എല്ലാ സർക്കാർ ജീവനക്കാരും 'ലക്ഷങ്ങൾ' വാരുന്നില്ല!

സംസ്ഥാനത്തെ 5.23 ലക്ഷം ജീവനക്കാരിൽ ഭൂരിഭാഗവും ഇടത്തരം ശമ്പളക്കാർ. ശമ്പളത്തിനും പെൻഷനുമായി മാത്രം 75,319 കോടി രൂപ

Govt staff pay scale
Govt staff pay scaleAI generated
Edited by :Damodaran K
Last Updated :18 ജൂൺ 2026, 5:47 pm IST

സർക്കാർ ഉദ്യോഗവും ഗൾഫ് ജോലിയും തമ്മിൽ ചില സാമ്യങ്ങളുണ്ട്. പലരുടെയും ധാരണ രണ്ടിടത്തും ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലികൾ മാത്രമാണുള്ളതെന്നാണ്. പക്ഷെ ഇരുകൂട്ടരിലുമുണ്ട് 'പണക്കാരും' 'പാവപ്പെട്ടവരും'.

വീണ്ടുമൊരു ശമ്പള പരിഷ്‌കരണത്തിന് സമയമായപ്പോൾ പലയിടത്ത് നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. വേണ്ടതിലധികം ശമ്പളം കിട്ടുന്നവർക്ക് ഇനിയുമെന്തിന് കൂട്ടണം എന്നതാണ് പ്രധാന വാദം. യഥാർത്ഥത്തിൽ എല്ലാ സർക്കാർ ജീവനക്കാരും മുന്തിയ ശമ്പളം വാങ്ങുന്നവരാണോ?

സംസ്ഥാന ബഡ്‌ജറ്റിലെ പേ സ്റ്റേജ് ഡാറ്റ പ്രകാരം ആകെ 5.23 ലക്ഷം പേരാണ് സർക്കാർ ശമ്പളം പറ്റുന്ന ജീവനക്കാർ. ഇവരുടെ ശമ്പളം വിവിധ പേ സ്റ്റേജുകളിലാണ്. എല്ലാ തസ്തികകളുടെയും അടിസ്ഥാന ശമ്പളം ഇത്ര രൂപ മുതൽ ഇത്ര രൂപ വരെ എന്നൊരു പേ സ്കെയിൽ പ്രകാരമാണ്. ഒരു ജീവനക്കാന് തന്റെ പേ സ്കെയിലിൽ നിലവിൽ കിട്ടുന്ന അടിസ്ഥാന ശമ്പളമാണ് അയാളുടെ പേ സ്റ്റേജ്.

ജീവനക്കാരന്റെ പ്രതിമാസ ശമ്പളം എന്നത് പേ സ്റ്റേജ് തുക, ഡിയർനസ് അലവൻസ്, ഹൌസ് റെന്റ് അലവൻസ് എന്നീ മൂന്നിനങ്ങൾ ചേർന്നുള്ള തുകയാണ്. 2026 ബഡ്ജറ്റിലെ പേ സ്റ്റേജ് ഡാറ്റ പ്രകാരം 50,312 ജീവനക്കാരുടെ പേ സ്റ്റേജ് 2,240- 33,800 റേഞ്ചിലാണ്. ഇവരിൽ മിക്കയാളുകളുടെയും നിലവിലെ ശമ്പളം, അലവൻസുൾപ്പെടെ 50,000 രൂപയിൽ താഴെയാണ്.

33,801 മുതൽ 50,000 വരെയുള്ള പേ സ്റ്റേജുകളിൽ 1.40 ലക്ഷം ജീവനക്കാരാണുള്ളത്. ഡി.എ., എച്ച്.ആർ.എ. ചേരുമ്പോൾ ഇവരുടെ ശമ്പളം 49,000 - 72,500 രൂപ റേഞ്ചിലാണ്. ഏറ്റവും കൂടുതൽ ജീവനക്കാരുള്ളത് 50,001- 75,000 പേ സ്റ്റേജ് റേഞ്ചിലാണ്‌, 2.22 ലക്ഷം പേർ. അലവന്സുകൾ ചേർക്കുമ്പോൾ ഇവരുടെ ശമ്പളം 72,500- 1,08,750 റേഞ്ചിലാണ്.

75,904 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 75,001 നും ഒരു ലക്ഷത്തിനുമിടയിലാണ്. അലവൻസുകൾ ചേരുമ്പോൾ ഇവരുടെ ശമ്പള റേഞ്ച് 1.08 ലക്ഷത്തിനും 1.45 ലക്ഷത്തിനുമിടയിൽ.

ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയിൽ പേ സ്റ്റേജ് ഉള്ളവർ 32,791 പേരുണ്ട്. ഇവരുടെ യഥാർത്ഥ ശമ്പളം 1.45 ലക്ഷത്തിനും 2.90 ലക്ഷത്തിനും ഇടയിലാണ്. രണ്ടു ലക്ഷത്തിനും 2.85 ലക്ഷത്തിനുമിടയിൽ പേ സ്റ്റേജുള്ളവർ 846 പേരാണ്. ഇവരുടെ യഥാർത്ഥ ശമ്പളം അലവൻസുൾപ്പെടെ 2.90 ലക്ഷത്തിനും 4.13 ലക്ഷത്തിനും ഇടയിലാണ്.

