15 കോടി ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിങ്; സാദിഖലി തങ്ങള്‍ക്കെതിരെ പോസ്റ്റ് ഇട്ടയാളെ തിരിച്ചറിഞ്ഞു

പെരിന്തല്‍മണ്ണ സ്വദേശിയായ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷന്‍ ആണ് പോസ്റ്റിന് പിന്നിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Sadiqali Thangal
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
Edited by :Sujith
Last Updated :26 മാർച്ച് 2026, 3:59 pm IST

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശിയായ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷന്‍ ആണ് പോസ്റ്റിന് പിന്നിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ കാട്ടി 15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നല്‍കാതിരുന്നതോടെയാണ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

ജനുവരി 31-ന് ആണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതെന്ന് പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. മൊയീനലി തങ്ങളെ ചില അവ്യക്തമായ ചില ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് പ്രതി ഭീഷണിപ്പെടുത്തുകയും 15 കോടി രൂപ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇത് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിക്കുകയായിരുന്നെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

സംഭവത്തില്‍ സൈബര്‍ പൊലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. പിന്നാലെ സാദിഖലി തങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അപകീര്‍ത്തികരമായ പോസ്റ്റിട്ട അജ്ഞാത ഐഡിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ മുസ്ലിം ലീഗ് നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

News Now

Summary

Man identified for Facebook post against Sadiqali Thangal; police launch search.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates