ബാക്കി വാങ്ങാന്‍ മറന്നു, 43-ാം മിനിറ്റില്‍ 300 രൂപ അക്കൗണ്ടില്‍; യാത്രക്കാരിയെ ഞെട്ടിച്ച് കെഎസ്ആര്‍ടിസി, നന്മ

സ്റ്റോപ്പില്‍ ഇറങ്ങി 43-ാം മിനിറ്റില്‍ യാത്രക്കാരിയുടെ അക്കൗണ്ടിലേക്ക് 300 രൂപ കൈമാറി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

ആലപ്പുഴ: സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ബാക്കി കിട്ടാനുള്ളത് മറന്ന യാത്രക്കാരിക്ക് 'ആനവണ്ടി ഫാന്‍സും' കെഎസ്ആര്‍ടിസി ജീവനക്കാരും കൈകോര്‍ത്തപ്പോള്‍ പണം തിരികെ കിട്ടി. സ്റ്റോപ്പില്‍ ഇറങ്ങി 43-ാം മിനിറ്റില്‍ യാത്രക്കാരിയുടെ അക്കൗണ്ടിലേക്ക്് 300 രൂപ കൈമാറി.

കഴിഞ്ഞദിവസമാണ് സംഭവം. കൊല്ലം എസ്എന്‍ കോളേജില്‍ ഗവേഷണ വിദ്യാര്‍ഥിനിയായ തൃശൂര്‍ സ്വദേശിനിയായ ടി ജി ലസിതയ്ക്കാണ് പണം തിരികെ ലഭിച്ചത്. വൈറ്റിലയില്‍ നിന്നാണ് കോളേജിലേക്ക് പോകാന്‍ കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. 500 രൂപയാണ് ടിക്കറ്റിനായി നല്‍കിയത്. 183 രൂപയുടെ ടിക്കറ്റും ചില്ലറ 17 രൂപയും കണ്ടക്ടര്‍ നല്‍കി. ബാക്കി 300 രൂപ യാത്രക്കിടെ നല്‍കാമെന്ന് ടിക്കറ്റിനു പിന്നില്‍ എഴുതിനല്‍കി. അതിനിടെ ലസിത ഉറങ്ങി. കൊല്ലമെത്തിയപ്പോള്‍ പെട്ടെന്ന് സ്റ്റോപ്പിലിറങ്ങി. കോളേജില്‍ എത്തിയപ്പോഴാണു ബാക്കി വാങ്ങിയില്ല എന്ന കാര്യം ഓര്‍ത്തത്.

ആനവണ്ടി പ്രേമിയായ സുഹൃത്ത് ചിഞ്ചുവിനെ വിളിച്ച് കാര്യം പറഞ്ഞു. ചിഞ്ചു ഉടന്‍ ടിക്കറ്റിന്റെ ഫോട്ടോ വാങ്ങി കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലിട്ടു. ഇതുകണ്ട കെഎസ്ആര്‍ടിസി എടത്വാ ഡിപ്പോയിലെ കണ്ടക്ടര്‍ ഷെഫീക്ക് ഇബ്രാഹിം ചിഞ്ചുവിനെ വിളിച്ച് ബസിന്റെ കണ്ടക്ടറുടെ നമ്പര്‍ ലഭിച്ചിട്ടുണ്ടെന്നും പണം ഉടന്‍ ലഭിക്കുമെന്നും പറഞ്ഞു. 43 -ാം മിനിറ്റില്‍ ചിഞ്ചുവിന്റെ അക്കൗണ്ടിലേക്ക് ബാലന്‍സ് തുകയായ മൂന്നൂറു രൂപയെത്തി. അവരത് ലസിതയ്ക്ക് ഗൂഗിള്‍പേയിലൂടെ കൈമാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now