റിസോര്‍ട്ടില്‍ എംഡിഎംഎ കച്ചവടം; രണ്ട് വര്‍ഷത്തിന് ശേഷം മുഖ്യപ്രതി പിടിയില്‍, പൊലീസ് വലയിലാക്കിയത് ഗോവയില്‍ നിന്ന്

റിസോര്‍ട്ടില്‍ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

അറസ്റ്റിലായ മുഫാസ്‌
Last Updated :20 January 2024, 9:17 am IST
Edited by :migrator

ആലപ്പുഴ: റിസോര്‍ട്ടില്‍ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ഹരിപ്പാട് ഡാണാപ്പടി മംഗല്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് സൂക്ഷിച്ചു വില്‍പ്പന നടത്തിയ കേസില്‍ ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബര്‍ എട്ടിന് 52.4 ഗ്രാം എംഡിഎംഎയാണ് റിസോര്‍ട്ടില്‍ നിന്നും പിടികൂടിയത്. സംഘത്തിന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയ മുഖ്യ പ്രതി തിരുവല്ല നെടുമ്പുറം എഴുമുളത്തില്‍ മുഫാസ് മുഹമ്മദിനെയാണ് (27) ഹരിപ്പാട് പൊലീസ് ഗോവയില്‍ നിന്നും പിടികൂടിയത്.

കേസില്‍ മുന്‍പ് അറസ്റ്റിലായ നൈജീരിയകാരനായ പ്രതി, ജോണ്‍ കിലാച്ചി ഓഫറ്റോ, തമിഴ്‌നാട് സ്വദേശികളായ വടിവേല്‍, മഹേഷ് കുമാര്‍ എന്നിവരുമായുള്ള ബന്ധം വഴിയാണ് മുഫാസ് മറ്റൊരു പ്രതിയായ സജിന്‍ എബ്രഹാമിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നത്. സംഭവത്തിന് ശേഷം പ്രതി ഒരു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് പിടിക്കാതിരിക്കാനായി രൂപം മാറ്റിയും, പല സംസ്ഥാനങ്ങളിലെ സിമ്മുമാണ് ഉപയോഗിച്ചിരുന്നത്. കുറച്ചു ദിവസം മാത്രമേ പ്രതി ഒരു സിം ഉപയോഗിക്കൂ. അതുകഴിഞ്ഞാല്‍ അടുത്ത ഫോണും സിമ്മും എടുക്കുന്നതാണ് പതിവ്.

മുഫാസ് ഹിമാചല്‍ പ്രദേശത്ത് കസോള്‍ എന്ന സ്ഥലത്തു ഒളിവില്‍ താമസിച്ചു വരുകയാണെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണത്തില്‍ കണ്ടെത്തി. ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശനുസരണം കായംകുളം ഡിവൈഎസ്പി. അജയ്‌നാഥത്തിന്റെ മേല്‍ നോട്ടത്തില്‍ ഹരിപ്പാട് എസ്എച്ച്ഒ വിഎസ് ശ്യാംകുമാര്‍, സീനിയര്‍ സിപിഒ അജയകുമാര്‍, സിപിഒ നിഷാദ് എന്നിവരടങ്ങുന്ന സംഘം ഹിമാചല്‍ പ്രദേശിലേക്കു പോയി. 

ഇതിനിടയില്‍ പ്രതി ഹിമാചലില്‍ നിന്ന് ഗോവയിലേക്ക് വരുന്നതായി മനസ്സിലാക്കി അന്വേഷസംഘം അവിടെ എത്തി കാത്തുനിന്നു. ഗോവയിലെ ഒരു ഉള്‍പ്രദേശത്ത് മയക്കുമരുന്ന് സംഘം തങ്ങുന്ന ഒരുവീട്ടില്‍ എത്തിയ പ്രതിയെ അന്വേഷസംഘം ഒരു രാത്രിമുഴുവന്‍ കാത്തിരുന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഹരിപ്പാട് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

ഗ്രാമിന് 3000 രൂപ മുതല്‍ 5000 വരെ വിലയ്ക്കാണ് വില്‍ക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇവര്‍ മാസത്തില്‍ രണ്ടു മൂന്നു തവണ ബംഗളൂരുവില്‍ പോയി എംഡിഎംഎയും കഞ്ചാവും നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിവരുകയായിരുന്നു. 19 പ്രതികളുള്ള കേസില്‍ മുഫാസ് ഉള്‍പ്പെടെ 15 പേര്‍ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ള പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now