യുഎസിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

ആൻ മേരിയുടെ സംസ്കാരം കോട്ടയത്തും അഞ്ജനയുടേത് തൃശൂർ മണ്ണുത്തിയിലും

Two Malayali women were killed in California
കൊല്ലപ്പെട്ട മലയാളി യുവതികൾ
Edited by :Damodaran K
Last Updated :21 സെപ്റ്റംബർ 2026, 1:12 pm IST

കൊച്ചി: യുഎസിലെ കാലിഫോർണിയയിൽ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന, ആൻ മേരി മാത്യു എന്നിവരുടെ മൃതദേഹങ്ങൾ നാടണഞ്ഞു. കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ എത്തിച്ച മൃതദേഹങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾ വിതുമ്പലോടെ ഏറ്റുവാങ്ങി. സാൻ ഫ്രാൻസിസ്കോയിൽനിന്ന് ലോസ് ആഞ്ചലസ്, ദുബായ് വഴിയുള്ള വിമാന സർവീസിലാണ് മൃതദേഹങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുവന്നത്.

തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിന്റെ മൃതദേഹം വിമാനത്താവളത്തിൽനിന്ന് കോട്ടയത്തെ ഭർതൃവീട്ടിലേക്കാണ് കൊണ്ടുപോയത്. മൃതദേഹം ഇന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ പതിനൊന്നിനാണ് സംസ്കാര ചടങ്ങുകൾ നടക്കുക. തൃശൂർ സ്വദേശിനിയായ അഞ്ജനയുടെ മൃതദേഹം വിലങ്ങന്നൂരിലെ ഭർതൃവീട്ടിൽ എത്തിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കുമായി പൊതുദർശനത്തിന് വെച്ചു. വൈകുന്നേരത്തോടെ മൃതദേഹം മണ്ണുത്തിയിലെ സ്വന്തം കുടുംബവീട്ടിലേക്ക് എത്തിക്കും. അവിടെവെച്ചാണ് അഞ്ജനയുടെ സംസ്കാര ചടങ്ങുകൾ നടക്കുക.

കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് കാലിഫോർണിയയിലെ മിൽപിറ്റാസിലും സാൻ ഹോസെയിലുമായി നാടിനെ നടുക്കിയ ഈ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. കൊല്ലപ്പെട്ട യുവതികളുടെ അടുത്ത സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയുമായ അനിലയാണ് ഇരുവരെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ആൻ മേരിയെ സാൻ ഹോസെയിലെ സ്വന്തം വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ ശേഷം, ഒന്നര മണിക്കൂറോളം കഴിഞ്ഞ് അഞ്ജനയെ ഫോണിൽ വിളിച്ചുവരുത്തി വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് യുഎസ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കൃത്യം നടത്തിയ ഉടൻതന്നെ കാലിഫോർണിയ പൊലീസ് അനിലയെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി. സുഹൃത്തുക്കളായ യുവതികളെ അടുത്തടുത്ത മണിക്കൂറുകളിൽ അരുംകൊല ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ച കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മിൽപിറ്റാസ് പൊലീസ്.

News Now

Summary

The mortal remains of Anjana and Ann Mary Mathew, the two young Malayali women who were brutally murdered in California, United States, were repatriated to Kerala on Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates