക്ഭാഗത്തായി ഒരുക്കും. പ്രസാദ ഊട്ട് ഭക്തര്‍ക്ക് നല്കാന് ദേവസ്വം ജീവനക്കാര്‍ക്ക് പുറമെ 150 പ്രഫഷണല്‍ വിളമ്പുകാരെ നിയോഗിക്കും.
ശയന പ്രദക്ഷണമില്ല; സ്പെഷ്യല്‍ദര്‍ശനം നിയന്ത്രിക്കും
അഷ്ടമിരോഹിണി നാളില്‍ അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്പെഷ്യല്‍ ദര്‍ശനത്തിന് രാവിലെ 6 മുതല്‍ ക്ഷേത്രത്തില്‍ നിയന്ത്രണമുണ്ടാകും. കൂടുതല്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനാണ് നടപടി. സീനിയര്‍ സിറ്റിസണ്‍ ദര്‍ശനം രാവിലെ നാലര മണി മുതല്‍ തുടങ്ങി അഞ്ചര മണിവരെയും വൈകിട്ട് 5 മുതല്‍ 6 വരെയുമാകും. തദ്ദേശീയര്‍ക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയത്ത് ദര്‍ശനം അനുവദിക്കും. ബാക്കിയുള്ള സമയങ്ങളില്‍ പൊതു വരിസം വിധാനം മാത്രമാകും. ക്ഷേത്രത്തില്‍ വിശേഷാല്‍ കാഴ്ച ശീവേലി നടക്കുന്നതിനാല്‍ ശയനപ്രദക്ഷിണത്തിനും ദര്‍ശനത്തിനും നിയന്ത്രണം ഉണ്ടാകും.
ദര്‍ശനം ലഭിച്ച ഭക്തര്‍ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തെത്തണം. എന്നാലേ ദര്‍ശനം കാത്തിരിക്കുന്ന ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാകൂ. ക്ഷേത്ര ദര്‍ശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനില്‍ക്കാന്‍ സൗകര്യം ഒരുക്കും. ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ ദര്‍ശനം അനുവദിക്കും. അഷ്ടമിരോഹിണി നാളില്‍ നിര്‍മ്മാല്യം മുതല്‍ ദര്‍ശനത്തിനുള്ള ക്യൂ ക്ഷേത്രത്തിലേക്ക് പതിവ് പോലെ ഫ്ളൈ ഓവര്‍ വഴി വിടും. സീനിയര്‍ സിറ്റിസണ്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊടിമരം വഴി ദര്‍ശനത്തിന് അനുവദിക്കും.
അഷ്ടമിരോഹിണി അപ്പം വഴിപാട്
അപ്പവും പാല്‍പ്പായസവുമാണ് അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടുകള്‍.എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. 7.25 ലക്ഷം രൂപയാണ് അപ്പം എസ്റ്റിമേറ്റ് തുക. രശീതിന് 35രൂപയാണ് നിരക്ക്. ഒരാള്‍ക്ക് പരമാവധി 700 യുടെ അപ്പം (20 ശീട്ട്) ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാകും അപ്പം ശീട്ടാക്കലും വിതരണവും.ചെക്കോ,ഡിമാന്റ് ഡ്രാഫ്റ്റോ സ്വീകരിക്കില്ല. സെപ്റ്റംബര്‍ 3ന് ഉച്ചതിരിഞ്ഞ് 3.30 മുതല്‍ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള കൗണ്ടര്‍ വഴി അപ്പം വഴിപാട് ശീട്ടാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഒരാള്‍ക്ക് അപ്പം വഴിപാട് 10 ശീട്ടാക്കി (350 രൂപാ ) നിജപ്പെടുത്തിയിട്ടുണ്ട്. 10.8 ലക്ഷം രൂപയുടെ പാല്പായസം വഴിപാടിനുള്ള എസ്റ്റിമേറ്റും അംഗീകരിച്ചിട്ടുണ്ട്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Ashtami Rohini: Restrictions on Special Darshan in Guruvayur; No Shayana Pradakshinam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