മിനിമം ശമ്പളം

ചില താൽക്കാലിക, എംപ്ലോയ്‌മെന്റ് ജീവനക്കാർ ഒഴികെയുള്ളവർക്ക് സർക്കാർ മിനിമം ശമ്പളം നിശയിച്ചിട്ടുണ്ടെന്ന് ധന വകുപ്പ് പറയുന്നു. ഓഫീസ് അസിസ്റ്റന്റ് തസ്തികയുടെ ഏറ്റവും കുറഞ്ഞ ശമ്പളം 23,000 രൂപയാണ്. പഴയ ശമ്പള സ്കെയിലിൽ തുടരുന്നവർക്ക് പേ സ്റ്റേജ് കുറവായിരിക്കും. ഇവർക്ക് ആനുപാതികമായി ഡി എ ഉയർത്തി കൊമ്പൻസെറ്റ് ചെയ്യും

ശമ്പള പരിഷ്കരണം

പുതിയ സർക്കാർ ഒരു ധർമസങ്കടത്തിലാണ്. 2025-26ൽ ശമ്പളവും പെൻഷനും ചേർന്ന് ₹75,319 കോടി ആയിരുന്നു. ഇതിൽ ₹45,859 കോടി ശമ്പളത്തിനും ₹29,460 കോടി പെൻഷനുമാണ്. 2020-21ൽ മുൻ ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോൾ കുടിശ്ശിക ഉൾപ്പെടെ ശമ്പള ബിൽ ₹33,043 കോടിയിൽ നിന്ന് ₹68,852 കോടിയായി ഒറ്റ വർഷം കൊണ്ട് ഇരട്ടിയിലേറെ ആയി. തുടർന്നുള്ള വർഷങ്ങളിൽ അധിക പ്രതിബദ്ധത ഏകദേശം ₹13,000 കോടിയായി നിലനിന്നു. 12-ാം പരിഷ്കരണവും സമാനമായ ചെലവ് വർധനയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മുൻ സർക്കാരിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട ₹21,670 കോടിയുടെ അടക്കാത്ത ഡിഎ കുടിശ്ശിക പുതിയ സർക്കാരിന്റെ മറ്റൊരു ബാധ്യതയാണ്.

നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം പ്രകാരം സർക്കാർ നേടുന്ന ഓരോ രൂപയിലും 77 പൈസ ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി ചെലവഴിക്കുന്നു. വെള്ളിയാഴ്ച ജീവനക്കാർക്കും ഖജനാവിനും ഒരുപോലെ സ്വീകാര്യമായ നിർദേശം സർക്കാർ മുന്നോട്ട് വയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഈ വർഷം ഫെബ്രുവരിയിൽ മുൻ ചീഫ് സെക്രട്ടറി വിപി ജോയ് അധ്യക്ഷനായ 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിക്കപ്പെട്ടു. മാർച്ച് പകുതി മുതൽ മേയ് 7 വരെ നിലവിലിരുന്ന തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കാരണം കമ്മീഷന് കാര്യമായ മുന്നോട്ടുപോക്ക് സാധ്യമായില്ല. മേയ് 23-ന് കമ്മീഷന്റെ കാലാവധി അവസാനിച്ചു. ഇടയ്ക്കുള്ള കാലയളവിൽ കമ്മീഷൻ ഒരു ഓഫീസ് ആരംഭിക്കുകയും ജീവനക്കാർ സംഘടനകളിൽ നിന്ന് അഭിപ്രായം ശേഖരിക്കുന്നത് ഉൾപ്പെടെ പ്രാഥമിക ജോലികൾ ചെയ്യുകയും ചെയ്തു. പൊതുജനങ്ങളിൽ നിന്ന് ഓൺലൈനിൽ അഭിപ്രായം ശേഖരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ സംവിധാനവും വികസിപ്പിച്ചു.

"ശമ്പള പരിഷ്‌കരണത്തെ കേവലം ജീവനക്കാരുടെ ക്ഷേമ നടപടിയായി മാത്രം കാണരുത്; അത് കൃത്യമായൊരു ധനനയ വിഷയം കൂടിയാണ്. കുറഞ്ഞ ഇടവേളകളിൽ നടപ്പാക്കുന്ന വലിയ പരിഷ്‌കരണങ്ങൾ പ്രതിബദ്ധതയുള്ള ചിലവുകൾ ഗണ്യമായി വർദ്ധിപ്പിക്കുകയും വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപിക്കാനുള്ള സർക്കാരിന്റെ സാമ്പത്തിക ശേഷി കുറയ്ക്കുകയും ചെയ്യും. പത്തു വർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌കരണം നടത്തുന്ന കേന്ദ്ര സർക്കാരിൽ നിന്നും വ്യത്യസ്തമായി കേരളം അഞ്ചു വർഷത്തെ പരിഷ്‌കരണ ചക്രമാണ് പിന്തുടരുന്നത്. കേന്ദ്രത്തെപ്പോലെ പത്തു വർഷത്തിലൊരിക്കലുള്ള പരിഷ്‌കരണത്തോടൊപ്പം വാർഷിക പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലുള്ള കൃത്യമായ ക്രമീകരണങ്ങൾ കൂടി നടത്തുന്നത് ജീവനക്കാരുടെ ക്ഷേമവും സംസ്ഥാനത്തിന്റെ ധന സുസ്ഥിരതയും തമ്മിൽ മെച്ചപ്പെട്ട സന്തുലനം ഉറപ്പാക്കുമോ എന്ന് കേരളം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്."
ഡോ. സി. വീരമണി (ഡയറക്ടർ, സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ്)

News Now

Summary

Addressing the public friction over civil service compensation parameters, an analytical breakdown of the state budget's internal pay stage data confirms that the vast majority of Kerala's 5.23 lakh government employees fall into middle-income scales rather than drawing elite tier packages

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates