കത്തി കയ്യില്‍ കരുതിയത് സ്വയരക്ഷയ്ക്ക്; കോളജിലെത്തിയത് മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനെന്നും നിഖിലിന്റെ മൊഴി

ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് പൊലീസിന്റെ  എഫ്ഐആര്‍

ധീരജ്, നിഖിൽ പൈലി/ ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 8:56 am IST
Edited by :migrator

പൈനാവ്: ഇടുക്കി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി നിഖില്‍ പൈലിയുടെ മൊഴി പുറത്ത്. സ്വയരക്ഷയ്ക്കാണ് കത്തി കയ്യില്‍ കരുതിയതെന്നാണ് നിഖില്‍ പൊലീസിനോട് പറഞ്ഞത്. മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജില്‍ എത്തിയതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത നിഖില്‍ പൈലിയുടേയും ജെറിന്‍ ജോജോയുടേയും അറസ്റ്റ് രേഖപ്പെടുത്തി. 

കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആണ് ജെറിന്‍ ജോജോ. ഇരുവരുടേയും പങ്ക് വ്യക്തമായെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.  ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് പൊലീസിന്റെ  എഫ്ഐആര്‍. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിന്‍ ജോജോയ്ക്കെതിരെ കേസ്. കൃത്യത്തിന് പിന്നില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. 

ധീരജിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടിയാണ് ആക്രമണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ധീരജിന് ഏറ്റ പരിക്ക് ഇതു വ്യക്തമാക്കുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ പരിക്കും പ്രതികളുടെ ഉദ്ദേശം വ്യക്തമാക്കുന്നതായി പൊലീസ് വിലയിരുത്തുന്നു. ഇവരെ ആരാണ് കോളജിലേക്ക് വിളിച്ചു വരുത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ചോദ്യം ചെയ്യലിനായി ഇന്നലെ കസ്റ്റഡിയിലെടുത്ത നാലു കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചു. അതേസമയം പൈനാവ് എഞ്ചിനീയറിങ് കോളജിലെ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് അലക്‌സ് പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പറവൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

അതിനിടെ കുത്തേറ്റുമരിച്ച ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്‌മോര്‍ട്ടം ഇടുക്കി മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയാക്കി. മൃതദേഹം സഹപാഠികളും സിപിഎം നേതാക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. മൃതദേഹം സിപിഎം ഇടുക്കി സിപിഎം ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. ഇതിനുശേഷം വിലാപയാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. പട്ടപ്പാറ പൊതുശ്മശാനത്തില്‍ ഇന്നു വൈകീട്ടാണ് സംസ്‌കാരം നടത്തുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now