മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം, അമൃതോത്സവ നിറവില്‍ അമൃതപുരി; പൊതുപരിപാടിയില്‍ അമിത് ഷാ

മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി അമൃതപുരി

mata amritanandamayi devi
മാതാ അമൃതാനന്ദമയി ദേവിfile
Edited by :Dhanoj AM
Last Updated :26 സെപ്റ്റംബർ 2026, 9:39 am IST

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി അമൃതപുരി. ഇനി രണ്ടുദിവസം അമൃതപുരിയില്‍ അമൃതോത്സവം. വിശ്വസേവാദിനമായി ആചരിക്കുന്ന ശനിയാഴ്ചയും ഞായറാഴ്ചയും അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍ വിപുലമായ പരിപാടികള്‍ നടക്കുന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് അമൃതപുരിയിലെത്തുക. ആശ്രമത്തില്‍ നിന്ന് അമൃത സര്‍വകലാശാല കാമ്പസിലെത്തുന്ന അമ്മയെ ഭക്ത്യാദരപൂര്‍വം സ്വീകരിക്കും.

ഇന്ന് വൈകീട്ട് നടക്കുന്ന പൊതുപരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വഹിക്കും. നാലോടെ അമൃതപുരി കാമ്പസ് ഹെലിപാഡിലിറങ്ങുന്ന അമിത് ഷാ അമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അഞ്ചോടെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും പങ്കെടുക്കും. അമൃത കീര്‍ത്തി പുരസ്‌കാരം മുന്‍ ഗവര്‍ണറും പ്രമുഖ അഭിഭാഷകനും ഗ്രന്ഥകാരനുമായ പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് സമ്മാനിക്കും. ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര മേഖലയിലെ പ്രഗത്ഭര്‍ക്ക് മഠം നല്‍കുന്നതാണ് അമൃതകീര്‍ത്തി പുരസ്‌കാരം. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതീ ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

27ന് രാവിലെ 11 മണിക്ക് നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വിശ്വസേവാദിനത്തോടനുബന്ധിച്ച് 50 കോടി രൂപയുടെ ജീവകാരുണ്യപദ്ധതികള്‍ക്ക് മഠം തുടക്കം കുറിക്കും. പരിപാടിയുടെ ഭാഗമായി അസമിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തന നിധിയിലേക്ക് മാതാ അമൃതാനന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപ കൈമാറും. 27ന് രാവിലെ ഒമ്പതിന് ശ്രീ ഗുരു പാദുക പൂജ, തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ സത്സംഗം, വിശ്വശാന്തി പ്രാര്‍ത്ഥന, ഭജന എന്നിവ നടക്കും. രാവിലെ 11 മണിക്ക് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്ന ഔദ്യോഗിക ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍, മുഖ്യമന്ത്രി വിഡി സതീശന്‍, കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹന്‍ നായിഡു, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചടങ്ങില്‍ അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ അവയവമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സഹായം (20 കോടി), മഠത്തിന് കീഴിലുള്ള സ്വാശ്രയ സംഘങ്ങള്‍ക്കുള്ള ധനസഹായം, തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലുമുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുമുള്ള ധനസഹായ പ്രഖ്യാപനം എന്നിവ നടക്കും. പ്രധാന ചടങ്ങിനുശേഷം സമൂഹവിവാഹവും നടക്കും.

News Now

Summary

mata amritanandamayi devi 73rd birthday celebration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates