ഡ്രോൺ പൈലറ്റ് ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യ മന്ത്രിയാകാൻ ടി. സിദ്ദിഖ്; വയനാട്ടിൽ കർഷകർക്കൊപ്പം പരിശീലനം

'അഗ്രി ടെക്നോളജി മീറ്റ് 2026'ന്റെ ഭാഗമായി നൂറോളം കർഷകർക്ക് വിദഗ്ദ്ധ പരിശീലനം

Minister T Siddique Drone Pilot
Minister T Siddique Drone Pilot
Edited by :Damodaran K
Last Updated :14 സെപ്റ്റംബർ 2026, 5:31 pm IST

വയനാട്: കൃഷിയിടങ്ങളിലെ അത്യാധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ സാധാരണ കർഷകർക്കൊപ്പം നിന്ന് നേരിട്ട് സ്വായത്തമാക്കാൻ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്. കർഷകർക്ക് ഡ്രോൺ പൈലറ്റിംഗ് പരിശീലനവും അംഗീകൃത ലൈസൻസും ലഭ്യമാക്കുന്ന സംസ്ഥാന കൃഷിവകുപ്പിന്റെ നൂതന പദ്ധതിയുടെ ഭാഗമായാണ് മന്ത്രിയും സ്വയം ഡ്രോൺ പൈലറ്റ് പരിശീലനത്തിൽ സജീവ പങ്കാളിയായത്. പരിശീലന ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ലൈസൻസ് നേടുന്നതോടെ, ഇന്ത്യയിൽ ഔദ്യോഗികമായി ഡ്രോൺ പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്ന ആദ്യത്തെ മന്ത്രിയെന്ന ചരിത്രപരമായ നേട്ടവും അഡ്വ. ടി. സിദ്ദിഖിന് സ്വന്തമാകും.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ‘അഗ്രി ടെക്നോളജി മീറ്റ് 2026’ന്റെ ഭാഗമായാണ് കർഷകർക്കായി ഈ പ്രത്യേക ഡ്രോൺ പൈലറ്റിംഗ് പരിശീലന ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. കൃഷിച്ചെലവ് കുത്തനെ കുറയ്ക്കാനും ഉൽപ്പാദനക്ഷമതയും കർഷകരുടെ പ്രതിശീർഷ വരുമാനവും വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരമ്പരാഗത കൃഷിരീതികളിൽ നിന്ന് ഡ്രോൺ അധിഷ്ഠിത കൃഷിരീതിയിലേക്ക് കർഷകരെ സർക്കാർ കൈപിടിച്ചുയർത്തുന്നത്. ഡിജിസിഎ അംഗീകൃത ഏവിയേഷൻ സ്ഥാപനമായ ‘ഫ്യൂസലേജ് ഏവിയേഷനു’മായി സഹകരിച്ചാണ് ശാസ്ത്രീയമായ പൈലറ്റിംഗ് പരിശീലനം നൽകുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം കർഷകർക്കാണ് ആദ്യഘട്ടത്തിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നത്. കാർഷിക ആവശ്യങ്ങൾക്കായി ഡ്രോൺ സ്വന്തം നിലയിൽ നിയന്ത്രിക്കാനും കൃഷിയിടങ്ങളിൽ ഉപയോഗിക്കാനുമുള്ള സാങ്കേതിക പരിജ്ഞാനവും ഔദ്യോഗിക ലൈസൻസും ഇതിലൂടെ കർഷകർക്ക് ഉറപ്പാക്കുന്നു.

കാർഷിക മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ രൂക്ഷമായ തൊഴിലാളിക്ഷാമത്തിനും ക്രമാതീതമായി ഉയരുന്ന കൂലിച്ചെലവിനും ഡ്രോൺ സാങ്കേതികവിദ്യ ഫലപ്രദമായ പരിഹാരമാകും. വലിയ വിസ്തൃതിയുള്ള പാടങ്ങളിലും മലയോര തോട്ടങ്ങളിലും വളപ്രയോഗം, കീടനാശിനി തളിക്കൽ, വിള നിരീക്ഷണം എന്നിവ ചുരുങ്ങിയ സമയത്തിനുള്ളിൽ കൃത്യതയോടെയും കാര്യക്ഷമതയോടെയും പൂർത്തിയാക്കാൻ ഡ്രോണുകൾക്ക് സാധിക്കും.മന്ത്രി തന്നെ നേരിട്ട് കർഷകർക്കൊപ്പം പരിശീലനത്തിനെത്തി മാതൃകയായത് പദ്ധതിക്ക് വലിയ ജനശ്രദ്ധയും കർഷകർക്കിടയിൽ വലിയ ആവേശവുമാണ് പകർന്നുനൽകിയിരിക്കുന്നത്. സാങ്കേതികവിദ്യയുടെ കരുത്തോടെ കേരളത്തിലെ കാർഷിക മേഖലയെ പുത്തൻ കുതിപ്പിലേക്ക് നയിക്കാനുള്ള ശക്തമായ ചുവടുവയ്പ്പായി ഈ പദ്ധതി മാറും.

News Now

Summary

Pioneering an inspiring technological intervention from the front, Kerala Agriculture Minister Adv. T. Siddique has enrolled alongside regional farmers to undergo professional drone piloting certification in Wayanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates