പ്രകൃതി വാതക പൈപ്പ് ലൈന്‍ തെക്കന്‍ കേരളത്തിലേക്കും; കൊച്ചി - തൂത്തുക്കുടി പദ്ധതിക്ക് അംഗീകാരം

കൊച്ചിയില്‍ നിന്ന് കന്യാകുമാരി വഴി തൂത്തുക്കുടി വരെയുള്ള ഈ വാതകശൃംഖല 426.65 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്.

IOC board clears over Rs 2,448 crore Kochi-Kanyakumari-Thoothukudi gas pipeline
കൊച്ചി - തൂത്തുക്കുടി പദ്ധതിക്ക് അംഗീകാരം
Edited by :Sujith
Last Updated :22 സെപ്റ്റംബർ 2026, 9:54 am IST

കൊച്ചി: കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് 2,448.70 കോടി രൂപ നിക്ഷേപത്തില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിക്ഷേപത്തിന് തിങ്കളാഴ്ച ചേര്‍ന്ന യോഗം അംഗീകാരം നല്‍കി. കൊച്ചിയില്‍ നിന്ന് കന്യാകുമാരി വഴി തൂത്തുക്കുടി വരെയുള്ള ഈ വാതകശൃംഖല 426.65 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. ദക്ഷിണേന്ത്യയില്‍ പ്രകൃതിവാതക ലഭ്യത ശക്തിപ്പെടുത്താന്‍ പര്യാപ്തമാണ് പദ്ധതി. പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോര്‍ഡ് പദ്ധതിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.

പ്രതിദിനം 6.84 മില്യണ്‍ മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ വാതകം വഹിക്കാനുള്ള ശേഷിയാണ് നിര്‍ദിഷ്ട പദ്ധതിക്കുണ്ടാവുക. അതായത് ദിവസം 68.4 ലക്ഷം ക്യുബിക് മീറ്റര്‍ വാതകം ഇതിലൂടെ കൊണ്ടുപോകാനാകും. ഇതില്‍ മറ്റ് വിതരണക്കാര്‍ക്കായി നീക്കിവയ്ക്കുന്ന കോമണ്‍ കാരിയര്‍ ശേഷി 17.1 ലക്ഷം സ്റ്റാന്‍ഡേഡ് ക്യൂബിക് മീറ്ററായിരിക്കും. അതായത് 25 ശതമാനം മറ്റുള്ളവര്‍ക്കും ഉപയോഗിക്കാം. നിര്‍മാണ സമയക്രമത്തെക്കുറിച്ചോ, പദ്ധതി എപ്പോള്‍ കമ്മീഷന്‍ ചെയ്യാന്‍ ആകുമെന്നതിനെക്കുറിച്ചോ ഐഒസി വ്യക്തമാക്കിയിട്ടില്ല. ഫണ്ടിങ് എങ്ങനെയാണെന്നും അറിവായിട്ടില്ല.

2030ഓടെ റോഡുവഴി ടാങ്കറുകളില്‍ വാതകം കൊണ്ടുപോകുന്നത് അവസാനിപ്പിക്കാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലും തമിഴ്‌നാടിന്റെ തെക്കന്‍ മേഖലകളിലും പ്രകൃതിവാതകം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ സിറ്റി ഗ്യാസ് ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. വീടുകള്‍ക്കൊപ്പം വ്യവസായശാലകള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും ഊര്‍ജനിലയങ്ങള്‍ക്കും വാതക ലഭ്യത എളുപ്പമാക്കാന്‍ ഇതിലൂടെ കഴിയും. കാര്‍ബണ്‍ പുറന്തള്ളല്‍ കൂടുതലുള്ള മറ്റ് ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഈ പൈപ്പ് ലൈന്‍ ശൃംഖല സഹായകരമാകും.

കൊച്ചിയിലെ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലിന്റെ ശേഷി വന്‍തോതില്‍ ഉയര്‍ത്താന്‍ പദ്ധതി വഴിവെക്കും. കൊച്ചിയില്‍നിന്ന് കര്‍ണാടകത്തിലെ മംഗളൂരുവിലേക്ക് പ്രകൃതി വാതക പൈപ്പലൈന്‍ നിലവിലുണ്ട്. ഗെയില്‍ നിര്‍മിച്ച 450 കിലോമീറ്റര്‍ വാതകക്കുഴല്‍ 2021-ലാണ് കമ്മിഷന്‍ ചെയ്തത്.

News Now

Summary

IOC board clears over Rs 2,448 crore Kochi-Kanyakumari-Thoothukudi gas pipeline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates