മുഈൻ അലി യൂത്ത് ലീഗ് തലപ്പത്തേക്ക്? കുഞ്ഞാലിക്കുട്ടിയുമായുള്ള ഭിന്നതകൾക്കിടെ നീക്കം
ചന്ദ്രിക കള്ളപ്പണക്കേസിലും സിഐസി വിവാദത്തിലും സ്വീകരിച്ച കർക്കശ നിലപാടുകൾ ശ്രദ്ധേയം
മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങളെ പരിഗണിക്കുന്നതായി സൂചന. മുസ്‌ലിം ലീഗിന്റെ സംസ്ഥാന രാഷ്ട്രീയത്തിലും സംഘടനാ ഘടനയിലും പരമാധികാരമുള്ള പാണക്കാട് കുടുംബത്തിൽനിന്ന് മറ്റൊരു നേതാവ് കൂടി യുവജന പ്രസ്ഥാനത്തിന്റെ സാരഥ്യത്തിലേക്ക് എത്തുന്നു എന്ന രാഷ്ട്രീയ പ്രാധാന്യമാണ് ഈ നീക്കത്തിനുള്ളത്. നിലവിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയാണ് മുഈൻ അലി.
സംസ്ഥാന അധ്യക്ഷ പദവിക്കായി പി.കെ. ഫിറോസ്-പി.കെ. നവാസ് വിഭാഗങ്ങൾ തമ്മിൽ ചരടുവലികൾ ശക്തമാകുന്നതിനിടെയാണ് സംഘടനയിൽ തർക്കങ്ങളില്ലാതെ സമവായത്തിലെത്താൻ പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തെത്തന്നെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ലീഗ് നേതൃത്വം ആലോചിക്കുന്നത്. എന്നാൽ, പാർട്ടിയിലെ അതിശക്തനും ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി പല ഘട്ടങ്ങളിലും തുറന്ന പോരിലേക്ക് നീങ്ങിയ നേതാവാണ് മുഈൻ അലി എന്നത് അദ്ദേഹത്തിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു വരുമ്പോൾ ശ്രദ്ധേയമായ രാഷ്ട്രീയ ഘടകമാകുന്നു.
കുഞ്ഞാലിക്കുട്ടിയുമായുള്ള മുഈൻ അലിയുടെ മുൻകാല ഏറ്റുമുട്ടലുകളാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്ന്. മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദമാണ് ഇതിൽ പ്രധാനപ്പെട്ടത്. 2021ൽ അന്നത്തെ താനൂർ എം.എൽ.എ കെ.ടി. ജലീൽ ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ആരോപണം ഉന്നയിച്ചതിന് പിന്നാലെ വിഷയം കൈകാര്യം ചെയ്യാൻ ഹൈദരലി ശിഹാബ് തങ്ങൾ മുഈൻ അലിയെ ചുമതലപ്പെടുത്തിയിരുന്നു.
തുടർന്ന് ചന്ദ്രികയുടെ കാര്യങ്ങളിൽ കുഞ്ഞാലിക്കുട്ടിയുടെ പങ്കിനെ ചോദ്യംചെയ്ത് മുഈൻ അലി പരസ്യമായി രംഗത്തെത്തി. ചന്ദ്രികയുടെ അന്നത്തെ ഫിനാൻസ് മാനേജറും നിലവിൽ തിരൂരങ്ങാടി എംഎൽഎയുമായ അബ്ദുസ്സമദ് സമദാനിയല്ല, അബ്ദുസ്സമീറാണ് വിവാദത്തിന്റെ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നിയമിതനായ അബ്ദുസ്സമീറിന്റെ കഴിവില്ലായ്മയാണ് പത്രം നേരിട്ട പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു മുഈൻ അലിയുടെ പരാമർശം. ചന്ദ്രികയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുഞ്ഞാലിക്കുട്ടിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് കേസുമായി ബന്ധപ്പെട്ട് മുഈൻ അലി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സംഭവം ലീഗിലെ ഒരു വിഭാഗത്തിനിടയിൽ മുഈൻ അലിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. 2021ൽ മുഈൻ അലി വാർത്താസമ്മേളനം നടത്തുന്നതിനിടെ ലീഗ് പ്രവർത്തകൻ റഫീഖ് പുതിയത് കടവ് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കടന്നുകയറി പരസ്യമായി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
തുടർന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ലീഗ് യോഗത്തിൽ മുഈൻ അലിയുടെ നടപടി പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന നിലപാടും നേതൃത്വത്തിൽനിന്ന് ഉയർന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഇ.കെ. വിഭാഗം നേതൃത്വവുമായി മുഈൻ അലി പുലർത്തിയ അടുപ്പവും ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗവുമായുള്ള അകലം വർധിപ്പിച്ചു. കോഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) വിവാദത്തിൽ സമസ്ത നേതൃത്വത്തിനൊപ്പം നിന്നതും ഇതിന്റെ ഭാഗമായിരുന്നു. സി.ഐ.സിയുടെ പുതിയ ജനറൽ സെക്രട്ടറിയെ സാദിഖലി തങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാരും സി.ഐ.സി സ്ഥാനങ്ങളിൽനിന്ന് രാജിവച്ചിരുന്നു.
വിവാദത്തിനിടെ സമസ്ത നേതൃത്വ യോഗത്തിൽ പങ്കെടുത്ത മുഈൻ അലി, പുതിയ സി.ഐ.സി സെക്രട്ടറിയുടെ നിയമനത്തിന് പിന്നിൽ 'ചതി' നടന്നിട്ടുണ്ടെന്നും സമസ്ത നേതൃത്വത്തെ ഇരുട്ടിൽ നിർത്തിയാണ് തീരുമാനമെടുത്തതെന്നും ആരോപിച്ചു.
2024ൽ പാണക്കാട് മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ സംഘടിപ്പിച്ച 'പാണക്കാടിന്റെ പൈതൃകം' പരിപാടിയിലും കുഞ്ഞാലിക്കുട്ടിക്കും അബ്ദുസ്സമദ് സമദാനിക്കുമെതിരെ മുഈൻ അലി ആരോപണങ്ങളുന്നയിച്ചു. ഇതിന് പിന്നാലെ മുഈൻ അലിക്കെതിരെ റഫീഖ് പുതിയത് കടവ് ഭീഷണി സന്ദേശം അയച്ചതായും ആരോപണമുയർന്നു.
അടുത്തിടെ ആശുപത്രികളിൽ ഭക്ഷണവിതരണം നടത്തുന്ന ഡി.വൈ.എഫ്.ഐയുടെ 'പൊതിച്ചോറ്' ക്യാംപയിന് നേരെ വിമർശനമുയർന്നപ്പോൾ മുഈൻ അലി അതിന് പിന്തുണയുമായി രംഗത്തെത്തിയതും ശ്രദ്ധ നേടിയിരുന്നു.
പാണക്കാട് കുടുംബത്തിലെ മറ്റൊരു അംഗം യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നു എന്നതിലുപരി, ലീഗിലെ ശക്തനായ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി പല ഘട്ടങ്ങളിലും പരസ്യമായി ഭിന്നിച്ചിട്ടുള്ള ഒരാൾ യുവജന സംഘടനയുടെ നേതൃത്വത്തിലേക്ക് വരുന്നു എന്നതാണ് മുഈൻ അലിയുടെ സാധ്യതാ സ്ഥാനലബ്ധിയെ രാഷ്ട്രീയമായി ശ്രദ്ധേയമാക്കുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
In a politically significant development within the Indian Union Muslim League (IUML), reports indicate that Sayyid Mueen Ali Shihab Thangal, son of the late Panakkad Sayyid Hyderali Shihab Thangal, is being actively considered for the post of Muslim Youth League State President
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






