1526 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയ കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി

കുറ്റകൃത്യത്തിന് പങ്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി പ്രതികളെ കുറ്റവിമുക്തമാക്കിയത്.

court
20 പേരെ കടലില്‍ വച്ചും 4 പേരെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് വെച്ചും അറസ്റ്റ് ചെയ്തിരുന്നു.പ്രതീകാത്മക ചിത്രം
Edited by :ആതിര അഗസ്റ്റിന്‍
Last Updated :15 മാർച്ച് 2025, 5:54 pm IST

കൊച്ചി: 1526 കോടി വിലമതിക്കുന്ന ഹെറോയിന്‍ കടലില്‍ വച്ച് പിടികൂടിയ കേസില്‍ പ്രതികളെ വെറുതെ വിട്ട് കോടതി. ലക്ഷദീപിന് അടുത്ത് കടലില്‍ രണ്ട് ബോട്ടുകളില്‍ നിന്ന് 1526 കോടി വിലമതിക്കുന്ന 218 കിലോ ഗ്രാം ഹെറോയിന്‍ പിടികൂടിയ കേസില്‍ വിചാരണ നേരിട്ട പ്രതികളെ മുഴുവന്‍ എറണാകുളം അഡീഷണല്‍ സെഷന്‍ കോടതി വെറുതെ വിട്ടു.

കുറ്റകൃത്യത്തിന് പങ്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി പ്രതികളെ കുറ്റവിമുക്തമാക്കിയത്. 20 പേരെ കടലില്‍ വച്ചും 4 പേരെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് വെച്ചും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മൊത്തം പിടിയിലായ 24 പേരും ജയിലില്‍ നിന്ന് നേരിട്ട് വിചാരണ നേരിട്ട ശേഷമാണ് മോചിതരാകുന്നത്. 2022 മെയ് മാസത്തിലാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ വച്ച് ഹെറോയിന്‍ ഒളിപ്പിച്ചിരുന്ന രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍ എടുക്കുന്നത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കസ്റ്റഡിയില്‍ എടുത്ത് കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു.

മത്സ്യ ബന്ധനത്തിന് പോയ തന്റെ മക്കളെ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ള കടത്ത് സംഘം കടലില്‍ വച്ച് ഭീഷണിപ്പെടുത്തി കുടുക്കിയതാണെന്ന് കാണിച്ച് ഒന്നും രണ്ടും പ്രതികളുടെ മാതാവ് വത്സല പരാതി നല്‍കി .

ഇതെത്തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ അഡ്വ.കുളത്തൂര്‍ ജയ്സിങ്, ആര്‍ ഗോപന്‍ എന്നിവര്‍ മുഖാന്തിരം ഇവര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. വിദേശ കപ്പലില്‍ നിന്ന് ആഴക്കടലില്‍ വച്ച് ബോട്ടുകള്‍ക്ക് കൈമാറി ആളുകളെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും ഉപയോഗപ്പെടുത്തി കടല്‍ മാര്‍ഗ്ഗം ലഹരി കള്ളക്കടത്ത് നടത്തുന്ന സംഘത്തെ പിടികൂടുന്നതിനോ, കുറ്റകൃത്യത്തിന് ഉപയോഗിക്കുന്ന വിദേശ കപ്പലുകളെ കസ്റ്റഡിയില്‍ എടുക്കുന്നതിനോ തയ്യാറാകുന്നില്ലെന്ന ആരോപണവും റിട്ട് ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളുടെ മാതാവ് നല്‍കിയ പരാതിയില്‍ തീരുമാനമെടുക്കുവാന്‍ ഹൈക്കോടതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒന്നും രണ്ടും പ്രതികളുടെ ജാമ്യം ഹൈക്കോടതി നിരസിച്ചെങ്കിലും കുറ്റപത്രം വായിച്ച് കഴിഞ്ഞു 6 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now