ഭിന്നത രൂക്ഷം; തീര്‍ത്ഥാടന നടത്തിപ്പ് ഐഎഎസ് ഉദ്യോഗസ്ഥനു കൈമാറാന്‍ സര്‍ക്കാര്‍ നീക്കം

ഐഎഎസ് ഓഫീസര്‍ക്ക് ചുമതല കൈമാറുന്നതു സംബന്ധിച്ച് സർക്കാർ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടി

Sabarimala
sabarimalaഫയൽ
Edited by :Jayakumar
Last Updated :22 സെപ്റ്റംബർ 2026, 11:03 am IST

തിരുവനന്തപുരം: ശബരിമലയിലെ അടുത്ത മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ നടത്തിപ്പ് ചുമതല ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സമിതിക്ക് കൈമാറുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നു. യുഡിഎഫ് സര്‍ക്കാരും മുന്‍ ഇടതു സര്‍ക്കാര്‍ രൂപീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.

'ഐഎഎസ് ഓഫീസര്‍ക്ക് ചുമതല കൈമാറുന്നതു സംബന്ധിച്ച നിര്‍ദ്ദേശത്തില്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്. അനുകൂലമായ മറുപടി ലഭിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.' ദേവസ്വം മന്ത്രി കെ മുരളീധരന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

'പത്തനംതിട്ട ജില്ലാ കലക്ടറും ഈ താല്‍ക്കാലിക സംവിധാനത്തിന്റെ ഭാഗമായിരിക്കും. വിശദാംശങ്ങള്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും.' മന്ത്രി മുരളീധരന്‍ വ്യക്തമാക്കി.

ബോര്‍ഡ് കാര്യക്ഷമമല്ലെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇപ്രകാരമായിരുന്നു. 'നെയ്യ് വാങ്ങലിലെ ക്രമക്കേടുകള്‍ മുതല്‍ അരവണയുടെ ക്ഷാമം വരെയുള്ള തുടര്‍ച്ചയായ വീഴ്ചകള്‍ കണക്കിലെടുക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ എന്താണ് അനുമാനിക്കേണ്ടത്?'.

ശബരിമലയിലെ അരവണ പ്രസാദത്തിന്റെ ക്ഷാമമാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ പുതിയ തര്‍ക്കത്തിന് കാരണമായത്. നിലവിലെ മാസപൂജയ്ക്കിടെ അരവണ വില്‍പ്പന നിയന്ത്രിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം തീര്‍ത്ഥാടകര്‍ക്കിടയില്‍ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

നിര്‍മ്മാണ കേന്ദ്രത്തിലെ അറ്റകുറ്റപ്പണികളാണ് അരവണ ക്ഷാമത്തിന് കാരണമെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരിക്കുന്നത്. എന്നാല്‍ ഈ വാദത്തില്‍ മന്ത്രി കെ മുരളീധരന്‍ തൃപ്തനല്ല. അരവണ വിതരണത്തെ ബാധിക്കാത്ത വിധത്തിലാവണമായിരുന്നു ഈ ജോലികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

നവംബര്‍ മധ്യത്തോടെ ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയുണ്ട്. സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികളും മറ്റ് പല ക്രമീകരണങ്ങളും ബോര്‍ഡ് കൃത്യസമയത്തോ കാര്യക്ഷമമായോ അല്ല കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി മുരളീധരന്‍ കുറ്റപ്പെടുത്തി.

ബോര്‍ഡിലെ അംഗങ്ങളെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് നിയമിച്ചത് എന്നതുകൊണ്ടാണ് അവര്‍ക്കെതിരെ സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന ആരോപണം മന്ത്രി നിഷേധിച്ചു. 'അത്തരമൊരു ആരോപണം ശരിയല്ല. ഇതില്‍ രാഷ്ട്രീയത്തിന് പ്രസക്തിയില്ല. മറ്റ് ദേവസ്വം ബോര്‍ഡുകളുമായി ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനവും, പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ അവര്‍ക്ക് കഴിയാത്തതുമാണ് ഈ നിലപാടിന് കാരണം.' മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

News Now

Summary

Kerala government plans to appoint IAS officer to run Sabarimala annual pilgrimage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates