സ്കൂളുകൾ തുറന്നു; ഉത്കണ്ഠ വേണ്ട, കുറവുകൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് വി ശിവൻകുട്ടി 

തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യുപി സ്കൂളിൽ സംസ്ഥാനതല പ്രവേശനോത്സവം നടന്നു

എക്സ്പ്രസ് ചിത്രം
Last Updated :20 January 2024, 8:50 am IST
Edited by :migrator

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറന്നു. തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യുപി സ്കൂളിൽ സംസ്ഥാനതല പ്രവേശനോത്സവം നടന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രി ആന്റണി രാജു, മന്ത്രി ജി ആർ അനിൽ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിൽ രക്ഷിതാക്കൾ ഉത്കണ്ഠപ്പടേണ്ടെന്നും കേരള സർക്കാർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒപ്പമുണ്ടന്നും ശിവൻകുട്ടി പറഞ്ഞു. 

ഇന്ത്യയിൽ ബോർഡ് പരീക്ഷ നടത്തിയ ഏക സംസ്ഥാനം കേരളമാണ്. ആരും ആശങ്കപ്പെടേണ്ടതില്ല. ഏത് പ്രതിസന്ധിഘട്ടമുണ്ടായാലും ആ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള എല്ലാ സന്നാഹങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്, ശിവൻകുട്ടി പറഞ്ഞു.  എല്ലാ ദിവസവും സ്‌കൂളുകളിൽ അതാത് ദിവസത്തെ വിവരങ്ങൾ പിടിഐയും സ്കൂൾ അധികാരികളും അധ്യാപകരും ഒന്നിച്ച് ചർച്ചചെയ്യുകയും വിലയിരുത്തലുകൾ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്ക് കൈമാറും. ഇങ്ങനെ ലഭിക്കുന്ന റിപ്പോർട്ടുകൾ വിശകലനം ചെയ്ത് കുറവുകൾ പരിഹരിച്ച് മുന്നോട്ടുപോകും, അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് ഇന്ന് ആരംഭിക്കുന്നത്. ഇന്ന് സ്കൂളുകളിൽ നേരിട്ടെത്താത്തത് അയോഗ്യതയായി കണക്കാക്കില്ല. തിരക്ക് ഒഴിവാക്കാൻ 8, 9 ക്ലാസുകൾ ഈ മാസം 15 നാണു തുടങ്ങുക. പ്ലസ് വൺ ക്ലാസുകളും 15നു തുടങ്ങും. 

ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ

സ്‌കൂൾ തുറന്നാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ചും മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകൾ തുടങ്ങണം. സ്‌കൂളുകളിൽ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റർ അകലംപാലിക്കണം. 

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകൾ നടത്തുക. ബാച്ചുകൾ സ്കൂളുകൾക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now