'യുഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കിയത് മന്ത്രിയുടെ കഴിവുകേട്'; വൈദ്യുതി പ്രതിസന്ധിയിൽ സണ്ണി ജോസഫിനെതിരെ കോൺഗ്രസ് സൈബർ ഇടങ്ങളിൽ പടയൊരുക്കം

പാർട്ടി അധ്യക്ഷനായിട്ടും കാര്യങ്ങൾ മുൻകൂട്ടി ജനങ്ങളിലെത്തിച്ചില്ല; രോഷം പുകഞ്ഞ് അനുകൂല പ്രൊഫൈലുകൾ

Sunny Joseph
Sunny JosephCenter-Center-Trivandrum
Edited by :Damodaran K
Last Updated :11 സെപ്റ്റംബർ 2026, 10:27 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി നിയന്ത്രണത്തിലും അപ്രഖ്യാപിത പവർകട്ടിലും യുഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആയുധം മൂർച്ച കൂട്ടുമ്പോൾ, ഭരണപക്ഷത്തെ ഞെട്ടിച്ച് കോൺഗ്രസ് അനുകൂല സമൂഹമാധ്യമ പ്രൊഫൈലുകളിൽ മന്ത്രിക്ക് നേരെ രൂക്ഷവിമർശനം. വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ കഴിവുകേടാണ് ജനകീയ സർക്കാരിനെ അനാവശ്യമായി പ്രതിരോധത്തിലാക്കിയതെന്ന വികാരമാണ് കോൺഗ്രസ് ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും പരസ്യമായി ഉയരുന്നത്. 'ഇന്ദിര കട്ട്' എന്നും 'പ്രിയദർശിനി കട്ട്' എന്നും പേരിട്ട് സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ, വെറും സാങ്കേതിക ന്യായങ്ങൾ മാത്രം നിരത്തി ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രവർത്തകർ തുറന്നടിക്കുന്നു.

പ്രതിസന്ധി രൂക്ഷമായ ശേഷം സർക്കാർ നടത്തുന്ന വിശദീകരണങ്ങൾ കേൾക്കാനുള്ള മാനസികാവസ്ഥയിലല്ല ജനങ്ങളെന്നും, പരാതികൾക്ക് പകരം പ്രായോഗിക പരിഹാരമാണ് ജനം ആഗ്രഹിക്കുന്നതെന്നും സൈബർ കുറിപ്പുകൾ ഓർമ്മിപ്പിക്കുന്നു. മുൻ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് ഉണ്ടാക്കിവെച്ച വൈദ്യുതി കരാറുകളാണ് നിലവിലെ ബാധ്യതയ്ക്ക് കാരണമെന്ന ന്യായം പറയാൻ കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ കഴിഞ്ഞില്ലെന്നതാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്.

"പിണറായി വിജയൻ സർക്കാർ ഉണ്ടാക്കിയ കരാർ കാരണം നമ്മൾ അങ്ങോട്ട് വൈദ്യുതി തിരിച്ചുനൽകേണ്ട സ്ഥിതിയാണ്. ഉത്പാദനം കുറയുകയും വൈദ്യുതി തിരിച്ചുനൽകേണ്ട അവസ്ഥ വരികയും ചെയ്താൽ സ്വാഭാവികമായും പവർകട്ട് ഉണ്ടാകും. മുൻ ഇടതുപക്ഷ സർക്കാർ വരുത്തിവെച്ച ഈ കെടുകാര്യസ്ഥത എന്തുകൊണ്ട് ജൂൺ, ജൂലൈ മാസങ്ങളിൽ തന്നെ ജനങ്ങളോട് തുറന്നുപറയാൻ വൈദ്യുതി മന്ത്രി തയ്യാറായില്ല?" എന്ന് സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നു.

സംസ്ഥാനത്തെ വൈദ്യുതി മന്ത്രി എന്നതിനപ്പുറം കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിന് പാർട്ടിയുടെ പ്രചാരണ സംവിധാനങ്ങളെ കൃത്യമായി ഏകോപിപ്പിക്കാൻ കഴിഞ്ഞില്ലെന്നത് നേതൃത്വത്തിനെതിരായ അതൃപ്തി വർദ്ധിപ്പിക്കുന്നു. മുൻ സർക്കാരിന്റെ കരാറുകൾ സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ച് പാർട്ടിയുടെ സൈബർ സംവിധാനങ്ങൾ ഉപയോഗിച്ച് മാസങ്ങൾക്ക് മുൻപേ ജനങ്ങളിൽ അവബോധം ഉണ്ടാക്കാമായിരുന്നിട്ടും അതിൽ മന്ത്രി പരാജയപ്പെട്ടുവെന്നാണ് റനീഷ് തുരുത്തിക്കാടൻ ഉൾപ്പെടെയുള്ള പ്രൊഫൈലുകൾ പങ്കുവെച്ച പോസ്റ്റുകളിൽ വ്യക്തമാക്കുന്നത്.

കാര്യങ്ങൾ മുൻകൂട്ടി കണ്ട് ജനങ്ങളെ ബോധ്യപ്പെടുത്താനും എതിർ പ്രചാരണങ്ങളെ ചെറുക്കാനും കഴിയാത്തവർ രാഷ്ട്രീയത്തിൽ കാലഹരണപ്പെട്ടവരാണെന്ന് സ്വയം സമ്മതിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും പോസ്റ്റുകളിലുണ്ട്. പ്രതിസന്ധിയുടെ യഥാർത്ഥ വസ്തുതകൾ ചൂണ്ടിക്കാണിക്കുന്ന സ്വന്തം പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം നടത്തിയത് കൊണ്ട് യാഥാർത്ഥ്യം മാഞ്ഞുപോകില്ലെന്നും യുഡിഎഫ് അനുകൂലികൾ നേതൃത്വത്തെ ഓർമ്മിപ്പിക്കുന്നു

News Now

Summary

Mounting widespread public dissatisfaction over persistent, unscheduled power cuts across Kerala has ignited sharp internal rebellion, with pro-Congress and UDF-aligned social media handles openly holding Electricity Minister Sunny Joseph accountable for the government's political cornering

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates