48 മണിക്കൂറിലധികം പരിശോധിക്കപ്പെടാത്ത ഭാഗങ്ങൾ കണ്ടെത്താൻ പുതിയ റിപ്പോർട്ടിങ് സംവിധാനം

Solar fences
Solar fences Source by : Representative Image
Last Updated :5 June 2026, 5:41 pm IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസുകളുടെ പ്രവർത്തനം, പരിശോധന, അറ്റകുറ്റപ്പണി എന്നിവ കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കുന്നതിനായി പുതിയ ഓൺലൈൻ റിപ്പോർട്ടിങ് സംവിധാനവും മോണിറ്ററിങ് പോർട്ടലും വനം വകുപ്പ് സജ്ജമാക്കി. വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസുകളുടെ അറ്റകുറ്റപ്പണികൾ, അവയുടെ പ്രവർത്തനക്ഷമത എന്നിവ സംബന്ധിച്ച തത്സമയ വിവരങ്ങൾ ശേഖരിക്കുന്നത് ഇതുവരെ ഏറെ ശ്രമകരവും സമയമെടുക്കുന്നതുമായ ഒരു പ്രക്രിയയായിരുന്നു. ഈ പ്രായോഗിക ബുദ്ധിമുട്ട് പൂർണ്ണമായി പരിഹരിക്കുന്നതിനായാണ് പുതിയ ഓൺലൈൻ പോർട്ടലിന് രൂപം നൽകിയിരിക്കുന്നത്. ഇനി മുതൽ സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും സെക്ഷനുകളുടെയും പരിധിയിൽ വരുന്ന സോളാർ ഫെൻസുകളുടെ നിലവിലെ പ്രവർത്തനക്ഷമത ഈ ഓൺലൈൻ പോർട്ടലിലൂടെ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. നിലവിൽ പ്രവർത്തിക്കുന്നതും പ്രവർത്തിക്കാത്തതുമായ സോളാർ ഫെൻസുകളുടെ കൃത്യമായ ദൈർഘ്യം, ഫെൻസുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ, നടത്തുന്ന അറ്റകുറ്റപ്പണികൾ, പരിശോധനാ രേഖകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഈ പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തും.

ഓരോ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും സെക്ഷനിൽ നിന്നും ജീവനക്കാർ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്ന എല്ലാ വിവരങ്ങളും ഈ മോണിറ്ററിങ് പോർട്ടലിൽ സമാഹരിച്ച് പ്രധാന ഡാഷ്‌ബോർഡിൽ ലഭ്യമാക്കും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഓരോ ഫെൻസിങ് സ്‌ട്രെച്ചിന്റെയും നിലവിലെ അവസ്ഥ കൃത്യമായി മനസ്സിലാക്കുന്നതിനും, അവസാനമായി പരിശോധന രേഖപ്പെടുത്തിയ ശേഷം നാൽപ്പത്തിയെട്ട് മണിക്കൂറിലധികമായി നിരീക്ഷിക്കപ്പെടാത്ത ഫെൻസിങ് ഭാഗങ്ങൾ പ്രത്യേകം കണ്ടെത്തുന്നതിനും ഈ പോർട്ടൽ ഉദ്യോഗസ്ഥരെ സഹായിക്കും. ഫെൻസുകൾ നിർദ്ദിഷ്ട സമയക്രമത്തിൽ കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ടോ എന്ന് ഉയർന്ന ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാനും, ഓരോ ഫെൻസിന്റെയും ഏത് ഭാഗമാണ് പ്രവർത്തനക്ഷമമെന്നും ഏത് ഭാഗമാണ് തകരാറിലായതെന്നും കൃത്യമായി കണ്ടെത്താനും ഇതിലൂടെ സാധിക്കും. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയുന്ന സോളാർ വേലികളിൽ പ്രവർത്തനരഹിതമായ ഭാഗങ്ങൾ കണ്ടെത്തിയാൽ അവിടെ ഉടൻ തന്നെ അറ്റകുറ്റപ്പണി ആരംഭിക്കാൻ വനം വകുപ്പിന് ഈ സംവിധാനം വഴി വേഗത്തിൽ സാധിക്കുന്നതാണ്.

Summary

The Kerala Forest Department has developed an advanced online reporting system and monitoring portal to effectively track the functionality, maintenance, and inspection of solar fences across the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates