അടച്ചുപൂട്ടില്ല; ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ ഹാള്‍ട്ട് സ്റ്റേഷനുകളാക്കും

സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെയ് 25 ഓടെ നിര്‍ത്തും എന്നായിരുന്നു നേരത്തെ റെയില്‍വെ പ്രഖ്യാപിച്ചിരുന്നത്

TRAIN
പ്രതീകാത്മക ചിത്രം, Railway file
Edited by :Anoop N P
Last Updated :29 മേയ് 2025, 5:01 pm IST

തിരുവനന്തപുരം: കണ്ണൂരിലെ ചിറയ്ക്കല്‍ കോഴിക്കോട്ടെ വെള്ളറക്കാട് സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല. ഇരു സ്റ്റേഷനുകളും ഹാള്‍ട്ട് സ്റ്റേഷനുകളാക്കും. സ്റ്റേഷനുകള്‍ നിലനിര്‍ത്താന്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയം (indian railway) തീരുമാനിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. സ്‌റ്റേഷനുകള്‍ ഹാള്‍ട്ട് സ്‌റ്റേഷനാക്കി നിലനിര്‍ത്താനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ക്ക് നന്ദിയറിയിച്ച് കൊണ്ടുള്ള പോസ്റ്റിലാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചിറയ്ക്കല്‍, വെള്ളറക്കാട് സ്റ്റേഷനുകള്‍ പ്രദേശവാസികളെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്ന് കേന്ദ്രമന്ത്രി അശ്വിന് വൈഷ്ണവുമായുള്ള ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അഭ്യര്‍ത്ഥന പരിഗണിച്ച് അതിവേഗം അനുകൂല നിലപാട് സ്വീകരിച്ചതിന് നന്ദിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെയ് 25 ഓടെ നിര്‍ത്തും എന്നായിരുന്നു നേരത്തെ റെയില്‍വെ പ്രഖ്യാപിച്ചിരുന്നത്. നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഈ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതെന്നാണ് റെയില്‍വെ നല്‍കിയ വിശദീകരണം. റെയില്‍വെ സ്റ്റേഷനുകളിലെ ജീവനക്കാരെ മാറ്റി നിയമിക്കാനും ധാരണയായിരുന്നു. റെയില്‍വെയുടെ തീരുമാനം പുനഃപരിശോധിക്കണം എന്ന് സംസ്ഥാന സര്‍ക്കാരുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിലെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തെയച്ചിരുന്നു. സ്റ്റേഷനുകള്‍ ഇല്ലാതായാല്‍ നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാര്‍ പ്രയാസത്തിലാകുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി ചെറിയ സ്റ്റേഷനുകള്‍ നിര്‍ത്തലാക്കുന്ന കേന്ദ്ര നയത്തിന്റെയും കേരളത്തോടുള്ള റെയില്‍വേ അവഗണനയുടെയും ഭാഗമാണ് അടച്ചുപൂട്ടല്‍. റെയില്‍വേയ്ക്ക് നല്ല പങ്ക് വരുമാനം നല്‍കുന്ന സംസ്ഥാനത്തിന് പുതിയ പാതകളോ, ട്രെയിനുകളോ അനുവദിക്കാത്ത റെയില്‍വേ നിലവിലെ സൗകര്യങ്ങള്‍ വ്യാപകമായി വെട്ടികുറയ്ക്കുകയുമാണ്. രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. ഈ സ്റ്റേഷനുകള്‍ നിലനിര്‍ത്തുകയും ഇവിടെ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയുമാണ് വേണ്ടതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now