'സഖാവ് റോസക്കുട്ടി' സിപിഎമ്മിനൊപ്പം, ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്ന് പികെ ശ്രീമതി

കെസി റോസക്കുട്ടി പികെ ശ്രീമതിക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോള്‍/ടിവി ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

കല്‍പ്പറ്റ: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് കെസി റോസക്കുട്ടി സിപിഎമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. രാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്ന് റോസക്കുട്ടി പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി വീട്ടിലെത്തി റോസക്കുട്ടിയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തു.

''സഖാവ് റോസക്കുട്ടി ടീച്ചര്‍ ഇനി സിപിഎമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇതു പ്രതീക്ഷിച്ചിരുന്നതാണ്. അത്രയധികം അവഗണന സഹിച്ചാണ് അവര്‍ ആ പാര്‍ട്ടിയില്‍ നിന്നത്''- റോസക്കുട്ടിക്കൊപ്പം മാധ്യമങ്ങളെ കണ്ട പികെ ശ്രീമതി പറഞ്ഞു. തങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു. 

വനിതകളെ തഴയുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്. സ്ത്രീകളെ പാര്‍ട്ടി നിരന്തരം അവഗണിക്കുകയാണെന്ന് റോസക്കുട്ടി ആരോപിച്ചു.

നിലവിലെ അവസ്ഥയില്‍ ഒരു മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിനും, രാജ്യത്തെ വര്‍ഗീയപാര്‍ട്ടികള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാനും കോണ്‍ഗ്രസിന് കഴിയില്ല. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് ഏറെ വേദനിപ്പിച്ചെന്നും റോസക്കുട്ടി പറഞ്ഞു.

കൊല്ലം ജില്ലയില്‍ ഒരു സീറ്റ് കിട്ടുന്നതിന് ഡിസിസി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണയ്ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയേണ്ടി വന്നു. ഇത്രയേറെ ലിംഗ അസമത്വം ഉണ്ടായ കാലഘട്ടം ഉണ്ടായിട്ടില്ല. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരമാണ്. വയനാട്ടില്‍ ഇനി ഹൈക്കമാന്‍ഡ് ഗ്രൂപ്പ് കൂടി ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നു എന്നും റോസക്കുട്ടി പറഞ്ഞു.

മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു റോസക്കുട്ടി. 1991 ല്‍ ബത്തേരി നിയമസഭ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. വനിതാ കമ്മീഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates