കൊച്ചിയില്‍ നിന്ന് ഒരു ബസ് രാവിലെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ഒരു ബസ് കൊച്ചിയിലേക്കുമാണ് സര്‍വീസ് നടത്തുക

KB Ganesh Kumar
കെബി ഗണേഷ് കുമാര്‍Source by : ഇന്‍സ്റ്റഗ്രാം
Last Updated :6 March 2026, 1:45 pm IST

News Now

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം പതിനഞ്ചിന് എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. പാന്‍ട്രി, ടോയ്‌ലറ്റ് ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും ബസില്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ഒരു ബസ് രാവിലെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ഒരു ബസ് കൊച്ചിയിലേക്കുമാണ് സര്‍വീസ് നടത്തുകയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. എറണാകുളം കാരയ്ക്കാമുറിയില്‍ നിര്‍മ്മിക്കുന്ന ബസ് സ്റ്റാന്റിന്റെ നിര്‍മ്മാണ ഉദ്ഘാടനവും നവീകരിച്ച എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

റോഡ് പണി കഴിഞ്ഞാല്‍ സര്‍വീസ് തൃശൂര്‍ വരെ ദീര്‍ഘിപ്പിക്കും. മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തും. ആലപ്പുഴ, കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടാകും. ബുക്കിങ് മുഴുവന്‍ തിരുവനന്തപുരത്തേക്ക് ആണെങ്കില്‍ എവിടെയും സ്റ്റോപ്പ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ബസില്‍ ടിക്കറ്റ് പരിശോധിക്കുക ഹോസ്റ്റസ് ആയിരിക്കും. അവരാണ് ഭക്ഷണവും നല്‍കുക. അതിനുള്ള ഹോസ്റ്റസിനെ തെരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.

'ബസ് വന്നാല്‍ ഞാന്‍ ഒന്ന് ഓടിച്ചുനോക്കൂം. അതുകഴിഞ്ഞാല്‍ ഉദ്ഘാടനവും കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് മുന്‍പേ വണ്ടി ഉദ്ഘാടനം ചെയ്തിരിക്കുന്നു. അല്ലെങ്കില്‍ ഉദ്ഘാടനം ചെയ്യേണ്ടെന്ന് പലരും പറയും. ഹോസ്റ്റസ് മലയാളിയാകണമെന്നില്ല. മലയാളിക്ക് ഒരു കുഴപ്പമുണ്ട്. നാലുദിവസം ട്രെയിനിങ് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യും. അഞ്ചാം ദിവസം അത് വൃത്തികേടാക്കും. പഠിപ്പിച്ചുകൊടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യണമെന്നും ബസ് ഹോസ്റ്റസ് എന്നൊരു സങ്കല്‍പം ഉണ്ടാക്കുകയാണ് ലക്ഷ്യം'- കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

വോള്‍വോയുടെ രണ്ട് ബസുകളാണ് ബിസിനസ് ക്ലാസ് ബസായി എത്തുന്നത്. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അത്രയും സംവിധാനങ്ങളോടെയുള്ള അതിഗംഭീര ബസ് ആയിരിക്കും കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ്. 35 സീറ്റുകളായിരിക്കും ഉണ്ടാകുക. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുക.

Summary

KSRTC Business Class bus to launch on the 15th: Minister Ganesh Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates