സദ്ഗുരുവിനൊപ്പം മഹാശിവരാത്രി, 29 പ്രമുഖ ക്ഷേത്രങ്ങളില്‍ തത്സമയം; 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം 24 ഭാഷകളില്‍

ശിവരാത്രിയോടനുബന്ധിച്ച് കോയമ്പത്തൂര്‍ ഈശ യോഗ സെന്ററില്‍ നിന്നുള്ള മഹാശിവരാത്രി ആഘോഷങ്ങള്‍ കേരളത്തിലുടനീളമുള്ള 29 പ്രമുഖ ക്ഷേത്രങ്ങളില്‍ തത്സമയം കാണാം

Mahashivratri celebration at Isha Yoga Center
Mahashivratri celebration at Isha Yoga Center
Edited by :dhanojam
Last Updated :12 ഫെബ്രുവരി 2026, 11:04 am IST

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് കോയമ്പത്തൂര്‍ ഈശ യോഗ സെന്ററില്‍ നിന്നുള്ള മഹാശിവരാത്രി ആഘോഷങ്ങള്‍ കേരളത്തിലുടനീളമുള്ള 29 പ്രമുഖ ക്ഷേത്രങ്ങളില്‍ തത്സമയം കാണാം. ഇതില്‍ 12 ക്ഷേത്രങ്ങളില്‍ വെച്ച് ഭക്തര്‍ക്ക് 'രുദ്രാക്ഷ ദീക്ഷ' സ്വീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സദ്ഗുരുവിന്റെ നേതൃത്വത്തില്‍ ഭക്തിയും സംഗീതവും ധ്യാനവും ഒന്നിക്കുന്ന രാത്രിയുടനീളമുള്ള ആഘോഷ പരിപാടികളാണ് ശിവരാത്രിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. 100-ലധികം ടിവി ചാനലുകളിലൂടെയും ഡിജിറ്റല്‍ സ്ട്രീമുകളിലൂടെയും 24 ഇന്ത്യന്‍-വിദേശ ഭാഷകളിലായി 14 കോടിയിലധികം ആളുകളിലേക്ക് ശിവരാത്രി ആഘോഷത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ എത്തിക്കും.

മനുഷ്യശരീരത്തിലെ ഊര്‍ജ്ജം സ്വാഭാവികമായി മുകളിലേക്ക് ഉയരുന്നതിനാല്‍ ആത്മീയ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ, സവിശേഷമായ ഒരു ഗ്രഹ പ്രതിഭാസമാണ് 'ശിവന്റെ മഹാരാത്രി' എന്നറിയപ്പെടുന്ന മഹാശിവരാത്രി. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ഈ രാത്രിയില്‍ ഉറക്കമിളച്ച് ഉണര്‍ന്നിരിക്കാനും ഈശ യോഗ സെന്ററില്‍ നേരിട്ടെത്തിയോ ഓണ്‍ലൈന്‍ തത്സമയ സംപ്രേക്ഷണത്തിലൂടെയോ ആഘോഷങ്ങളില്‍ പങ്കുചേരാനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി 15 ന് ധ്യാനലിംഗത്തില്‍ നടക്കുന്ന പഞ്ചഭൂത ആരാധനയോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. പ്രകൃതിയിലെ അഞ്ച് മൂലകങ്ങളെയും (ഭൂമി, ജലം, അഗ്‌നി, വായു, ആകാശം) ആദരവോടെ സമീപിക്കുന്ന ശക്തമായ ഒരു ശുദ്ധീകരണ ചടങ്ങാണിത്. 15-ാം തീയതി രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ലിംഗഭൈരവി മഹായാത്രയിലൂടെയാണ്. സ്‌ത്രൈണശക്തിയുടെ പ്രഭാവം വിളിച്ചോതുന്നതാണ് ഈ ഘോഷയാത്ര. മഹാശിവരാത്രി പ്രമാണിച്ച്, ഈശ യോഗ സെന്ററിലെ ധ്യാനലിംഗ ക്ഷേത്രവും ലിംഗഭൈരവി ദേവിയുടെ സന്നിധിയും രാത്രി മുഴുവന്‍ ഭക്തര്‍ക്കായി തുറന്നിരിക്കും.

'ആദിയോഗി ദിവ്യദര്‍ശനം' എന്ന പേരില്‍ 112 അടി ഉയരമുള്ള ആദിയോഗി പ്രതിമയില്‍ ലൈറ്റ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടക്കും. യോഗയുടെ ഉത്ഭവത്തെക്കുറിച്ച് സദ്ഗുരു വിവരിക്കും. പുരാതനവും ആധുനികവുമായ സംഗീത ശൈലികള്‍ സമന്വയിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഗുജറാത്തി നാടന്‍ പാട്ടുകളുടെ തനിമയും ആവേശവും പകരുന്ന ആദിത്യ ഗാധ്വിയുടേയും പരമ്പരാഗത-നാടന്‍ വാദ്യമേളങ്ങളുടെ ഇടിമുഴക്കം തീര്‍ക്കുന്ന പ്രശാന്ത് സോനാഗ്രയുടേയും സംഘത്തിന്റെയും പ്രകടനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈശയുടെ സ്വന്തം സംഗീത ബാന്‍ഡായ സൗണ്ട്സ് ഓഫ് ഈശ, സ്വരൂപ് ഖാന്‍, ബ്ലേസ്, പാരഡോക്‌സ് എന്നിവരോടൊപ്പം കലാകാരന്മാരായ സ്വാഗത് റാത്തോഡ്, പൃഥ്വി ഗന്ധര്‍വ് എന്നിവരുമായി ചേര്‍ന്ന് നാടന്‍ പാട്ടുകളുടെയും ആധുനിക സംഗീതത്തിന്റെയും മനോഹരമായ ഒരു ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അര്‍ദ്ധരാത്രിയില്‍, സദ്ഗുരു എല്ലാവരെയും 'മഹാമന്ത്ര' ദീക്ഷയിലേക്ക് നയിക്കും. തുടര്‍ന്ന് ബ്രഹ്മമുഹൂര്‍ത്തത്തില്‍ (പുലര്‍ച്ചെ 3:40-ന്), ആ രാത്രിയിലെ സവിശേഷമായ ഗ്രഹസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ധ്യാനത്തിന് അദ്ദേഹം നേതൃത്വം നല്‍കും. സദ്ഗുരു സകല സൃഷ്ടിയുടെയും ഉറവിടമായി വിശേഷിപ്പിക്കുന്ന 'തന്നിലെ ശൂന്യതയെ' അനുഭവിക്കാനുള്ള അപൂര്‍വ്വമായ അവസരം ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ പരിപാടി ഫെബ്രുവരി 15-ന് ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണി മുതല്‍ സദ്ഗുരുവിന്റെ യൂട്യൂബ് ചാനലുകളിലും പ്രധാന മാധ്യമ ശൃംഖലകളിലും 24 ഭാഷകളിലായി തത്സമയം സംപ്രേക്ഷണം ചെയ്യും. പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക മഹാശിവരാത്രി വെബ്‌പേജില്‍ ലഭ്യമാണ്.

News Now

Summary

Mahashivratri celebration at Isha Yoga Center

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates