'മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ ഹൈക്കമാന്‍ഡ് അഭിപ്രായം തേടിയോ?'; ടികെ ഗോവിന്ദനോടും വി കുഞ്ഞികൃഷ്ണനോടും ചോദ്യങ്ങളുമായി എംവി ജയരാജന്‍

മന്ത്രിമാരുടെ സത്യപ്രതിജ്ഞാ വേദിയില്‍ ഒരു മതത്തിന്റെ ദേവതകളെ മാത്രം പ്രകീര്‍ത്തിക്കുന്ന വന്ദേമാതരം ചൊല്ലിയത് ശരിയാണോ?

mv jayarajan
mv jayarajan File
Edited by :Sujith
Last Updated :12 ജൂൺ 2026, 4:47 pm IST

കണ്ണൂര്‍: തരംകിട്ടുമ്പോഴെല്ലാം സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന രണ്ട് എംഎല്‍എമാരോടും പത്തുചോദ്യങ്ങളുമായി സിപിഎം മുതിര്‍ന്ന നേതാവ് എംവി ജയരാജന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ടികെ ഗോവിന്ദനെതിരെയും വി കുഞ്ഞികൃഷ്ണനെതിരെയും എംവി ഗോവിന്ദന്‍ രംഗത്ത് എത്തിയത്. സിപിഎമ്മിന് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലെന്ന് പറഞ്ഞ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഏറ്റവും കൂടുതലുള്ള കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും മുമ്പ് രണ്ടുപേരോടും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അഭിപ്രായം തേടിയോ? ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാണോ അഭിപ്രായമെന്ന് ജയരാജന്‍ ചോദിക്കുന്നു.

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ജില്ലാ കമ്മിറ്റിയുടെ മേല്‍ പഴിചാരി സംസ്ഥാന കമ്മിറ്റി രക്ഷപ്പെട്ടുവെന്ന പച്ച നുണ പറഞ്ഞുതന്നത് നുണകളുടെ രാജാവായ മുഖ്യമന്ത്രിയാണോ?, വര്‍ഗ്ഗീയതയോടുള്ള രണ്ടുപേരുടെയും സമീപനം എന്താണ്? നിങ്ങളില്‍ ഒരാള്‍ സ്ഥാനാര്‍ഥിത്വം സ്വന്തമായി പ്രഖ്യാപിച്ചപ്പോള്‍ വര്‍ഗ്ഗീയ കക്ഷികള്‍ ഒഴിച്ചുള്ളവരുടെ പിന്തുണ സ്വീകരിക്കുമെന്നായിരുന്നു പറഞ്ഞതെന്ന് ഓര്‍ക്കുമല്ലോയെന്നും ജയരാജന്‍ ചോദിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

തരംകിട്ടുമ്പോഴെല്ലാം സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന രണ്ട് എംഎല്‍എമാരോടും ചില ചോദ്യങ്ങള്‍.

1. സിപിഎമ്മിന് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലെന്ന് പറഞ്ഞ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഏറ്റവും കൂടുതലുള്ള കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും മുമ്പ് രണ്ടുപേരോടും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അഭിപ്രായം തേടിയോ? ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാണോ അഭിപ്രായം?

2. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജില്ലാ കമ്മിറ്റിയുടെ മേല്‍ പഴിചാരി സംസ്ഥാന കമ്മിറ്റി രക്ഷപ്പെട്ടുവെന്ന പച്ച നുണ പറഞ്ഞുതന്നത് നുണകളുടെ രാജാവായ മുഖ്യമന്ത്രിയാണോ?

3. വര്‍ഗ്ഗീയതയോടുള്ള രണ്ടുപേരുടെയും സമീപനം എന്താണ്? നിങ്ങളില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിത്വം സ്വന്തമായി പ്രഖ്യാപിച്ചപ്പോള്‍ വര്‍ഗ്ഗീയ കക്ഷികള്‍ ഒഴിച്ചുള്ളവരുടെ പിന്തുണ സ്വീകരിക്കുമെന്നായിരുന്നു പറഞ്ഞതെന്ന് ഓര്‍ക്കുമല്ലോ.

4. 'ഇന്ദിര ഗ്യാരണ്ടി' വാഗ്ദാനമായ 21,000 രൂപ ആശമാര്‍ക്ക് നല്‍കാത്തതിനെതിരെ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുമോ?

5. കെഎസ്ആര്‍ടിസിയില്‍ തീര്‍ത്ഥാടന യാത്ര, ടൂറിസം യാത്ര എന്നിവയുള്‍പ്പെടെ എല്ലാ യാത്രകള്‍ക്കും എല്ലാ ബസ്സുകളിലും എല്ലാ സ്ത്രീകള്‍ക്കും സൗജന്യമെന്ന വാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ചതിനെതിരെ പത്രസമ്മേളനം നടത്തുമോ?

6. അദാനി ഗ്രൂപ്പിന്റെ ഫ്ലൈറ്റില്‍ ദുരൂഹമായ മംഗലാപുരം യാത്രയെക്കുറിച്ചും എന്‍ഡിഎ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും തുറമുഖ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയും ചെയ്തതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

7. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ വേദിയില്‍ ഒരു മതത്തിന്റെ ദേവതകളെ മാത്രം പ്രകീര്‍ത്തിക്കുന്ന വന്ദേമാതരം ചൊല്ലിയത് ശരിയാണോ?

8. ന്യൂനപക്ഷ വോട്ടുകള്‍ വെട്ടിക്കളയാന്‍ ലക്ഷ്യമാക്കിക്കൊണ്ടുവന്ന എസ്ഐആര്‍ കേരളത്തില്‍ നടപ്പാക്കാന്‍ നേതൃത്വം കൊടുത്തയാളെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആക്കിയതും 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന മഹത്തായ സന്ദേശം മലയാളികളെ ഉല്‍ബോധിപ്പിച്ച ശ്രീനാരായണഗുരുവിന്റെ പരിപാവന കേന്ദ്രമായ ശിവഗിരിയില്‍ വര്‍ഗ്ഗീയവാദിയായ നരേന്ദ്രമോദിയെ ക്ഷണിച്ചപ്പോള്‍ നടന്ന പ്രതിഷേധ സമരം തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്ത ടി കെ ഗോവിന്ദന്‍ മാസ്റ്ററും പയ്യന്നൂരില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത വി കുഞ്ഞികൃഷ്ണനും അന്ന് മോദിയെ ക്ഷണിച്ചതിനെ ന്യായീകരിച്ച സംഘി പുത്രനെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ആക്കിയതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

9. എം.ജി. യൂണിവേഴ്സിറ്റി വിസിയായി സംഘപരിവാര്‍ നേതാവിനെയും 19 ആര്‍എസ്എസുകാരെ സെനറ്റ് അംഗങ്ങളാക്കിയും നിയമിച്ചത് ശരിയാണോ?

10. കെ.എസ്ഇബിയും കെഎസ്ആര്‍ടിസിയും വാട്ടര്‍ അതോറിറ്റിയും സ്വകാര്യവല്‍ക്കരിക്കുമെന്നും കിഫ്ബി മുഖേനയുള്ള വികസന പദ്ധതികള്‍ നിര്‍ത്തലാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനെതിരെ നിയമസഭയില്‍ കോളിംഗ് അറ്റന്‍ഷന്‍ കൊണ്ടുവരുമോ? പയ്യന്നൂര്‍ തളിപ്പറമ്പ് മണ്ഡലങ്ങളിലെ മുന്‍ എംഎല്‍എമാരും എല്‍ഡിഎഫ് സര്‍ക്കാരും അനുവദിച്ച വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുമോ, അല്ല മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെ നിര്‍ത്തലാക്കുമോ?

ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞിട്ടു പോരെ സിപിഎമ്മിന്റെ മേല്‍ കുതിരകയറാന്‍?

News Now

Summary

MV Jayarajan raises questions to TK Govindan and V Kunjikrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates