
News Now
കോട്ടയം: അങ്കമാലിയില് കോളജ് വിദ്യാര്ത്ഥിനി ജാസ്ലിയ ജോണ്സണ് വാഹനം ഇടിച്ചു മരിച്ച സംഭവത്തില് മുഖ്യപ്രതി ഡോക്ടര് സിറിയക് പി ജോര്ജ് പിടിയിലായി. ഒളിവില് കഴിഞ്ഞ സിറിയക്കിനെ വാഗമണ്ണില് നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള് വാഗമണ്ണിന് സമീപം കണ്ണംകുളത്തെ റിസോര്ട്ടില് ഒളിവില് കഴിയുകയായിരുന്നു. അപകടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാള് പിടിയിലാകുന്നത്.
WHAT TO READ NEXT

ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ അപകടം; പ്രതിയുടെ പിതാവ് അറസ്റ്റില്
വിദ്യാർത്ഥി മരിക്കാനിടയായ കാര് ഓടിച്ച കോട്ടയം സ്വദേശി ഡോക്ടര് സിറിയക്കിന്റെ പിതാവ് അതിരമ്പുഴ സ്വദേശി ജോര്ജ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവില് പോകാന് സഹായിച്ചതിനാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞ ഡോക്ടർ സിറിയക്കിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡോ. സിറിയക്കിനെതിരെ കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.
അപകടമുണ്ടാക്കിയ കാർ ആലപ്പുഴ തുറവൂരിൽനിന്നു കണ്ടെത്തിയിട്ടും ഇത് ഓടിച്ചിരുന്ന ഡോ. സിറിയക്കിനെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. മൂന്നുദിവസമായി ഇയാളുടെ ഫോണിന്റെ ടവർ ലോക്കേഷൻ വാഗമണ്ണിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കി അന്വേഷണം തുടരുകയായിരുന്നു. മഫ്ത്തിയിൽ പൊലീസ് സംഘം എത്തിയതോടെ ഡോ. സിറിയക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു എന്നാണ് വിവരം. ചാലാക്ക മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പാസായ ശേഷം അവിടെ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു ഡോ. സിറിയക്.
അപകടം നടന്നിട്ട് ഒരാഴ്ചയാകുമ്പോഴും പ്രതിയെ പിടികൂടാത്തതില് പൊലീസിനെതിരെ വ്യാപക വിമര്ശനം ഉയർന്നിരുന്നു. അങ്കമാലി മോര്ണിങ് സ്റ്റാര് കോളജിലെ രണ്ടാംവര്ഷ ബികോ വിദ്യാര്ത്ഥിനി ജാസ്ലിയ ജോണ്സണിനെ ഫെബ്രുവരി 28ാം തീയതിയാണ് സിറിയക് ഓടിച്ച കാര് ഇടിച്ചു തെറിപ്പിച്ചത്. ഹോസ്റ്റലില് താമസിച്ച് പഠനത്തോടൊപ്പം പാര്ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. പതിവുപോലെ ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജാസ്ലിയയെ പിന്നില് നിന്ന് വന്ന കാര് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ജസ്ലിയ ഈ മാസം മൂന്നിനാണ് മരിച്ചത്.
Summary
Dr. Cyriac P George, the main accused in the Angamaly college student Jaslia Johnson's death, has been arrested.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







