
പോപ്‌കോണിനും കൂൾഡ്രിങ്ക്സിനും അഞ്ചിരട്ടി വില; കൊച്ചിയിലെ മൾട്ടിപ്ലക്സുകളിൽ മിന്നൽ റെയ്ഡ്: മൂന്ന് കഫേകൾക്കെതിരെ കേസ്
തിങ്കൾ മുതൽ വ്യാഴം വരെ പോപ്‌കോൺ 99 രൂപയ്ക്ക് നൽകുമെന്ന് തിയേറ്റർ മാനേജ്‌മെന്റ്

കൊച്ചി: സിനിമാ തിയേറ്ററുകളിലെ കഫേകളിൽ പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷണപാനീയങ്ങൾക്ക് അന്യായവില ഈടാക്കി സാധാരണക്കാരെ പിഴിയുന്ന വൻ കൊള്ളയ്‌ക്കെതിരെ എറണാകുളത്തെ പ്രമുഖ മൾട്ടിപ്ലക്സുകളിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ മിന്നൽ പരിശോധന. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് ജില്ലാ സപ്ലൈ ഓഫീസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ റെയ്ഡിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. മൂന്ന് കഫേകൾക്കെതിരെ നിയമപരമായ കേസുകൾ രജിസ്റ്റർ ചെയ്തു.ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് തുടങ്ങിയ പ്രമുഖ മൾട്ടിപ്ലക്സ് തിയേറ്ററുകളിലും മറ്റ് പ്രധാന തിയേറ്ററുകളിലുമായിരുന്നു പരിശോധന. രാവിലെ 11 മണിക്ക് ആരംഭിച്ച സംയുക്ത റെയ്ഡ് വൈകിട്ട് നാലുമണി വരെ നീണ്ടുനിന്നു.
തിയേറ്ററുകളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പൊതുജനങ്ങളുടെ വ്യാപക പരാതി പൂർണ്ണമായും ശരിവെക്കുന്നതായിരുന്നു പരിശോധനാ സംഘത്തിന്റെ കണ്ടെത്തലുകൾ. മൾട്ടിപ്ലക്സുകളിൽ പോപ്‌കോൺ, ശീതളപാനീയങ്ങൾ എന്നിവയ്ക്ക് പൊതുവിപണിയിലേതിനേക്കാൾ അഞ്ചിരട്ടി വരെയാണ് ഈടാക്കുന്നത്. സാധാരണ സിംഗിൾ സ്ക്രീൻ തിയേറ്ററുകളിൽ ഇത് രണ്ടിരട്ടിയോളമാണ്. വിലവിവരപ്പട്ടിക സാധാരണക്കാർക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാതിരിക്കുക, അളവിൽ കുറവു വരുത്തി വിൽക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് മൂന്ന് കഫേകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ് എടുത്തത്.
വിലവിവരങ്ങൾ ഉപഭോക്താക്കൾ നേരിട്ട് കാണുന്ന ബോർഡുകളിൽ പ്രദർശിപ്പിക്കാതെ, മൊബൈലിൽ ക്യു ആർ (QR) കോഡ് സ്കാൻ ചെയ്താൽ മാത്രം കാണാൻ കഴിയുന്ന തരത്തിലാണ് പലയിടത്തും സംവിധാനിച്ചിരിക്കുന്നത്. ഇത് സാധാരണക്കാരായ സിനിമ കാണികളെ తీవ్రമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. കഫേകളിലെ അമിതവില നിയന്ത്രിച്ച് പൊതുവിപണിക്ക് അനുസൃതമായി മാറ്റം വരുത്താൻ തിയേറ്റർ മാനേജർമാർക്ക് കർശന നിർദ്ദേശം നൽകിയ സംഘം, വിഷയത്തിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അറിയിച്ചു. അതേസമയം, എല്ലാ തിയേറ്ററുകളിലും കാണികൾക്കായി സൗജന്യ കുടിവെള്ളം സജ്ജീകരിച്ചിട്ടുള്ളതായി പരിശോധനയിൽ വ്യക്തമായി.
ഉദ്യോഗസ്ഥ സംഘത്തിന്റെ ശക്തമായ ഇടപെടലിനും നോട്ടീസിനും പിന്നാലെ മൾട്ടിപ്ലക്സ് തിയേറ്റർ മാനേജ്‌മെന്റുകൾ നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പോപ്‌കോൺ 99 രൂപ നിരക്കിൽ ലഭ്യമാക്കുമെന്നും സിനിമാ ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ പ്രേക്ഷകർക്ക് ലഭ്യമാക്കുമെന്നും അവർ അറിയിച്ചു. എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ വി.ആർ. ഷാജി, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സന്തോഷ് എൻ.സി, അസിസ്റ്റന്റ് കൺട്രോളർ വേണു കെ.ബി, താലൂക്ക് സപ്ലൈ ഓഫീസർ മറീന ജോൺ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ഗിരീഷ് മോൻ, രഞ്ജിത്ത് ബോസ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ഹണി ടി.എസ്, ഷാമിനി, സിനത്ത് എൻ.എ, ഫുഡ് സേഫ്റ്റി ഓഫീസർ ദിവ്യ കെ. ഡിനിഷ്യസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പൂർത്തിയാക്കിയത്. വരും ദിവസങ്ങളിലും ജില്ലയിലെ കൂടുതൽ തിയേറ്ററുകളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Cracking down heavily on predatory pricing across cinema exhibition centers, a joint enforcement squad comprising officials from Civil Supplies, Legal Metrology, and the Food Safety Department conducted coordinated surprise inspections at major multiplexes in Kochi, including PVR Cinemas at Lulu Mall, Edappally, and Magic Frames, Kakkanad
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


