മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം?; സുപ്രീംകോടതി ഉത്തരവ് ഇന്നുണ്ടായേക്കും

നിലവില്‍ ഡാമിന്റെ പരിപൂര്‍ണ അധികാരമുള്ള തമിഴ്‌നാട്, കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തിരസ്‌കരിക്കുകയാണു പതിവ്

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍
Last Updated :20 January 2024, 9:00 am IST
Edited by :migrator

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം കോടതി നല്‍കിയേക്കും.  പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വരുന്നതു വരെ നിയമത്തിന്റെ പരിധിയില്‍പ്പെട്ട മുഴുവന്‍ ചുമതലകളും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കു നല്‍കാമെന്ന നിര്‍ദേശം കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതി മുന്നോട്ടുവെച്ചിരുന്നു.

ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓഖ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.കേരളവും തമിഴ്‌നാടും നിര്‍ദേശിക്കുന്ന ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയില്‍ ഉള്‍പ്പെടുത്തും. ഇക്കാര്യത്തില്‍ അതാതു ചീഫ് സെക്രട്ടറിമാര്‍ ശുപാര്‍ശ നല്‍കും. നിലവിലുള്ള മൂന്നംഗ സമിതിയിലേക്ക് ഇരുസംസ്ഥാനങ്ങള്‍ക്കും ഓരോ സാങ്കേതിക വിദഗ്ധരെ നിയമിക്കാം എന്നതും കേരളത്തിന് അനുകൂലമായ തീരുമാനമാണെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ഡാമിന്റെ പരിപൂര്‍ണ അധികാരമുള്ള തമിഴ്‌നാട്, കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തിരസ്‌കരിക്കുകയാണു പതിവ്. ജലനിരപ്പ് ഉയരുമ്പോള്‍ ഷട്ടറുകള്‍ തുറക്കുന്നതിലും പെരിയാര്‍ തീരദേശവാസികളുടെ ആശങ്ക പരിഗണിക്കുന്നതിലും തമിഴ്‌നാട് കേരളത്തെ തുടര്‍ച്ചയായി അവഗണിക്കുകയാണ്. മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കിയാല്‍ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങളെല്ലാം പരിശോധിച്ച് തീരുമാനമെടുക്കുക.

മേല്‍നോട്ട സമിതിയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ ഇരു സംസ്ഥാനങ്ങളുടെയും ഭാഗത്തു വീഴ്ചയുണ്ടായാല്‍ മേല്‍നോട്ട സമിതിക്കു അപ്പോള്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെ കൂടുതല്‍ ശാക്തീകരിക്കണമെന്നും പ്രവര്‍ത്തനപരിധിയും ചുമതലകളും കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യവുമായി കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

മേല്‍നോട്ട സമിതിയെ കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യം കേരള സര്‍ക്കാരും മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. നിലവില്‍ മേല്‍നോട്ട സമിതി അണക്കെട്ടില്‍ പരിശോധന നടത്തി നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും തമിഴ്‌നാട് ഇതു സമയബന്ധിതമായി നടപ്പാക്കാറില്ല. അണക്കെട്ടിന്റെ ദൃഢത, ഘടന സംബന്ധിച്ച കാര്യങ്ങള്‍ ആയതിനാല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 


ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now