വിദ്യയുടെ ലോകത്തേയ്ക്ക് കുരുന്നുകളെ കൈപിടിച്ച് ഉയര്‍ത്തി കേരളം വിജയദശമി ആഘോഷ നിറവില്‍

Vijayadashami
VijayadashamiSource by : file
Last Updated :21 October 2026, 11:23 am IST
Guest Author :Dhanoj AM

News Now

കൊച്ചി: വിദ്യയുടെ ലോകത്തേയ്ക്ക് കുരുന്നുകളെ കൈപിടിച്ച് ഉയര്‍ത്തി കേരളം വിജയദശമി ആഘോഷ നിറവില്‍. നവരാത്രി ആഘോഷങ്ങളുടെ പൂര്‍ണത കുറിച്ച് ആഘോഷിക്കുന്ന വിജയദശമി നാളില്‍ അതിരാവിലെ മുതല്‍ തന്നെ വിവിധ ക്ഷേത്രങ്ങളില്‍ വലിയ തോതിലുള്ള ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. വിദ്യയുടെ ഈറ്റില്ലമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ തങ്ങളുടെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കി ഭക്തിസായൂജ്യം നേടാനുള്ള ഉത്സാഹത്തിലാണ് മാതാപിതാക്കള്‍.

പുലര്‍ച്ചെ മുതല്‍ തന്നെ ആയിരക്കണക്കിന് ഭക്തരാണ് കുരുന്നുകളുമായി ആദ്യാക്ഷരം കുറിക്കാനായി ക്ഷേത്രത്തിലെത്തിയത്. ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി റെഗുലേറ്ററി കമ്മിറ്റിയും ക്ഷേത്ര ഭരണസമിതിയും വിപുലമായ സൗകര്യങ്ങളാണ് കൊല്ലൂരില്‍ ഒരുക്കിയിരിക്കുന്നത്. സാധാരണയായി വിദ്യാരംഭ ചടങ്ങുകള്‍ നടക്കാറുള്ള സരസ്വതി മണ്ഡപത്തിനു പകരം വിജയദശമി ദിനത്തിലെ വലിയ ഭക്തജനത്തിരക്ക് പരിഗണിച്ച് ഇത്തവണ മഹാചണ്ഡികായാഗം നടക്കുന്ന വിശുദ്ധമായ യാഗശാലയിലാണ് പ്രധാന ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്. യാഗശാലയ്ക്ക് അകത്തും പുറത്തുമായി നിരന്നിരിക്കുന്ന ആചാര്യന്മാരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

വര്‍ഷത്തില്‍ ഏതു ദിവസവും വിദ്യാരംഭം നടത്താവുന്ന പ്രശസ്തമായ വടക്കന്‍ പറവൂര്‍ മൂകാംബികാ ക്ഷേത്രത്തിലും കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലും തട്ടാരമ്പലം സരസ്വതി ക്ഷേത്രത്തിലും ആദ്യാക്ഷരം കുറിക്കാന്‍ വലിയ തിരക്ക് ആണ് അനുഭവപ്പെട്ടത്. ടിവി പുരം സരസ്വതി ക്ഷേത്രം, വര്‍ക്കല ശിവഗിരി ശാരദാക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം തുടങ്ങി സംസ്ഥാനത്തെ മറ്റു പ്രധാനപ്പെട്ട സരസ്വതി ക്ഷേത്രങ്ങളിലും വിദ്യാരംഭം കുറിക്കാന്‍ ആയിരക്കണക്കിന് കുട്ടികളാണ് എത്തിയത്. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിലും പുലര്‍ച്ചെ അഞ്ചരയോടെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി.

Summary

Kerala celebrates Vijayadashami

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates