'അതെന്താ അത്ഭുതമാണോ...?' കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെക്കുറിച്ച് കെ സുധാകരന്‍

മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടക്കട്ടെ. ചര്‍ച്ചകള്‍ നടന്നാലല്ലേ തീരുമാനങ്ങള്‍ വരൂ. തീരുമാനം വന്നാലല്ലേ കാര്യങ്ങള്‍ നടക്കൂ

k sudhakaran
കെ സുധാകരന്‍ ഫയല്‍
Edited by :ആതിര അഗസ്റ്റിന്‍
Last Updated :17 ഏപ്രിൽ 2026, 4:06 pm IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളെക്കുറിച്ച് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് മുഖ്യമന്ത്രി ചര്‍ച്ചകള്‍ നേരത്തേയും നടന്നിട്ടുണ്ട്. വ്യക്തികളല്ല, പാര്‍ട്ടിയാണ് തീരുമാനം എടുക്കുകയെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സുധാകരനെതിരെ സൈബറാക്രമണങ്ങള്‍ നേരിട്ടിരുന്നു. നേതൃതലത്തിലും ഇത് വന്‍ തോതില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടക്കട്ടെ. ചര്‍ച്ചകള്‍ നടന്നാലല്ലേ തീരുമാനങ്ങള്‍ വരൂ. തീരുമാനം വന്നാലല്ലേ കാര്യങ്ങള്‍ നടക്കൂ, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഫലം വരുന്നതിന് മുമ്പ് മുഖ്യമന്ത്രി ആര് എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്; 'അതെന്താ അത്ഭുതമാണോ...? കേരളത്തില്‍ ഇതിന് മുമ്പൊന്നും തെരഞ്ഞെടുപ്പ് നടന്നിട്ടില്ലേ? തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ചര്‍ച്ച തുടങ്ങാറില്ലേ? ചര്‍ച്ച നടക്കാറുണ്ട്. പുതിയ പത്രക്കാര്‍ക്ക് അത് ഇറിയില്ല. പാരമ്പര്യം ഇല്ലാത്തവരാ ഈ വര്‍ത്തമാനം പറയുന്നത്' .

ഓരോരുത്തര്‍ക്കും ഓരോരു അഭിപ്രായം ഉണ്ട്. അത് ഞങ്ങളാരും ചോദ്യം ചെയ്യുന്നില്ല. അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പറഞ്ഞത് സ്വീകരിക്കാന്‍ പറ്റുന്നവര്‍ക്ക് അത് സ്വീകരിക്കാം. സ്വീകരിക്കാന്‍ പറ്റാത്തവര്‍ക്ക് സ്വീകരിക്കണ്ട. തീരുമാനം എടുക്കുന്നത് വരെ മുഖ്യമന്ത്രി ചര്‍ച്ചയാവാം. അത് സ്വാഭാവികമല്ലേ. കോണ്‍ഗ്രസിന്റെ രീതി ഇതാണെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയേപ്പറ്റി ചര്‍ച്ച ചെയ്തതുകൊണ്ട് ഫലമുണ്ട്. സംസാരിച്ചാല്‍ അല്ലേ റിസള്‍ട്ട് ഉണ്ടാകുകയുള്ളൂ. ഫലം വരുന്നതിന് മുമ്പ് നടത്തുന്ന ചര്‍ച്ച പാര്‍ട്ടിക്ക് എന്ത് ക്ഷീണമാണ് ചെയ്യുന്നത്? പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യുന്നത്. വ്യക്തികളല്ല. പാര്‍ട്ടി ചര്‍ച്ച ചെയ്യുമ്പോള്‍ തീരുമാനങ്ങളില്‍ എന്താണ് പ്രശ്‌നം. ഫലം വന്ന് ചര്‍ച്ച നടത്തുന്നവരും ഉണ്ട്, ഫലം വരുന്നതിന് മുമ്പ് ചര്‍ച്ച നടത്തുന്നവരും ഉണ്ട്. ജനാധിപത്യ സംവിധാനത്തില്‍ എല്ലാര്‍ക്കും അതിനൊരു വഴിയുണ്ട്. പാര്‍ട്ടിക്കുള്ള രീതിയാണ് ഇപ്പോള്‍ കാണുന്നത്, സുധാകരന്‍ പറഞ്ഞു.

News Now

Summary

K Sudhakaran on the Chief Ministerial debate in Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates